കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പങ്കുള്ള മൂന്ന് മന്ത്രിമാരുടെ പേര് വെളിപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന് തയ്യാറാകണം. അവരെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുള്ള മന്ത്രിമാര്‍ ആരൊക്കെയാണെന്നറിയാന്‍ ജനങ്ങള്‍ക്ക് താല്പര്യമുണ്ട്. ഇവര്‍ മന്ത്രിമാരായി തുടരുന്നത് നിയമ വിരുദ്ധമാണ്. കൂടാതെ രാഷ്ട്ര സുരക്ഷയ്ക്ക് അപകടവുമാണെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിമാരുടേയും അവരുടെ ആശ്രിതരുടേയും കൈകളിലേക്കാണ് റിവേഴ്സ് ഹവാലപണം എത്തുന്നതെങ്കിലും അതിന്റെ ഒരു ഭാഗം ദേശവിരുദ്ധശക്തികളും പ്രയോജനപ്പെടുത്തുന്നുണ്ട്. സേനാനായകനില്ലാത്ത സൈന്യമായി സിപിഎമ്മും എല്‍ഡിഎഫും മാറിക്കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് യുദ്ധക്കളത്തില്‍ നിന്ന് തോറ്റോടി. പിണറായിക്ക് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ആത്മവിശ്വാസം തന്നെ നഷ്ടമായി. മുഖ്യമന്ത്രിയെ മുന്നില്‍ നിര്‍ത്തി പ്രചാരണം നടത്താന്‍ അണികള്‍ക്ക് താല്പര്യമില്ല. പോസ്റ്ററുകളില്‍ മുഖ്യമന്ത്രിയുടെ ചിത്രം അച്ചടിച്ചാല്‍ ജയിക്കാനുള്ള സാധ്യത ഇല്ലാതാകുമെന്ന തിരിച്ചറിവാണ് പിണറായിയുടെ ചിത്രം പോസ്റ്ററുകളില്‍ നിന്ന് അപ്രതീക്ഷമായതിന് പിന്നിലെ കാരണം.
സിപിഎമ്മിനെ ഉപേക്ഷിക്കാന്‍ അണികള്‍ത്തന്നെ തയാറാകും. കൊറോണയുള്ള സാഹചര്യത്തില്‍ പാര്‍ട്ടിയുടെ നിര്‍ദേശ പ്രകാരമാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് പിണറായി വിട്ടുനില്‍ക്കുന്നതെന്നാണ് എം.എ. ബേബിയുള്പ്പടെയുള്ളവരുടെ ന്യായീകരണം. എന്നാല്‍ ജനങ്ങളെ ഭയന്നാണ് പിണറായി പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാത്തത്. കൂടാതെ പ്രചാരണവേളയില്‍ അറസ്റ്റ് ഉണ്ടാകുമോയെന്ന ഭയവുമുണ്ടെന്ന് കൃഷ്ണദാസ് അഭിപ്രായപ്പെട്ടു. മാര്‍ക്സിസ്റ്റ് പാര്‍ട്ടി നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണ്. ഇത് പാര്‍ട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണ്.
യുഡിഎഫ് സര്‍ക്കാര്‍ അഴിമതിയും അവിഹിത പൂര്‍ണമായ ഭരണമാണ് കാഴ്ചവച്ചതെങ്കില്‍ സിപിഎമ്മിന്റേത് അക്രമ- അധോലോക രാഷ്ട്രീയവുമാണ്. അതുകൊണ്ടുതന്നെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത്തവണ മുന്നേറ്റം നടത്തുന്നത് ബിജെപിയും ജനാധിപത്യ സഖ്യവുമായിരിക്കും. അതുവഴി പുതു രാഷ്ട്രീയ മുന്നേറ്റവുമുണ്ടാകും. മോദി തരംഗം ഇന്ത്യയിലാകെ അലയടിക്കുമ്പോള്‍ കേരളത്തിലും അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പി.കൈ. കൃഷണദാസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: