മാനന്തവാടി: ഇടത് വലത് മുന്നണികള്‍ അഴിമതിയുടെ കൂടാരമാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം സി.കെ. പത്മനാഭന്. ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തവിഞ്ഞാല്‍ പഞ്ചായത്തിലെ എടത്തനയില്‍ വോട്ടര്‍മാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിയില്‍ മുങ്ങി കുളിച്ച് നില്ക്കുന്ന ഇടത് വലത് പാര്‍ട്ടികള്‍ക്ക് ഭരണത്തിലേറാന്‍ യോഗ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യദ്രോഹ പ്രവര്‍ത്തനത്തിനുള്ള കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി. ഓരോ ദിവസവും അഴിമതിക്കഥകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ചുറ്റിപ്പറ്റി പുറത്തുവരുന്നു. ബാര്‍ കോഴയില്‍പ്പെട്ട ചെന്നിത്തലയുടെ അവസ്ഥയും മറ്റൊന്നല്ല. അഴിമതിയും സ്വജനപക്ഷപാതവും ഇരുമുന്നണികളുടെയും മുദ്രാവാക്യമായി മാറി. പ്രാദേശിക ഭരണകൂടമാണ് സാധാരണക്കാരുടെ ആശ്രയം. സാധാരണക്കാരന്റെ മനസ്സ് തിരിച്ചറിയുന്നതും അവര്‍ തന്നെയാണ്. അതിനാല്‍ തന്നെ ജനങ്ങളുടെ പ്രശ്നങ്ങളില്‍ നിരന്തരം ഇടപെടുന്നവര്‍ക്ക് വേണം വോട്ട് നല്കുവാന്.
ജനങ്ങള്‍ ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ അംഗീകരിച്ചു കഴിഞ്ഞു. കേരളത്തിലാകമാനം ന്യൂനപക്ഷ സ്ഥാനാര്‍ത്ഥികള്‍ ബിജെപിയില്‍ മത്സരിക്കുന്നു. ബിജെപി ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്ന ഇടതുവലതു പാര്‍ട്ടികളുടെ കുപ്രചരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞു. രാഷ്ട്രീയത്തേക്കാള്‍ വലുത് രാഷ്ട്രമാണെന്ന് പഠിപ്പിച്ച നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവം സാധാരണ ജനങ്ങള്‍ക്കിടയില്‍ പോലും എത്തി. കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ സാധാരണ ജനങ്ങളില്‍ എത്തിക്കുവാന്‍ പ്രാദേശികതലത്തില്‍ ബിജെപി അധികാരത്തില്‍ വരേണ്ടതുണ്ട്.
ഗോത്ര വനവാസി മേഖലകളില്‍ ബിജെപി പ്രവര്‍ത്തകര്‍ കാഴ്ചവെക്കുന്ന പ്രവര്‍ത്തനങ്ങള്‍ അഭിമാനാര്‍ഹമാണ്. ഇടത് വലത് പാര്‍ട്ടികളുടെ കപട സ്നേഹത്തിന് വോട്ടിലൂടെ മറുപടി നല്‍കണമെന്നും നാടിന്റെ വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയില്‍ ബിജെപി ജില്ലാ സെക്രട്ടറിയും, മുന്‍ ഗ്രാമപഞ്ചായത്ത് അംഗവുമായ ബിന്ദു വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍, ജില്ലാ വൈസ് പ്രസിഡന്റ് ജി. മാധവന്, മണ്ഡലം വൈസ് പ്രസിഡന്റ് കെ. ചന്ദ്രന്, പഞ്ചായത്ത് പ്രസിഡന്റ് അനില്‍കുമാര്‍, പഞ്ചായത്ത് സെക്രട്ടറി എന്‍. ആര്. രാജന്, പഞ്ചായത്ത് സംയോജക് സുരേഷ് തവിഞ്ഞാല്‍, ഗിരിജന്‍ സൊസൈറ്റി പ്രസിഡന്റ് പി.കെ. ചന്ദ്രന്, എസ്ടി മോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി മഹേഷ് എടത്തന എന്നിവര്‍ സംസാരിച്ചു. തവിഞ്ഞാല്‍ പതിനെട്ടാം വാര്‍ഡ് സ്ഥാനാര്‍ഥി വി.കെ. ലീല, പതിനേഴാം വാര്‍ഡ് സ്ഥാനാര്‍ത്ഥി ചന്ദ്രന് വേങ്ങണ, പതിമൂന്നാം വാര്‍ഡ് സ്ഥാനാര്‍ഥി വി. ആര്. മനീഷ, പതിനാലാം വാര്‍ഡ് സ്ഥാനാര്‍ത്ഥി ശരത് കുമാര്‍, ബ്ലോക്ക് ഡിവിഷന് സ്ഥാനാര്‍ഥി സിന്ധു എടത്തന, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി ബിന്ദു ബാബു, പത്തൊമ്പതാം വാര്‍ഡ് സ്ഥാനാര്‍ഥി കെ. വിജയന് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: