തിരുവനന്തപുരം: എല്‍ഡിഎഫും എസ്ഡിപിഐയുമായുള്ള ബന്ധത്തിനു പുറമേ യുഡിഎഫും വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യവും ചര്‍ച്ചയാകുന്നു. മുസ്ലിം തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമാണ് വെല്‍ഫെയര്‍ പാര്‍ട്ടി. ഇവരുടെ നേതാക്കളുമായി നേരത്തെ കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തുകയും ചര്‍ച്ച ആരംഭിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇത് പുറത്തുവരികയും യുഡിഎഫ്, പ്രത്യേകിച്ച് കോണ്‍ഗ്രസ് വെട്ടിലാകുകയും ചെയ്തതോടെ തങ്ങള്‍ക്ക് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമില്ലെന്ന് ആവര്‍ത്തിക്കുകയാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍. എന്നാല്‍, ഇവര്‍ പറയുന്നത് പച്ചക്കള്ളമാണെന്നാണ് വെളിവാകുന്നത്.
കേരളത്തില്‍ പലയിടങ്ങളിലും യുഡിഎഫും വെല്‍ഫെയര്‍ പാര്‍ട്ടിയും തമ്മില്‍ സഖ്യമുണ്ട്, അത് പുറത്തുവന്നാല്‍ തിരിച്ചടി ഭയന്നാണ് യുഡിഎഫ് ഇക്കാര്യം നിഷേധിക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടിക്ക് സ്വാധീനമുള്ളയിടങ്ങളില്‍ എല്ലാം അവര്‍ യുഡിഎഫുമായി സഖ്യത്തിലാണ്. ഇവര്‍ സംയുക്ത സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. കോഴിക്കോട് മുക്കം മുനിസിപ്പാലിറ്റില്‍ നാലു സീറ്റുകളില്‍ യുഡിഎഫ്-വെല്‍ഫെയര്‍ പാട്ടി സഖ്യമാണ് മത്സരിക്കുന്നത്.
കൊടുവള്ളി നഗരസഭയിലെ രണ്ട് ഡിവിഷനുകളിലും, ചങ്ങരോട്ട്, കാരശ്ശേരി, കൊടിയത്തൂര്‍, അരിക്കുളം, തിരുവള്ളൂര്‍, കുറ്റ്യാടി, വേളം, വാണിമേല്‍, തുടങ്ങിയ പഞ്ചായത്തുകളിലും തൂണേരി ബ്ലോക്ക് ഡിവിഷനിലും യുഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യമുണ്ട്. പെരുമ്പടപ്പ് പഞ്ചായത്തില്‍ അടക്കം മലപ്പുറം ജില്ലയിലെ ചിലയിടങ്ങളിലും ഈ സഖ്യം മത്സരിക്കുന്നു. തീവ്രവര്‍ഗീയ പാര്‍ട്ടികളുമായുള്ള സഖ്യം യുഡിഎഫ് മൂടിവയ്ക്കുകയാണ്.
നേരത്തെ മുതല്‍ എല്‍ഡിഎഫും പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ എസ്ഡിപിഐയുമായി ബന്ധമുണ്ട്. ഇക്കാര്യം മൂടിവയ്ക്കുകയാണ് അവരും. പിണറായി സര്‍ക്കാര്‍ മുസ്ലിം പ്രീണനം ശക്തമാക്കിയതായി കത്തോലിക്കാ സഭ പോലും ഇതിനകം പറഞ്ഞു കഴിഞ്ഞു. സ്കോളര്‍ഷിപ്പ് അടക്കമുള്ള പല കാര്യങ്ങളിലും ഫണ്ടിന്റെ 80 ശതമാനവും ഒരു വിഭാഗത്തിനു മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. മുന്‍പ് ഇടതു പക്ഷവും വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: