ഹൈദരാബാദ്: ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഫലസൂചനകള്‍ പുുറത്തുവരുമ്പോള് ബിജെപി വലിയ മുന്നേറ്റമാണ് നടത്തുന്നത്. 43 ഇടങ്ങളില്‍ ആണ് ബിജെപി മുന്നേറുന്നത്. 16 ഇടത്ത് ആണ് ടിആര്‍എസ് മുന്നിലുള്ളത്. 15 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. ആകെ സീറ്റ് 150 ആണ്. 2016ല്‍ ടിആര്‍സ് 99 സീറ്റുകള്‍ നേടിയപ്പോള്‍ ബിജെപിക്ക് ലഭിച്ചത് നാലു സീറ്റുകള്‍ മാത്രമായിരുന്നു.
കൊവിഡ് പശ്ചാത്തലത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുപകരം ബാലറ്റ് പേപ്പറാണ് വോട്ടിംഗിനായി ഉപയോഗിച്ചത്. അതിനാല്‍ ഫല പ്രഖ്യാപനങ്ങളും ലീഡ് നിലയും അറിയാന്‍ വൈകും. ഡിസംബര്‍ ഒന്നിനാണ് ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് വോട്ടെടുപ്പ് നടന്നത്. കോവിഡ് സാഹചര്യത്തില്‍ 46.55 ശതമാനം പോളിങ് മാത്രമാണ് രേഖപ്പെടുത്തിയത്.
രാജ്യശ്രദ്ധയാകര്‍ഷിച്ച കോര്പ്പറേഷന് തെരഞ്ഞെടുപ്പ് ഫലം പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം നിര്‍ണായകമാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബിജെപിക്ക് വേണ്ടി പട നയിച്ചപ്പോള്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു തന്നെയായിരുന്നു ടിആര്‍എസിന്റെ പ്രചാരണരംഗത്തെ താരം. അസദുദ്ദീന്‍ ഒവൈസിയുടെ നേതൃത്വത്തില്‍ എഐഎംഐഎമ്മും ശക്തമായ പ്രചാരണമാണ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: