ഇക്കഴിഞ്ഞ ആഴ്ചകളിലായി വി.പി. മേനോന്റെ ജീവചരിത്രം വായിക്കാന്‍ അവസരം ലഭിച്ചു. ഒറ്റപ്പാലത്തെ വപ്പാല തറവാട്ടിലെ പങ്കുണ്ണി മേനോന് സ്വതന്ത്രഭാരതത്തെ സ്നേഹിക്കുന്നവര്‍ക്ക് അവിസ്മരണീയനാണ്. അവിശ്വസനീയമാംവിധം അപൂര്‍വതയാര്‍ന്ന ആ ജീവിതം ഇന്ന് ഏത്രപേരോര്ക്കുന്നു! ഭാരതം സ്വാതന്ത്ര്യം കൈവരിച്ചപ്പോല് ഒട്ടേറെ പ്രവിശ്യകളും അറുനൂറിലേറെ സ്വതന്ത്ര നാട്ടു രാജ്യങ്ങളുമായി വിഭജിക്കപ്പെട്ടിരുന്നു. രാജ്യം മതത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടായി വിഭജിക്കപ്പെട്ട മുറിവുകളില്‍നിന്നും ചോരപ്പുഴകള്‍ ഒഴുകിക്കൊണ്ടിരുന്നു. ഭാരതത്തിലേക്കും പാക്കിസ്ഥാനിലേക്കുമായി അഭയാര്‍ത്ഥികളുടെ നിലയ്ക്കാത്ത പ്രവാഹവും ഉണ്ടായി. രാഷ്ട്രീയ നേതൃത്വം വിശേഷിച്ചും ഭാരതത്തിലേത് എന്തു ചെയ്യണമെന്നറിയാതെ ഉഴലുകയായിരുന്നു. മന്ത്രിസഭയിലെ രണ്ടാം സ്ഥാനക്കാരനായിരുന്ന സര്‍ദാര്‍ വല്ലഭഭായി പട്ടേല്‍ ആ പരിതസ്ഥിതിയില്‍ ആശ്രയിക്കാവുന്ന ആളായി കണ്ടത് ഏറ്റവും ഉയര്‍ന്ന റിഫോംസ് വകുപ്പ് കമ്മീഷണറായിരുന്ന വി.പി. മേനോനെ ആയിരുന്നു.
ഇന്ത്യയില്‍ ജോലി ചെയ്തിരുന്ന വെള്ളക്കാരും നാട്ടുകാരുമായ ഉയര്‍ന്ന ഐസിഎസ് പുംഗവന്മാരുടെയൊക്കെ മേലയായിരുന്നു അന്ന് വി.പി. മേനോന്റെ പദവി. പട്ടേല്‍ മേനോനെയാണ് ഇവിടത്തെ നാട്ടുരാജ്യങ്ങളെ കൈകാര്യം ചെയ്യാന്‍ സ്റ്റേറ്റ് സെക്രട്ടറിയായി നിയമിച്ചത്. 1946 ലെ ഇടക്കാല സര്‍ക്കാരിന്റെ ഭരണകാലത്ത് ലഭിച്ച ആ ചുമതല ഏറ്റെടുത്ത അദ്ദേഹം 1947 ആഗസ്റ്റ് 15 ന് മുന്‍പ് കശ്മീരും ഹൈദരാബാദും ഒഴികെയുള്ള എല്ലാ രാജ്യങ്ങളിലെയും രാജാക്കന്മാരെയും ഭാരതത്തില്‍ ചേരാന്‍ സമ്മതിപ്പിച്ചു. കശ്മീര്‍ പ്രശ്നം പ്രധാനമന്ത്രി നെഹ്റു നേരിട്ടു കൈകാര്യം ചെയ്തു. ആ രാജ്യത്തിന്റെ പ്രശ്നം കഴിഞ്ഞവര്‍ഷം നരേന്ദ്ര മോദിയാണ് തീര്‍ത്തത്. ഹൈദരാബാദിലും ജുനാഗഡിലും ചെറിയൊരു ‘കൈക്രിയ’ വേണ്ടി വന്നു. ഭോപ്പാലിലെ നവാബ് കൈക്രിയക്കു മുന്‍പുതന്നെ സമ്മതിച്ചു.
അതിനുശേഷവും സംസ്ഥാന പുനഃസംഘടനയെന്ന പ്രക്രിയയ്ക്കും സൂത്രധാരത്വം സര്‍ദാര്‍ പട്ടേല്‍ മേനോനെതന്നെയേല്പ്പിച്ചു. ഹൈദരാബാദ് പോലുള്ള, പല യൂറോപ്യന്‍ രാജ്യങ്ങളുടെ തുല്യ വലിപ്പമുള്ള രാജാക്കന്മാരെക്കൊണ്ട് തങ്ങളുടെ രാജാധികാരം കൈയൊഴിഞ്ഞ് ജനായത്തത്തിന് വഴിമാറുന്നതിന് സമ്മതിപ്പിക്കുന്ന അതികഠിനമായ കൃത്യം വി.പി. മേനോന് നിര്വഹിച്ചതെങ്ങനെയെന്നതിന്റെ ഉദ്വേഗകരമായ വിവരം പുസ്തകത്തില്‍നിന്നു ലഭിക്കുന്നു.
1960 കളില്‍ സേവനനിവൃത്തനായ ശേഷം വി.പി. മേനോന് ഇതിഹാസ തുല്യമായ രണ്ടു പുസ്തകങ്ങള്‍ എഴുതി. ട്രാന്‍സ്ഫര്‍ ഓഫ് പവര്‍ ഇന്‍ ഇന്ത്യ. 1947 ല്‍ ബ്രിട്ടീഷ് ഭരണമേധാവികള്‍ ഭാരതത്തിന്റെ ഭരണാധികാരം ഭാരതീയര്‍ക്കു കൈമാറിയതിന്റെ ഔപചാരിക വിവരണമാണത്. ആ സമയത്ത് ബ്രിട്ടീഷ് വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റന്, അദ്ദേഹത്തിന്റെ മുന്‍ഗാമിമാരായിരുന്ന വേവല്‍, ലിന്ലിത്നോ എന്നിവരുമായി റിഫോംസ് കമ്മീഷണര്‍ എന്ന നിലയ്ക്കു വി.പി. മേനോന് നടത്തിയ ഇടപെടലുകള്‍, മറ്റു യൂറോപ്യന്‍ ഐസിഎസ് ഉന്നതന്മാരുടെ ഇന്ത്യക്കാരോടുള്ള അവജ്ഞയെ അലിയിച്ചു കളയാന്‍ പോന്ന മേധാശക്തിയുടെ പ്രകടനം എന്നിവയും ആ പുസ്തകത്തില്‍ ഉണ്ട്. ഇന്റഗ്രേഷന്‍ ഓഫ് ഇന്ത്യന്‍ സ്റ്റേറ്റ്സ്-നാട്ടുരാജ്യങ്ങളെ ഭാരത യൂണിയനില്‍ ചേര്‍ക്കാന്‍ നടത്തിയ ഭഗീരഥ പ്രയത്നം. അതിനായി പ്രയോഗിക്കപ്പെട്ട ചതുരുപായങ്ങള്‍. ഇവയൊക്കെ തന്റെ സഹജമായ അന്തസ്സോടെ രേഖപ്പെടുത്തി.
ആരൊക്കെയായിരുന്നു ഈ രാജാക്കന്മാര്. സൂര്യനിലും ചന്ദ്രനിലും നിന്ന് വംശോല്പ്പത്തി അവകാശപ്പെടുന്ന മഹാരാജാധിരാജന്മാര്. ലക്ഷം ചതുരശ്രമൈല്‍ വിസ്തൃതിയുള്ള ഭൂപ്രദേശത്തിന്റെ അധിപന്മാര്, തിരുവിതാംകൂറിലെ അവസാനത്തെ രാജാവായിരുന്ന ശ്രീചിത്തിര തിരുനാളിന്റെ വിശേഷണം തിരുവനന്തപുരത്തെ തെക്കെത്തെരുവിലെ ക്ഷേത്ര പ്രവേശന വിളംബര സ്മാരകത്തില്‍ വിളംബരത്തോടൊപ്പം കൊത്തിവെച്ചിരിക്കുന്നതു വായിക്കാം. ശ്രീപത്മനാഭദാസ വഞ്ചിപാല സര് ബാലരാമവര്‍മ്മ കുലശേഖര കിരീടപതി മന്നേ സുല്‍ത്താന്‍ മഹാരാജ രാജ രാമരാജബഹാദൂര്‍ ഷംഷേര്‍ ജംഗ് ഗ്രാന്‍ഡ് കമാന്‍ഡര്‍ ഓഫ് ദ ഇന്ത്യന്‍ എംപയര്‍, നൈറ്റ് കമാന്‍ഡര്‍ ഓഫ് ദി ഇന്ത്യന്‍ എമ്പയര്‍, തിരുമനസ്സുകൊണ്ട്. ഇതിനേക്കാള്‍ നീളമുള്ള സ്ഥാനമാനങ്ങളുള്ള രാജാക്കന്മാരുമുണ്ടായിരുന്നു. ഗുജറാത്തിലെ സൗരാഷ്ട്ര ഭാഗത്ത് ഒരു രാജാധിരാജന്റെ സാമ്രാജ്യ വിസ്തൃതി ഇരുപത്തിയേഴ് ഏക്കറായിരുന്നു.
ഇവരെയൊക്കെ ഒറ്റയ്ക്കും കൂട്ടായും മുഖം കാണിച്ച് രാമായണ-മഹാഭാരത കാലം മുതലുള്ള പാരമ്പര്യത്തെ ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ച് വിജയം വരിക്കുക എന്ന കൃത്യം സാധ്യമാക്കിയതിന്റെ ഔദ്യോഗിക വിവരണമാണ് ഇന്റഗ്രേഷന്‍ ഓഫ് ഇന്ത്യന്‍ സ്റ്റേറ്റ്സ്. ആ സംരംഭത്തിനിടയില്‍ നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിന്റെ പരമൗന്നത്യത്തിലെ സ്വാര്‍ത്ഥ ചിന്തയും അല്പ്പത്തങ്ങളും, അതിനിടയില്‍ പെട്ട് മേനോനുണ്ടായ അപമാനവും ആ പുസ്തകത്തിലില്ല. അത് ജീവചരിത്രത്തില്‍നിന്ന് അറിയാന്‍ കഴിയും. ഈ സംരംഭത്തിനിടയില്‍ അദ്ദേഹത്തിന് സര്‍ദാര്‍ പട്ടേല്‍ കലവറയില്ലാത്ത പിന്തുണ നല്കി. കശ്മീര്‍ കാര്യത്തിലും ഹൈദരാബാദ് കാര്യത്തിലും പ്രധാനമന്ത്രി നെഹ്റു ഉടക്കുകള്‍ വച്ചു. പട്ടേല്‍ അന്തരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ ആഭ്യന്തര വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കുപോലും അദ്ദേഹം അനുമതി നിഷേധിച്ചു. അതു വകവെക്കാതെ ഒരു വിമാനം ചാര്‍ട്ടര്‍ ചെയ്തു വി.പി. മേനോന് അവരെ ബോംബെയില്‍ കൊണ്ടുപോയി.
നാട്ടുരാജാക്കന്മാരുടെ സ്വാര്ഥാഹങ്കാരത്തെക്കുറിച്ച് ഒട്ടേറെ പരാമര്‍ശിച്ച വി.പി. മേനോന് കൊച്ചി രാജാവായിരുന്ന രാമവര്‍മ്മ പരീക്ഷിത്തു തമ്പുരാനെ മുക്തകണ്ഠം പ്രശംസിക്കുന്നുണ്ട്. തിരുവിതാംകൂറുമായി ലയിച്ച് രാജപദവി പരിത്യജിക്കുന്ന സമയത്ത് തനിക്കു എന്തവകാശങ്ങള്‍ കൈവശം വെക്കണമെന്നന്വേഷിച്ചപ്പോള് തമ്പുരാന് ആവശ്യപ്പെട്ടത് എല്ലാ വര്‍ഷവും സര്‍ക്കാര്‍ പ്രസിദ്ധീകരിക്കുന്ന പഞ്ചാംഗത്തിന്റെ ഏതാനും പ്രതികള്‍ സൗജന്യമായി ലഭിക്കണമെന്ന് ആയിരുന്നുവത്രേ. കുന്നുമ്മല്‍ കൊട്ടാരവും രാജകുടുംബാംഗങ്ങള്‍ താമസിച്ചിരുന്ന കെട്ടിടങ്ങളും അവര്‍ക്കു തന്നെ നല്കണമെന്നുള്ള തീരുമാനം മേനോന് സ്വന്തം നിലയ്ക്കു വെച്ചതാണന്നാണറിയുന്നത്. രാജ്യത്ത് റെയില്‍വേ കൊണ്ടുവരുന്ന ചെലവിലേക്ക് പൂര്‍ണത്രയീശ ക്ഷേത്രത്തിലെ സ്വര്‍ണവസ്തുക്കള്‍ കൊടുത്ത പൂര്‍വികരുടെ പാരമ്പര്യം അദ്ദേഹം പിന്തുടരുകയായിരുന്നു.
സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ നമുക്ക് ലഭിച്ച രാജ്യത്തെ ഭദ്രമായി, സുരക്ഷിതമായി നിലനിര്‍ത്തുന്നതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്ത വി.പി.മേനോന് ഔപചാരികമായ ഉന്നത വിദ്യാഭ്യാസം സിദ്ധിച്ചയാളായിരുന്നില്ല. ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പരീക്ഷയ്ക്കു ജയിപ്പിക്കാഞ്ഞ കൃഷ്ണമാചാരി എന്ന ഹൈഡ്മാസ്റ്ററോട് അരിശം തീര്‍ക്കാന്‍ സ്കൂളിന് തീവെച്ച് നാടുവിട്ട കഥ പ്രസിദ്ധമാണ്. നാടുവിട്ട് കോളാര്‍ സ്വര്‍ണ ഖനികളില്‍ കൂലിപ്പണിയെടുത്തും, ബോംബേയിലെ തെരുവുകളിലലഞ്ഞും, ടൈപ്പ് പഠിച്ചും, തന്നോടിഷ്ടം തോന്നിയ ഒരാളുടെ കൂടെ ദല്‍ഹിയില്‍ ചെന്ന് പല പണികളെടുത്തും അലയുകയായിരുന്നു. തെറ്റില്ലാതെ ടെപ്പ് ചെയ്യാന്‍ കഴിഞ്ഞതിനാല്‍ പണിക്കു ബുദ്ധിമുട്ടുണ്ടായില്ല. കണ്ണൂര്ക്കാരന് കൊറ്റിയത്ത് അനന്തന് എന്നയാളുമായുള്ള സൗഹൃദവും ഒട്ടേറെ ഉപകാരം ചെയ്തു. വേനല്‍ക്കാലത്ത് സിംലയില്‍ കേന്ദ്ര ഭരണത്തിന്റെ ആസ്ഥാനമായിരിക്കുമ്പോള് ഈ തൊഴിലില്‍ പുരോഗതിയുണ്ടായി. 1917 മുതല്‍ സര്‍ക്കാരിന്റെ ഭാഗമായി.
1930 ല്‍ ലണ്ടനില്‍ വട്ടമേശ സമ്മേളനത്തിനുപോയ വൈസറായിയുടെ സംഘത്തില്‍ വെള്ളക്കാരനല്ലാത്ത ഒരേ ഒരംഗം വി.പി. മേനോനായിരുന്നു. ഒട്ടേറെ വെളുത്ത നെറ്റികള്‍ ചുളിഞ്ഞുവെങ്കിലും അതൊഴിവാക്കാന് സാധ്യമല്ലാത്തവിധം അദ്ദേഹം സര്‍ക്കാര്‍ വിവരങ്ങള്‍ വിരല്തുമ്പിലാക്കിക്കഴിഞ്ഞിരുന്നു. റിഫോംസ് കമ്മീഷണിലാണദ്ദേഹം പിന്നീട് പ്രവര്‍ത്തിച്ചത്. മിന്റോ മോര്‍ലി, മൊണ്ടേഗ് ചെംസ്ഫോര്സ് എന്നീ പരിഷ്കാരങ്ങളുടെ മുഴുവന്‍ രേഖകളും തയാറാക്കുന്നതില്‍ മേനോന്റെ പങ്കാളിത്തമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പിന്നീടു രൂപംകൊണ്ട് 1935 ലെ ഭരണഘടനാ രേഖകള്‍ തയാറാക്കുന്നതിലും അദ്ദേഹമുണ്ടായിരുന്നു. കമ്മീഷന്റെ തലവന്‍ സായിപ്പായിരുന്നു. വേവല്‍ വൈസറായിയായിരിക്കെ, സായിപ്പിന് തൃപ്തികരമായി കാര്യങ്ങള്‍ വിവരിക്കാന്‍ കഴിയാതെ മേനോനെ വിളിച്ചപ്പോള്‍, ആ സ്ഥാനം അദ്ദേഹത്തിനു നല്കപ്പെട്ടു.
ഭരണരംഗത്ത് അദ്ദേഹത്തിനു തുല്യനായി ഒരാളെ കേരളത്തിനു നല്കാന് കഴിഞ്ഞിട്ടില്ല. അദ്ദേഹത്തെ അനുസ്മരിക്കാന്‍ കാര്യമായ ഒന്നും കേരളത്തിലില്ല, ഒറ്റപ്പാലത്തുപോലും ഉണ്ടോ എന്നറിയില്ല. അദ്ദേഹത്തിന്റെ ദൗഹിത്രി നാരായണി ബസുവാണ് ജീവചരിത്രം എഴുതിയത്. അക്കാദമിക യോഗ്യതയും പരിശീലനവും രാഷ്ട്രീയ പിന്തുണയുമല്ല ഒരാളെ ഔന്നത്യത്തിലെത്തിക്കുന്നതെന്നതിന് വി.പി.മേനോന് ഉദാഹരണമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: