പൂനെ : ബിജെപി വിരുദ്ധ സംഘങ്ങളെ ഒരുമിപ്പിച്ചു നിര്‍ത്താന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കുന്നില്ല. നേതൃപാടവത്തില്‍ സ്ഥിരത ഇല്ലാത്ത നേതാവാണ് രാഹുലെന്ന് രൂക്ഷ വിമര്‍ശനവുമായി എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. മറാത്തി ദിനപത്രമായ ലോക്മത് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുലിനെ നേതാവായി രാജ്യം സ്വീകരിക്കുമോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് ശരദ് പവാര്‍ ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്. ഏത് പാര്‍ട്ടിയുടേയും നേതൃത്വം എന്നത് അവര്‍ക്ക് ആ പാര്‍ട്ടിക്കുള്ളില്‍ ലഭിക്കുന്ന സ്വീകാര്യതയെ അടിസ്ഥാനപ്പെടുത്തിയാവുമെന്നായിരുന്നു മറുപടി. മഹാരാഷ്ട്രയുടെ മാതൃകയില്‍ ബിജെപി വിരുദ്ധ ചേരിയെ ഒരുമിപ്പിക്കാന്‍ രാഹുലിന് സാധിച്ചിട്ടില്ല.
രാജ്യത്തെ പ്രതിപക്ഷ സഖ്യത്തെ നയിക്കുന്നത് ഇനിയുള്ള നാളില്‍ രാഹുല്‍ ഗാന്ധി ആയിരിക്കുമെന്ന് പറയാന്‍ തനിക്ക് സാധിക്കില്ല. കോണ്‍ഗ്രസിലെ മുതിര്‍ന്ന പരിചയ സമ്പന്നരായ നേതാക്കള്‍ക്ക് പോലും അദ്ദേഹത്തിന്റെ പ്രവര്‍ത്തന രീതിയില്‍ എതിര്‍പ്പുണ്ട്. സ്വന്തം പാര്‍ട്ടിയില്‍ എതിര്‍പ്പ് ഉയരുമ്പോള്‍ രാഹുലിന് മറ്റ് പാര്‍ട്ടികളുടെയെല്ലാം കൂട്ടായ്മയുടെ നേതൃപദവി വഹിക്കാന്‍ സാധിക്കില്ലെന്നും പവാര്‍ കുറ്റപ്പെടുത്തി.
അതേസമയം രാഹുലിനെതിരെ ഒബാമയുടെ പുസ്തകത്തിലെ പരാമര്‍ശത്തെ ആരും മുഖവിയ്ക്കേണ്ടതില്ല. എല്ലാവരും ഒരു പരിധി സൂക്ഷിക്കേണ്ടതുണ്ട്. എന്നാല്‍ ഒബാമ ആ പരിധി വിട്ടുവെന്നാണ് തനിക്ക് തോന്നുന്നതെന്നും പവാര്‍ പ്രതികരിച്ചു.
അതിനിടെ പവാറിന്റെ ആക്ഷേപങ്ങളോട് പ്രതികരിച്ച് കോണ്‍ഗ്രസ് വക്താവ് സച്ചിന് സാവന്ത് രംഗത്തെത്തി. ഏത് സാഹചര്യത്തിലാണ് ശരത് പവാര്‍ ഇത്തരം വിമര്‍ശനമുയര്‍ത്തിയതെന്ന് വ്യക്തമല്ല എന്നിരുന്നാലും ബിജെപിക്കും ആര്‍എസ്എസിനുമെതിരെ പ്രതിപക്ഷനിരയില്‍ ഏറ്റവും സ്ഥിരതയോടെ നിലകൊള്ളുന്ന നേതാവാണ് രാഹുല്‍’ എന്നായിരുന്നു സച്ചിന് സാവന്തിന്റെ പ്രതികരണം. രാജ്യത്തെ നിലവിലെ അവസ്ഥയിലും ഏറ്റവും ധീരമായ അഭിപ്രായങ്ങള്‍ പറയുന്നയാളാണ് രാഹുല്‍ എന്നും സച്ചിന് സാവന്ത് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: