ചരിത്രം തുടിക്കുന്ന ശംഖുംമുഖത്ത് സാഗരം സാക്ഷിയായി ഭാരതീയ ധര്‍മ്മ ജന സേന (ബിഡിജെഎസ്) പിറന്ന് വീണിട്ട് ഇന്ന് അഞ്ച് വര്‍ഷം. രാഷ്ട്രീയ പ്രബുദ്ധമായ സംസ്ഥാനത്ത് നൂറുകണക്കിന് പാര്‍ട്ടികള്‍ ജനിക്കുകയും മരിക്കുകയും ചെയ്തിട്ടുണ്ട്. അഞ്ച് വര്‍ഷം പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ ഒരു കാലഗണനയുമല്ല. പക്ഷേ പിറവിയെടുത്ത് മാസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്തെ രാഷ്ട്രീയ മണ്ഡലങ്ങളില്‍ ശക്തമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ബിഡിജെഎസിന് കഴിഞ്ഞിട്ടുണ്ട്. അത് ആ പാര്‍ട്ടിയുടെ അനിവാര്യതയെയാണ് ചൂണ്ടിക്കാട്ടുന്നത്.
സംസ്ഥാന രാഷ്ട്രീയം ന്യൂനപക്ഷ കക്ഷികളുടെ കൈപ്പിടിയിലൊതുങ്ങുകയും ഇടതു, വലതുമുന്നണികള്‍ ജനങ്ങളെ തഴയുകയും അഴിമതിയും കെടുകാര്യസ്ഥതയും സര്‍വവ്യാപിയാവുകയും ചെയ്ത ഘട്ടത്തില്‍ ഉദിച്ചുയരാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു ബിഡിജെഎസ്. കേരളത്തെ ഗ്രസിച്ച അര്‍ബുദമാണ് വോട്ട് ബാങ്ക് രാഷ്ട്രീയം അത് തിരിച്ചറിഞ്ഞിട്ടും എന്ത് വിട്ടുവീഴ്ച ചെയ്തും അധികാരം നിലനിര്‍ത്തുകായിരുന്നു ഇടതു, വലതു പാര്‍ട്ടികള്‍.
നരേന്ദ്ര മോദി നേതൃത്വം വഹിക്കുന്ന ബിജെപിയുടെ ഘടകകക്ഷിയാകാന്‍, ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമാകാന്‍ കിട്ടിയ അവസരമാണ് ബിഡിജെഎസിന്റെ വളര്‍ച്ചയ്ക്ക് പ്രോത്സാഹനം. കേരളത്തിലെ അടിസ്ഥാന വര്‍ഗങ്ങളുടെയും അവഗണിക്കപ്പെട്ട സമൂഹങ്ങളുടെയും കൈകളിലെ പന്തവും ആയുധവുമാകാന്‍ അങ്ങിനെ ബിഡിജെഎസിനായി.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കന്നിയങ്കം കുറിച്ച ബിഡിജെഎസ് നിര്‍ണായക ശക്തിയാണെന്ന് തെളിയിച്ചു. എന്‍ഡിഎയുടെ ആദ്യ പ്രതിനിധിക്ക് കേരള നിയമസഭയിലേക്ക് കടന്നുകയറാനായതില്‍ ബിഡിജെഎസിന്റെ പിന്തുണ കൂടിയുണ്ട്. നിരവധി മണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമമാത്രമായ വോട്ടുകള്‍ക്കാണ് വിജയം അകന്നുപോയത്. ഈ തദ്ദേശ തെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിന്റെ ഗതി മാറ്റിയെഴുതും .
ഐഐടി, എയിംസ്, കാര്‍ഷിക സബ്സിഡികള്‍, റോഡ് വികസന ഫണ്ട്, പരമ്പരാഗത വ്യവസായ പുനരുദ്ധാരണം, ആഴക്കടല്‍ മത്സ്യബന്ധന പ്രോത്സാഹനം തുടങ്ങി കേരളത്തിന് വേണ്ട നിരവധി പദ്ധതികളെക്കുറിച്ച് ബന്ധപ്പെട്ട കേന്ദ്രമന്ത്രിമാരുമായി ബിഡിജെഎസ് നേതൃത്വം നിവേദനങ്ങള്‍ നല്‍കുകയും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
നരേന്ദ്ര മോദി സര്‍ക്കാര്‍ ആറു വര്‍ഷം പിന്നിടുമ്പോള്‍ ഇന്ത്യ ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ്. ഇന്ത്യന്‍ ജനതയര്‍പ്പിച്ച വിശ്വാസം പാലിച്ചും ചരിത്രപരമായ തീരുമാനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയും കേന്ദ്രംമുന്നോട്ടു പോകുമ്പോള്‍ ബിഡിജെഎസും അതിന്റെ ഭാഗമാണെന്ന അഭിമാനബോധം കേരളത്തിലെ സാധാരണ ജനങ്ങള്‍ക്കുള്ളിലേക്കും പകരുന്നു.
അസാധ്യമെന്ന് പതിറ്റാണ്ടുകളായി പറഞ്ഞിരുന്ന പലതും സാധ്യമാണെന്ന് തെളിയിക്കാന്‍ രണ്ടാം മോദി സര്‍ക്കാരിനു കഴിഞ്ഞു. കശ്മീരിന് പ്രത്യേക പദവി നല്കുന്ന 370ാം വകുപ്പ് ഇല്ലാതാക്കിയും മുസ്ലീം വനിതകളെ തുല്യാവകാശത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിന്റെ ആദ്യപടിയായി മുത്തലാക്ക് അവസാനിപ്പിച്ചതും അയോധ്യ വിധിയെ സൗമ്യമായി കൈകാര്യം ചെയ്തതുമെല്ലാം കരുത്തുറ്റ ഒരു നേതൃത്വത്തെയാണ് കാണിച്ചുതരുന്നത്.
ലോകം മുഴുവന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ വിഷമിക്കുമ്പോള്‍ വലിയ പരിക്കില്ലാതെ ഈ കൊവിഡുകാലത്തും ഇന്ത്യ മുന്നോട്ടു പോകുന്നു എന്നത് നിസാരമല്ല. കേരളത്തിലെ ഏതു മണ്ഡലത്തിലും ജയപരാജയങ്ങള്‍ നിര്‍ണയിക്കാനുള്ള ശേഷി ബിഡിജെഎസ് ആര്‍ജിച്ചത് സത്യസന്ധരായ, കഠിനാദ്ധ്വാനികളായ ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ വിയര്‍പ്പിന്റെ പുണ്യമാണ്. അവരാണ് ഈ പാര്‍ട്ടിയുടെ ജീവന്. അവഗണിക്കപ്പെട്ടു കിടന്ന ഇവരില്‍ നിന്നുള്ള നൂറുകണക്കിന് വനിതകള്‍ ഉള്‍പ്പടെയുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കും നേതൃപദവികളിലേക്കും കൊണ്ടുവരാനും പാര്‍ട്ടിക്കായി. കേരളത്തില്‍ പുതിയൊരു രാഷ്ട്രീയ സംസ്കാരം വളര്‍ത്തിയെടുക്കുകയാണ് ബിഡിജെഎസ് ദൗത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: