കാന്‍ബറ: കളി മാറുകയാണ്. അമ്പത് ഓവറില്‍ നിന്ന് ഇരുപത് ഓവറിലേക്ക്. ഇന്ത്യയുടെ ഓസീസ് പര്യടനത്തിലെ ആദ്യ ടി 20 ഇന്ന് കാന്‍ബറയിലെ മനുക ഓവലില്‍ നടക്കും. ഏകദിന പരമ്പര നഷ്ടമായ ഇന്ത്യ ടി 20 പരമ്പര പിടിക്കാനുള്ള ഒരുക്കത്തിലാണ്. കുട്ടിക്രിക്കറ്റില്‍ വിരാട് കോഹ്ലിയുടെ ഇന്ത്യ ശക്തമായ ടീമാണ്. ആതിഥേയര്‍ക്ക് അവര്‍ വെല്ലുവിളി ഉയര്‍ത്തും. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 1.40 ന് കളി തുടങ്ങും.
ബാറ്റിങ്ങിനെ തുണയ്ക്കുന്ന കാന്‍ബറയിലെ പിച്ചില്‍ ലോക രണ്ടാം നമ്പറായ ഓസീസും മൂന്നാം നമ്പറായ ഇന്ത്യയും തമ്മിലുള്ള പോരാട്ടം ക്രിക്കറ്റ് ആരാധകര്‍ക്ക് വിരുന്നൊരുക്കും. കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്ത്യക്കാണ് മേല്‍ക്കൈ. ഇരു ടീമുകളും തമ്മില്‍ 21 ടി 20 മത്സരങ്ങള്‍ കളിച്ചു. ഇതില്‍ പതിനൊന്ന് മത്സരങ്ങളില്‍ ഇന്ത്യ വിജയിച്ചു. ഓസ്ട്രേലിയയ്ക്ക് എട്ട് മത്സരങ്ങളിലാണ് ജയിക്കാനായത്. ഒരു മത്സരം ഉപേക്ഷിച്ചു. മറ്റൊരു മത്സരത്തില്‍ ഫലം ഉണ്ടായില്ല. എന്നാല്‍ അവസാനം കളിച്ച പരമ്പരയില്‍ ഓസീസ് 2- 0 ന് ഇന്ത്യയെ തോല്‍പ്പിച്ചു.
അവസാന ഏകദിനത്തില്‍ വിജയം നേടിയതിന്റെ ആവേശത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ഏകദിന പരമ്പരയില്‍ മധ്യനിരയില്‍ ബാറ്റ് ചെയ്ത കെ.എല്‍. രാഹുലിനെ ഓപ്പണറായി ഇറക്കിയേക്കും. ടി 20 യില്‍ ഓപ്പണറുടെ റോളില്‍ കളിച്ചപ്പോഴൊക്കെ രാഹുല്‍ കൂടുതല്‍ റണ്‍സ് നേടിയിരുന്നു. രാഹുല്‍ ഓപ്പണറായാല്‍ മനീഷ് പാണ്ഡെയെ മധ്യനിരയില്‍ കളിപ്പിക്കും. ഓസീസിനെതിരായ അവസാന ഏകദിനത്തില്‍ തിളങ്ങിയ ടി. നടരാജന് ടീമില്‍ തുടരും. അതേസമയം മലയാളി താരം സഞ്ജു സാംസണിന് ടീമില്‍ ഇടം കിട്ടാനുള്ള സാധ്യത കുറവാണ്.
ഏകദിന പരമ്പര 2-1 ന് സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഓസീസ് ഇറങ്ങുന്നത്. പക്ഷെ കളിക്കാരുടെ പരിക്ക് പ്രശ്നമാണ്. ആദ്യ രണ്ട് ഏകദിനത്തില്‍ തിളങ്ങിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍, പേസര്‍ പാറ്റ് കമ്മിന്‍സ് എന്നിവര്‍ ടി 20 പരമ്പരയില്‍ കളിക്കില്ല. ഓള് റൗണ്ടര്‍ മാര്‍നസ് സ്റ്റോയ്നിസ് പരിക്കില്‍ നിന്ന് മുക്തി നേടിവരികയാണ്. മിച്ചല്‍ സ്റ്റാര്‍ക്ക്, ആഷ്ടണ്‍ ആഗര്‍ എന്നിവരും പരിക്കിന്റെ പിടിയിലാണ്.
വാര്‍ണര്‍ക്ക് പകരം മാത്യു വേഡ് ഓപ്പണറാകും. മിച്ചല്‍ മാര്‍ഷിന്റെ അസാന്നിദ്ധ്യത്തില്‍ സ്റ്റോയ്നിസിനെ മധ്യനിരയില്‍ കളിപ്പിച്ചേക്കും. ഈ വര്‍ഷം ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരയിലെ അവസാന മത്സരത്തില്‍ നിന്ന് ഒഴിവാക്കിയ അലക്സ് കാരിയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഓസീസ് 1-2 ന് തോറ്റു.
മൂന്ന് മത്സരങ്ങളാണ് ടി 20 പരമ്പരയിലുള്ളത്. രണ്ടാം മത്സരം ഡിസംബര്‍ ആറിനും അവസാന മത്സരം ഡിസംബര്‍ എട്ടിനും സിഡ്നിയില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: