തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ടൂറിസം വകുപ്പ് നടപ്പാക്കുന്ന മിയാവാക്കി വനവത്ക്കരണ പദ്ധതിയില്‍ വന്‍ ക്രമക്കേട്. മിയാവാക്കി വനവത്ക്കരണത്തില്‍ മുന്‍പരിചയമില്ലാത്ത ഏജന്‍സിക്ക് കരാര്‍ നല്‍കുന്നതിനാണ് ടെന്‍ഡറില്‍ കൃത്രിമം നടത്തിയത്. 5.79 കോടി രൂപയ്ക്കാണ് കള്‍ച്ചറല്‍ ഷോപ്പി എന്ന കണ്‍സോര്‍ഷ്യത്തിന് ടൂറിസം വകുപ്പ് കരാര്‍ നല്‍കിയത്.
വളരെ ചെറിയ പ്രദേശത്ത് നിബിഡവനം തയാറാക്കുന്ന ജപ്പാനീസ് പദ്ധതിയാണ് മിയാവാക്കി. കുറഞ്ഞകാലം കൊണ്ട് ചെറിയപ്രദേശത്ത് നിബിഡവനം വച്ചുപിടിപ്പിക്കാമെന്നതാണ് മിയവാക്കി വനവത്കരണം കൊണ്ടുള്ള നേട്ടം. പരിസ്ഥിതി സംരക്ഷണമെന്ന പേരിലാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്. കോടികളാണ് പദ്ധതിയുടെ പേരില്‍ കരാറുകാര്‍ക്ക് നല്‍കുന്നത്. 5.79 കോടി ചെലവിട്ട് 12 ജില്ലകളിലെ 22 ടൂറിസം കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.
കള്‍ച്ചറല്‍ ഷോപ്പി, നേച്ചര്‍ ഗ്രീന്‍ ഗാര്ഡിയന്, ഇന്‍വിസ് മള്‍ട്ടിമീഡിയ എന്നീ കമ്പനികള്‍ ചേര്‍ന്ന കണ്‍സോര്‍ഷ്യത്തിനാണ് ടൂറിസം വകുപ്പ് കരാര്‍ നല്‍കിയത്. സംസ്ഥാന വ്യാപകമായി മിയാവാക്കി പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ടെന്‍ഡര്‍ വിളിച്ചപ്പോള്‍ പങ്കെടുക്കാനുള്ള പ്രധാന യോഗ്യതയായി ടെന്‍ഡറില്‍ പറഞ്ഞിരിക്കുന്നത് കേരളത്തില്‍ മിയാവാക്കി പദ്ധതി നടത്തിയുള്ള പരിചയമാണ്. കൂടാതെ സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് മുന്‍പ്
ഏതെങ്കിലും ഒരു പദ്ധതി നടപ്പാക്കിയവരുമാകണം. മിയാവാക്കി സ്ഥാപിക്കാന്‍ മുന്‍ പരിചയമില്ലാതിരുന്ന കള്‍ച്ചറല്‍ ഷോപ്പിക്ക് തിരുവനന്തപുരം കനകകുന്നില്‍ ടൂറിസം വകുപ്പ് അനുമതി നല്‍കിയിരുന്നു. അവര്‍ക്ക് കരാര്‍ ലഭിക്കാന്‍ വേണ്ടിയാണ് ടെന്‍ഡറില്‍ ക്രമക്കേട് നടത്തിയതെന്നാണ് ആക്ഷേപം.
ഒരു സെന്റിന് മൂന്നു ലക്ഷം രൂപയാണ് മിയാവാക്കി വനത്തിനായി കള്‍ച്ചറല്‍ ഷോപ്പിക്ക് നല്‍കുന്നത്. കേരളത്തിന് പുറത്തുള്ള പല കമ്പനികളും ഇതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ മിയാവാക്കി വനം വച്ചു പിടിപ്പിക്കാന്‍ തയാറായിരുന്നെങ്കിലും അവരെ ഒഴിവാക്കാനാണ് ടെന്‍ഡറില്‍ കൃത്രിമം നടത്തിയത്. പദ്ധതിക്ക് കരാര്‍ നല്‍കിയതില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നാണ് ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: