കൊച്ചി: സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷനിലെ അഴിമതിക്കേസില്‍ പ്രതികള്‍ക്കെതിരെ അന്തിമ റിപ്പോര്‍ട്ട് നല്കുന്നതു തടയാനും വിചാരണ ഒഴിവാക്കാനുമാണ് സര്‍ക്കാര്‍ പ്രോസിക്യൂഷന് അനുമതിയ്ക്കുള്ള അപേക്ഷ നിരസിച്ചതെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. അഴിമതി നിരോധന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ സിബിഐയ്ക്ക് പ്രോസിക്യൂഷന് അനുമതി നിഷേധിച്ചതിനെതിരെ കൊല്ലം സ്വദേശി കടകംപള്ളി മനോജ് നല്കിയ ഹര്‍ജിയിലാണ് സിബിഐയുടെ വിശദീകരണം.
കേസില്‍ സിബിഐ നല്കിയ തെളിവുകള്‍ പരിശോധിക്കാതെയാണ് പ്രോസിക്യൂഷന് അനുമതി നിഷേധിച്ചതെന്നും സുപ്രീം കോടതി വിധി പ്രകാരം നിലവില്‍ ഔദ്യോഗിക പദവിയില്ലാത്തവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം നടപടിക്ക് പ്രോസിക്യൂഷന് അനുമതി വേണ്ടെന്നും സിബിഐ ഹൈക്കോടതിയില്‍ നല്കിയ വിശദീകരണ പത്രികയില്‍ പറയുന്നു. പ്രാദേശിക തലത്തില്‍ നിന്ന് കശുവണ്ടി ശേഖരിക്കാനുള്ള നിര്‍ദ്ദേശം മറികടന്ന് വിദേശത്ത് നിന്നു ഇറക്കുമതി ചെയ്തതിലൂടെ കരാറുകാരായ ജെ.എം.ജെ ട്രേഡേഴ്സിന് അന്യായമായ നേട്ടമുണ്ടായെന്നാണ് കേസ്.
കേസിലുള്‍പ്പെട്ട കോര്പ്പറേഷന് മുന്‍ ചെയര്‍മാനും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റുമായ ആര്. ചന്ദ്രശേഖരന്, മുന്‍ എംഡി കെ.എ. രതീഷ് എന്നിവരെ രക്ഷപ്പെടുത്താനാണ് സര്‍ക്കാര്‍ പ്രോസിക്യൂഷന് അനുമതി നിഷേധിച്ചതെന്നും സിബിഐ പറയുന്നു. 2005-2014 കാലത്ത് കശുവണ്ടി ഇറക്കുമതിക്ക് ഒപ്പുവച്ച പതിനൊന്ന് കരാറുകളില്‍ മൂന്നെണ്ണത്തില്‍ മാത്രം 4.5 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്.
അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം പൊതു സേവകര്‍ ഉള്‍പ്പെട്ട കേസുകളില്‍ അന്വേഷണ ഏജന്‍സി സര്‍ക്കാരിന്റെ മുന്‍കൂര്‍ പ്രോസിക്യൂഷന് അനുമതി വാങ്ങണമെന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇരു പ്രതികളും ഔദ്യോഗിക പദവിയിലില്ലാത്തതിനാല്‍ പ്രോസിക്യൂഷന് അനുമതി ആവശ്യമില്ലെന്നും ഇക്കാര്യം വിവിധ വിധികളില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും സിബിഐ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: