തിരുവനന്തപുരം: കേരളത്തിലെ സിപിഎം നേരിട്ടുകൊണ്ടിരിക്കുന്നത് ചരിത്രത്തിലില്ലാത്ത പ്രതിസന്ധി. എല്ലാം ശരിയാക്കിത്തരാം എന്ന് ജനങ്ങളോട് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയവര്‍ ഒന്നും ശരിയാക്കിയില്ലെന്ന് മാത്രമല്ല, തൊട്ടതിലെല്ലാം വിവാദവും അഴിമതിയും. പാവപ്പെട്ടവര്‍ക്കുള്ള വീട് പദ്ധതിയിലും പ്രളയദുരിതാശ്വാസത്തിലും വരെ കൈയിട്ടുവാരി. സിപിഎം നേതാക്കളുടെ മക്കള്‍ അഴിമതിക്കാരും കള്ളക്കടത്തുകാരും മയക്കുമരുന്നു കച്ചവടക്കാരുമൊക്കെയായി. സാധാരണക്കാരായ അണികളോട് തൊഴിലാളി വര്‍ഗ്ഗ സിദ്ധാന്തം പറയുന്ന നേതാക്കള്‍ കുത്തക മുതലാളിമാരായപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് തെരഞ്ഞെടുപ്പ് പ്രചരണത്തിനുപോലും തലയില്‍ മുണ്ടിട്ടിറങ്ങേണ്ട അവസ്ഥയായി.
സ്പ്രിങ്കഌ കരാര്‍, ലൈഫ് മിഷന് കമ്മീഷന്, കിഫ്ബിയിലെ തട്ടിപ്പ്, കെഎസ്എഫ്ഇയില്‍ ചിട്ടിതട്ടിപ്പ്, സ്വര്‍ണക്കള്ളക്കടത്തിനു മുഖ്യമന്ത്രിയുടെ ഓഫീസ് സഹായം ചെയ്തതു വരെ ഈ സര്‍ക്കാരിനെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. നേതാക്കളും അവരുടെ മക്കളും ചെയ്തുകൂട്ടിയ തെറ്റുകളില്‍പ്പെട്ട് സിപിഎം ഉഴറുമ്പോള്‍ വോട്ടുതേടി വീടുകള്‍ കയറിയിറങ്ങുന്ന സാധാരണ പ്രവര്‍ത്തകര്‍ക്ക് ജനങ്ങളുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉത്തരം മുട്ടുന്നു.
മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഒരേസമയം ആരോപണത്തിന്റെ മുള്‍മുനയിലാകുന്നത് ഇതാദ്യമാണ്. സര്‍ക്കാരിന്റെ കാലാവധി തീരാറായി. തന്റെ ഓഫീസില്‍ നാലര വര്‍ഷമായി ഇത്രയധികം കൊള്ള നടന്നിട്ടും അറിഞ്ഞില്ലെന്ന് പിണറായി വിജയന് പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നത് പോലെയെന്നാണ് പ്രവര്‍ത്തകര്‍ക്കിടയിലെ അഭിപ്രായം.
പരിശുദ്ധനാണെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറഞ്ഞിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ നീക്കം ചെയ്യേണ്ടി വന്നു. മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് ഇഡിയുടെ ചോദ്യം ചെയ്യലിന് തയാറെടുക്കുകയാണ്. പാര്‍ട്ടിയുമായി ഏറെ അടുപ്പമുള്ള രവീന്ദ്രനെ ഇഡി വിളിപ്പിക്കുമ്പോള്‍ സര്‍ക്കാരിനു മാത്രമല്ല സിപിഎമ്മില്‍ തന്നെ ചങ്കിടിപ്പേറുന്നുണ്ട്. രവീന്ദ്രന് അന്വേഷണ ഏജന്‍സികളോടു പറയുന്ന കാര്യങ്ങള്‍ക്കു വിധേയമാണ് ഇനി കേരളത്തിലെ സിപിഎമ്മിന്റെ നിലനില്‍പ്പ്.
തെറ്റു ചെയ്യുന്നവരെ തിരുത്താന്‍ മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ല. കാരണം തന്റെ ഓഫീസ് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ വലയത്തിലാണ്. തിരുത്തേണ്ടയാള്‍ സംശയത്തിന്റെ നിഴലിലായതോടെ മന്ത്രിസഭയിലെ മറ്റംഗങ്ങള്‍ അവരുടെ വഴിക്കായി പ്രവര്‍ത്തനം. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വവും നഷ്ടപ്പെട്ടു. മുഖ്യമന്ത്രി പറയുന്നതിന് വിരുദ്ധ അഭിപ്രായവുമായി സിപിഎമ്മിലെ വിരുദ്ധ ചേരി രംഗത്തിറങ്ങുകയും ചെയ്തു. സര്‍ക്കാരിനെ തിരുത്തേണ്ട പാര്‍ട്ടിയുടെ മുന്‍ നാഥനാകട്ടെ മകന്റെ ചെയ്തികളില്‍ പടുകുഴിയില്‍ വീണുകിടക്കുന്നു. കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരി ബെംഗളൂരു ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട കള്ളപ്പണ പണമിടപാടില്‍ ജയിലിലായി. ബിനീഷിനു ലഹരിമരുന്ന് ഉപയോഗവും ഇടപാടുമുണ്ടെന്നും ഇഡി കണ്ടെത്തി. കാലങ്ങളായി ബിനീഷ് ഈ പണി തുടങ്ങിയിട്ട്. ബിനീഷിന്റെ വ്യാപാരത്തിന് കോടിയേരിയുടെ മൗനാനുവാദം ഉണ്ടെന്നും വിലയിരുത്തുന്നുണ്ട്. കുടുംബത്തേക്കാള്‍ വലുത് പാര്‍ട്ടിയാണെന്ന് പറഞ്ഞു നടന്നിരുന്ന സഖാവ്, മകന്റെ ചെയ്തികള്‍ക്ക് കൂട്ടുനിന്നതിനെ പറ്റിയാണ് ഇപ്പോള്‍ പാര്‍ട്ടിയിലെ സംസാരം. എന്തുകൊണ്ട് നേരത്തെ മകനെ തിരുത്തിയില്ല, അല്ലെങ്കില്‍ എന്തുകൊണ്ട് മകന്റെ ചെയ്തികള്‍ പാര്‍ട്ടിയെ അറിയിച്ചില്ലെന്ന് ചോദിക്കുന്നവരുമുണ്ട്.
ഇതെല്ലാം പുറത്തു വന്നതാകട്ടെ തെരഞ്ഞെടുപ്പ് കാലത്തും. ഇതോടെ പൊതുജനമധ്യത്തില്‍ സിപിഎം കടുത്ത വിചാരണ നേരിടുകയാണ്. ഇതെല്ലാം രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചപ്പോള്‍ പാളയത്തിലെ പട തിരിഞ്ഞുകുത്തി. അവസരം കാത്തുനിന്ന പാര്‍ട്ടിയിലെ വിമതര്‍ കിട്ടിയ വടിയെടുത്ത് അടിക്കുകയായിരുന്നു പിണറായിയെ. ഇതോടെ രക്ഷപ്പെടാനുള്ള കച്ചിത്തുരുമ്പും ഇല്ലാതായി. വിഭാഗീത കൊടുമ്പിരിക്കൊണ്ടിരുന്നപ്പോള്‍ പോലും ഇത്തരമൊരു അവസ്ഥ സിപിഎം നേരിട്ടിട്ടില്ല. രാജ്യത്തു ഭരണമുള്ള ഏക സംസ്ഥാനത്ത് സിപിഎം നേരിടുന്ന വെല്ലുവിളി പറഞ്ഞു തീര്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണിപ്പോള്‍. പ്രവര്‍ത്തകര്‍ തമ്മിലുള്ള തെരുവുയുദ്ധം പോലും ആസന്നമായേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: