സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും എന്നും 51 എന്ന അക്കത്തോട് ഏറെ പ്രിയമാണ്. പാര്‍ട്ടി ശത്രുവിനെ 51 വെട്ടുവെട്ടിയാണ് അവര്‍ ഒഴിവാക്കിയത്. 51 നുണകളുമായാണ് ശബരിമലക്കെതിരെ അവര്‍ സുപ്രീംകോടതില്‍ വാദിച്ചതും. ഭക്തരുടെ നെഞ്ച് പിളര്‍ന്ന ആ നുണകളും കുതന്ത്രങ്ങളും ഒരിക്കലും മറക്കരുത്…പൊറുക്കരുത്….
ശബരിമലയിലെ യുവതീ പ്രവേശം സംബന്ധിച്ച് കേസ് സുപ്രീംകോടതി പരിഗണിച്ചപ്പോള്‍ മുതല്‍ ഇടത് സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനും നുണകള്‍ പടച്ചുവിടുകയായിരുന്നു. യുവതികളെ പ്രവേശിപ്പിക്കണോ എന്ന് പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കണം എന്ന് സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരുന്നു എന്നതായിരുന്നു ആദ്യത്തെ കള്ളം. അത് പൊള്ളത്തരമാണെന്ന് സുപ്രീംകോടതി രേഖകള്‍ തെളിയിച്ചു.
മകരവിളക്കിന് ശേഷം സുപ്രീംകോടതിയില്‍ സുരക്ഷ ആവശ്യപ്പെട്ട് ബിന്ദുവും കനകദുര്‍ഗയും നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ 51 നുണകളുമായി പരമോന്നത നീതിപീഠത്തെപ്പോലും തെറ്റിദ്ധരിപ്പിച്ചത്. 51 യുവതികള്‍ പ്രവേശിച്ചുവെന്നായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. 51 യുവതികളുടെ പേരും ഫോണ്‍നമ്പരും വിലാസവുമുള്ള പട്ടിക സംസ്ഥാന സര്‍ക്കാര്‍ നല്കി. എന്നാല്‍ ആ ലിസ്റ്റില്‍ കനകദുര്‍ഗയുടെയോ ബിന്ദുവിന്റെയോ പേര് ഇല്ല. പട്ടിക പുറത്ത് വന്നതിന് പിന്നാലെ അതിലുള്ള വിവരങ്ങള്‍ അനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് സര്‍ക്കാര്‍ നടത്തിയ കള്ളക്കളി പൊളിഞ്ഞത്.
പട്ടികയിലെ 21-ാം നമ്പര്‍ തമിഴ്നാട് ചെന്നൈ തുണ്ടാളം, നെഹ്റു എന്ന വിലാസത്തിലെ പരംജ്യോതി 48 വയസ്സ് എന്നത് പുരുഷനെന്ന് തെളിഞ്ഞു. പതിനെട്ടാം നമ്പര്‍ കലാവതിയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ലഭിച്ചത് ചെന്നൈ സ്വദേശിയായ ശങ്കര്‍ എന്ന ടാക്സി ഡ്രൈവറെയാണ്. കൂടാതെ 35-ാം നമ്പര്‍ തമിഴ്നാട് സ്വദേശി കല, 42-ാം നമ്പര്‍ തമിഴ്നാട് സ്വദേശി ദൈവ സിഗാമണി എന്നിവരും പുരുഷന്മാരാണെന്ന് തെളിഞ്ഞു. ആദ്യപേരുകാരി പദ്മാവതിക്ക് പട്ടികയില്‍ 48 വയസ്സാണ്. എന്നാല്‍ ഇവരുടെ വോട്ടേഴ്സ് കാര്‍ഡിലെ പ്രായം അനുസരിച്ച് 55 വയസ്സാണ്. 39-ാം നമ്പര്‍ പുഷ്പത്തിന് പട്ടികയില്‍ വയസ്സ് 46 ആണ്. പട്ടികയിലെ നമ്പരില്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തത് 48 വയസ്സുള്ള മകന്. പുഷ്പത്തിന് 63 വയസ്സുണ്ടെന്നും ഇതിന് മുമ്പും ശബരിമലയില്‍ ദര്‍ശനം നടത്തിയെന്നും പറഞ്ഞു.
ഇങ്ങനെ പട്ടികയിലുള്ളവരുടെ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ നില്‍കിയ വിവരങ്ങള്‍ക്ക് കടകവിരുദ്ധമായ മറുപടികളാണ് ലഭിച്ചത്. ചിലരുടെ ഫോണ്‍ എടുക്കുന്നത് യാതൊരു ബന്ധവും ഇല്ലാത്തവരും. മറ്റ് ചിലരുടെ നമ്പര്‍ നിലവിലേ ഇല്ലായിരുന്നു. ഇതെല്ലാം എന്തിന് വേണ്ടിയായിരുന്നു എന്നു വ്യക്തമാണ്. ശബരിമലയുടെ പുണ്യവും പവിത്രതയും തകര്‍ക്കാനുള്ള നീക്കങ്ങള്‍ ഇപ്പോഴും തുടരുകയാണ് ഇടതു സര്‍ക്കാര്‍. അതിന് പുതിയ മാര്‍ഗങ്ങള്‍ തേടുന്നു എന്നു മാത്രം…
പ്രതികരിക്കാൻ ഇവിടെ എഴുതുക: