കിഫ്ബിയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള സിഎജിയുടെ രഹസ്യ റിപ്പോര്‍ട്ട് വെളിപ്പെടുത്തിയതിലൂടെ ധനമന്ത്രി തോമസ് ഐസക് നിയമസഭയുടെ അവകാശം ലംഘിച്ചു എന്ന പരാതി സ്പീക്കര്‍ സഭയുടെ എത്തിക്സ് കമ്മിറ്റിക്കു വിട്ടിരിക്കുന്നു. ഇതോടെ മന്ത്രിക്ക് സ്ഥാനത്ത് തുടരാനുള്ള അര്‍ഹത നഷ്ടമായിരിക്കുകയാണ്. നിയമസഭയുടെ ചരിത്രത്തിലാദ്യമായാണ് ഒരു മന്ത്രിക്കെതിരെ ഇത്തരമൊരു പരാതി എത്തിക്സ് കമ്മിറ്റിക്ക് വിടുന്നത്. എത്തിക്സ് കമ്മിറ്റി കോടതിയൊന്നുമല്ലെന്നും, തന്നെ ശിക്ഷിക്കാന്‍ പോകുന്നില്ലെന്നും മന്ത്രി ഐസക് പറയുന്നത് അങ്ങേയറ്റം നിരുത്തരവാദപരവും, സഭയുടെ അന്തസ്സിനെ ഇടിച്ചു താഴ്ത്തുന്നതുമാണ്. സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നിയമലംഘനങ്ങളുടെ ഒരു പരമ്പര തന്നെയാണ് എംഎല്‍എ എന്ന നിലയ്ക്കും മന്ത്രിയെന്ന നിലയ്ക്കും ഐസക്കിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. ഗവര്‍ണര്‍ വഴി നിയമസഭയിലൂടെ മാത്രം ഉള്ളടക്കം പുറത്തറിയേണ്ട അന്തിമ റിപ്പോര്‍ട്ടാണ് ഐസക് പരസ്യപ്പെടുത്തിയത്. എന്നിട്ട് അന്തിമ റിപ്പോര്‍ട്ടല്ല, കരടാണെന്ന് വാദിച്ചു. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയശേഷം സിഎജിയാണ് അത് ചോര്‍ത്തിയതെന്ന് ആരോപിച്ചു. അന്തിമ റിപ്പോര്‍ട്ടാണെന്ന് സമ്മതിക്കേണ്ടി വന്നപ്പോള്‍, താന്‍ പോസ്റ്റുമാനല്ലെന്നും ധനമന്ത്രാലയത്തിനു കിട്ടുന്ന റിപ്പോര്‍ട്ടുകള്‍ പൊട്ടിച്ചു വായിക്കുമെന്നുമുള്ള ധിക്കാരപ്രകടനമാണ് മന്ത്രിയില്‍നിന്നുണ്ടായത്.
സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന മന്ത്രിമാര്‍ നിയമാനുസൃതമായും, സഭയുടെ നടപടിക്രമങ്ങള്‍ പാലിച്ചും പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണ്. എന്നാല്‍ ഇതിനൊന്നും തന്നെ കിട്ടില്ലെന്നാണ് മന്ത്രി ഐസക് ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. സിഎജി റിപ്പോര്‍ട്ട് വെളിപ്പെടുത്തുക വഴി അവകാശലംഘനം നടത്തിയിരിക്കുന്നു എന്ന് പല കോണുകളില്‍നിന്നും വിമര്‍ശനമുയര്‍ന്നപ്പോള്‍, ആയിക്കോട്ടെ താനതു നേരിട്ടുകൊള്ളാമെന്നാണ് മന്ത്രി പ്രതികരിച്ചത്. ഇതിന്റെ പേരില്‍ തന്നെ ആരും ഒന്നും ചെയ്യാന്‍ പോകുന്നില്ല എന്ന ഭാവമായിരുന്നു ഈ മന്ത്രിക്ക്. ഇത്ര ലാഘവബുദ്ധിയോടെ നിയമലംഘനങ്ങള്‍ നടത്തുകയും, അതിനെ ന്യായീകരിക്കുകയും ചെയ്യുന്ന ഒരു ഭരണാധികാരിയെ കേരളം ഇതിനു മുന്‍പ് കണ്ടിട്ടില്ല. മന്ത്രിയെന്ന നിലയ്ക്ക് എന്തു ചെയ്യണം എന്നു തീരുമാനിക്കുന്നത് താന്‍ മാത്രമാണെന്നും, നിയമങ്ങള്‍ക്കോ കീഴ്വഴക്കങ്ങള്‍ക്കോ അതിലിടപെടാനാവില്ലെന്നുമുള്ള ചിന്തയാണ് ഐസക്കിനെ നയിക്കുന്നത്. കിഫ്ബി ഒരു സര്‍ക്കാര്‍ സംവിധാനമാകയാല്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് കടമെടുക്കുന്നതിനുള്ള ഭരണഘടനാ വ്യവസ്ഥകള്‍ പാലിച്ചില്ലെന്ന വിമര്‍ശനമാണ് സിഎജി നടത്തിയിട്ടുള്ളതെന്ന് അറിയുന്നു. വായ്പയ്ക്കുള്ള മതിയായ അനുമതി വാങ്ങാതെ അങ്ങനെയൊന്നു ലഭിച്ചതായി തെറ്റിദ്ധരിപ്പിക്കുന്ന മന്ത്രി ഭരണഘടനയെ തന്നെ പരിഹസിക്കുകയാണ്. സാമ്രാജ്യത്വ ഏജന്‍സികള്‍ക്കു വേണ്ടി ദല്ലാള്‍ പണിയെടുക്കുന്നയാള്‍ എന്ന വിമര്‍ശനം ഏല്‍ക്കേണ്ടി വന്നിട്ടുള്ളയാളാണ് ഐസക്. രാജ്യത്തിന്റെ പരമാധികാരം പോലും ഈ മന്ത്രി അംഗീകരിക്കുന്നില്ല എന്നാണ് കിഫ്ബി ലോണിന്റെ കാര്യത്തില്‍ വ്യക്തമാവുന്നത്. ധനമന്ത്രിയെന്ന നിലയ്ക്ക് ഐസക് സമ്പൂര്‍ണ പരാജയമാണ്.
സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തി വികസന പ്രവര്‍ത്തനങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്നതിന് പകരം ഭാവി തലമുറയെപ്പോലും കടക്കെണിയിലകപ്പെടുത്തുന്ന നടപടികളാണ് മന്ത്രി ഐസക് സ്വീകരിക്കുന്നത്. കടമെടുപ്പ് മാത്രമാണ് ഒരു ധനമന്ത്രിക്ക് ചെയ്യാനുള്ളതെന്ന മട്ടിലാണ് ഐസക്കിന്റെ പെരുമാറ്റം. സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയെ ചതിക്കുഴികളില്‍ കൊണ്ടുചെന്ന് ചാടിക്കുന്ന നയങ്ങളാണ് മൂന്നുതവണ ധനമന്ത്രിയായ ഐസക് പിന്തുടരുന്നത്. പ്രതിപക്ഷം പറയുന്നതുപോയിട്ട് സ്വന്തം മുന്നണിയിലെയും പാര്‍ട്ടിയിലെയും വിവേകമതികളുടെ ശബ്ദം പോലും ഐസക്കിന് അരോചകമാണ്. കേന്ദ്ര സര്‍ക്കാരും സംസ്ഥാനങ്ങളുമടങ്ങുന്ന ഒരു ഫെഡറല്‍ സംവിധാനമാണ് രാജ്യത്തിന്റെ ഭരണവ്യവസ്ഥ. യൂണിയന് ഓഫ് സ്റ്റേറ്റ്സ് എന്നതാണ് സങ്കല്‍പ്പം. എന്നാല്‍ യൂണിയനെ അവഗണിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന സമീപനമാണ് ഐസക്കിന്റേത്. ഇങ്ങനെയൊരാളെ ഭരണാധികാരം കയ്യാളാന്‍ അനുവദിക്കുന്നത് ആപല്‍ക്കരമായിരിക്കും. ഐസക്കിന്റെ കുതന്ത്രങ്ങള്‍ തിരിച്ചറിഞ്ഞതിനാലാവണം തനിക്കു കിട്ടിയ പരാതി സ്പീക്കര്‍ എത്തിക്സ് കമ്മിറ്റിക്ക് വിട്ടത്. മന്ത്രി ഗുരുതരമായ തെറ്റു ചെയ്തതായി സഭാധ്യക്ഷന് പ്രഥമദൃഷ്ട്യാ ബോധ്യം വന്നിരിക്കുന്നു. അല്ലായിരുന്നുവെങ്കില്‍ മന്ത്രിയുടെ വിശദീകരണം സ്വീകരിച്ച് പ്രശ്നം അവസാനിപ്പിക്കേണ്ടതാണ്. ഇതാണ് ഐസക്കും പ്രതീക്ഷിച്ചത്. സ്പീക്കറുടെ നടപടി ധനമന്ത്രിക്കുള്ള സന്ദേശമാണ്. രാജി വയ്ക്കുന്നതാണ് അഭികാമ്യം. അത് ചെയ്യാന്‍ വൈകുന്തോറും മന്ത്രി ഐസക് കൂടുതല്‍ കൂടുതല്‍ അനഭിമതനായിക്കൊണ്ടിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: