മലപ്പുറത്തെ ഇരുമ്പുഴിയിലെത്തി പ്രമോദ് മാഷുടെ വീടു ചോദിച്ചാല്‍ ദിക്കും ദിശയും കാണിച്ച് നാട്ടുകാര്‍ പറയുന്നത് ഇതായിരിക്കും. ‘ കാടുവളര്‍ന്നൊരു പറമ്പു കാണാം. അതിന്റെ നടുക്കൊരു വീടും കാണാം…’ സംഗതി നേരാണ്. പക്ഷേ അത് വെറും കാടല്ല. പച്ചമരുന്നിന്റെ മണം നിറയുന്ന ഔഷധക്കാട്.
മഞ്ചേരി ഗവ. ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ മലയാളം അധ്യാപകന്‍ ഡോ. പ്രമോദ് ഇരുമ്പുഴിക്ക് അധ്യാപനം ഉപജീവനവും ഔഷധപ്രേമം അതിജീവനവുമാണ് മലപ്പുറത്തെ ഇരുമ്പുഴിക്കാര്‍ തൊടിയൊന്നാകെ വെട്ടിവെളുപ്പിക്കുമ്പോള്‍ കാടും പടലും ചികഞ്ഞ് പ്രത്യേകം മാറ്റിയിടും. അതില്‍ പച്ചമരുന്നേതെന്ന് അവരെ പഠിപ്പിച്ച മാഷിനുള്ള പങ്കാണത്. കൃത്യമായി അവരത് മാഷുടെ വീട്ടിലെത്തിക്കും. മാഷ് അതെല്ലാം നട്ടു വളര്‍ത്തി പരിപാലിക്കുന്നത് നാടിനും നാട്ടാര്‍ക്കും വേണ്ടിയെന്നും ഇരുമ്പുഴിക്കാര്‍ക്ക് അറിയാം. ഒന്നരയേക്കറില്‍ പടര്‍ന്നേറുകയാണ് മാഷിന്റെ ഔഷധസസ്യത്തോട്ടം. എണ്ണിത്തുടങ്ങിയാല്‍ ഇരുനൂറിലേറെ നീളുന്ന ജൈവവൈവിധ്യം. മാധവിക്കുട്ടി കഥകളിലെ നീര്‍മാതളവും അതില്‍ പൂത്തുലയുന്നു.
ജന്മസുകൃതം നാട്ടുവൈദ്യം
കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് നാട്ടുവൈദ്യത്തില്‍ പിഎച്ച്ഡി യെടുത്ത മാഷുടെ ഔഷധസസ്യ ചങ്ങാത്തത്തിന് തലമുറകള്‍ നീളുന്ന പാരമ്പര്യമുണ്ട്. അച്ഛനും മുത്തച്ഛനുമെല്ലാം നാട്ടുവൈദ്യന്മാരായിരുന്നു. കുഞ്ഞുനാളിലേ മരുന്നുണ്ടാക്കുന്നതിന്റെ ബാലപാഠങ്ങളറിയാമായിരുന്നു. വീട്ടില്‍ മരുന്നരയ്‌ക്കുന്നതും ചൂര്‍ണവും കഷായവുമുണ്ടാക്കുന്നതുമെല്ലാം കണ്ടാണ് വളര്‍ന്നത്. ശിവശങ്കരന്‍ വൈദ്യര്‍ നാട്ടിലെ അറിയപ്പെടുന്ന വൈദ്യനായിരുന്നു. അദ്ദേഹം കാട്ടിലും പറമ്പിലുമൊക്കെ കയറിയിറങ്ങിയായിരുന്നു മരുന്നു ചെടികള്‍ ശേഖരിച്ചിരുന്നത്. ഇന്ന് അതിന് സാധ്യതയില്ലാതായതോടെ മാഷ് അതെല്ലാം നട്ടുവളര്‍ത്താന്‍ തുടങ്ങി. കരിങ്ങാലി, അശോകം, അമ്പഴം, കറ്റാര്‍വാഴ, കൂവളം, മുഞ്ഞ, അര്‍ശസിന് അമൂല്യ പ്രതിവിധിയായ അയ്യമ്പന തുടങ്ങി 200 ഓളം ഔഷധസസ്യങ്ങള്‍. 30 സെന്റിലായിരുന്നു തുടക്കം. ഇപ്പോഴത് പടര്‍ന്നേറിയത് ഒന്നരയേക്കറോളം വ്യാപ്തിയിലേക്ക്. അവിരാമം തുടര്‍ന്ന ഒമ്പതു വര്‍ഷത്തെ പ്രയത്‌നമാണത്. വീടിരിക്കുന്ന ‘ ഔഷധക്കാടും’ ഇതില്‍ പെടും.
നാളെയിലേക്ക് നീളുന്ന വേരുകള്‍
വിപണന സാധ്യതയിലല്ല മാഷുടെ നോട്ടം. അന്യം നിന്നു പോകാതെ ഇതെല്ലാം കാക്കണം. ഈയൊരു ബയോ ഡൈവേര്‍സിറ്റി’ യെക്കുറിച്ച് പുതുതലമുറയ്‌ക്കും അവബോധം വേണം. അത് വിദ്യാര്‍ഥികളിലൂടെയെങ്കില്‍ അത്രയും നല്ലത്. ഇരുമ്പുഴിയിലെ അഞ്ച് സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കായി ഔഷധസസ്യത്തൈകള്‍ സൗജന്യമായി നല്‍കുന്നു. ഇരുമ്പുഴിയെ ഔഷധഗ്രാമമാക്കുന്നതിനുള്ള ദൗത്യവും മാഷ് ഏറ്റെടുത്തിരുന്നു. ഇതിനായി ‘വീടിന് ഒരു ഒറ്റമൂലി’ എന്ന പേരില്‍ നാാുകാര്‍ക്ക് സൗജന്യമായി തൈകള്‍ വിതരണം ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും നാട്ടുവൈദ്യത്തിന്റെയും ഔഷധസസ്യങ്ങളുടെയും ഉദ്‌ബോധനവുമായി മാഷ് എപ്പോഴും തിരക്കിലാണ്.
ഔഷധ സസ്യങ്ങള്‍ അന്യം നില്‍ക്കാതെ കാക്കുകയെന്നതാണ് ലക്ഷ്യമെങ്കിലും ഇതെല്ലാം സാമ്പത്തിക നേട്ടത്തിനായി ആരെങ്കിലും ചെയ്യുന്നുവെങ്കില്‍ അതിലും തെറ്റില്ലെന്നാണ് മാഷുടെ പക്ഷം. അങ്ങനെയെങ്കിലും ഇതൊന്നും വേരറ്റു പോകില്ലല്ലോ. നാട്ടുവൈദ്യത്തിന്റെ തകര്‍ച്ചയ്‌ക്കു കാണങ്ങള്‍ രണ്ടെന്ന് മാഷ് പറയും. ഒന്ന് മറ്റുള്ളവര്‍ക്ക് കൈമാറാതെ സൂക്ഷിക്കുന്ന രഹസ്യ സ്വഭാവം. മറ്റൊന്ന് മരുന്നിന്റെ ഗുണങ്ങളെ പെരുപ്പിച്ച് പറയുന്നത്.
തേങ്ങാ മരുന്നും കര്‍ക്കടക ചികിത്സയും
കര്‍ക്കടകത്തിലെ സുഖചികിത്സയില്‍ പൊതുവേ ഔഷധക്കഞ്ഞിക്കാണ്് പേരും പെരുമയും കൂടുതലുള്ളത്. എന്നാല്‍ ഏറനാട്, വള്ളുവനാട് പ്രദേശങ്ങളില്‍ പ്രചാരം തേങ്ങാ മരുന്നിനാണ്. കാലം കഴിയുന്തോറും അത് അന്യം നില്‍ക്കുന്ന സ്ഥിതിയിലായി. തണുപ്പിന്റെ എല്ലാ ‘അസ്‌ക്യത’ കളും മാറ്റുന്ന തേങ്ങാമരുന്നിന് പുനര്‍ജനി നല്‍കിയതും മാഷാണെന്നു പറയാം. മലപ്പുറത്തെ നാട്ടുവൈദ്യന്മാര്‍ക്കും അത് താങ്ങായി മാറുന്നു.
കഴിഞ്ഞ വര്‍ഷമാണ് പ്രമോദ് മാഷിലൂടെ തേങ്ങാമരുന്ന് വീണ്ടും ജനകീയമാക്കി തുടങ്ങിയത്. വാര്‍ത്തകളിലും നിറഞ്ഞിരുന്നു ഈ ഔഷധി. ആവശ്യക്കാര്‍ ഒത്തിരി പേര്‍ മാഷെ ഇതിനായിസമീപിക്കുന്നുണ്ട്. കര്‍ക്കടകത്തില്‍ മാത്രമല്ല, തണുപ്പുകാലത്തുണ്ടാകുന്ന ശരീരവേദന, കടച്ചില്‍, തരിപ്പ് എല്ലാം തേങ്ങാമരുന്നിലൂടെ മാറും. വിളഞ്ഞ തേങ്ങയുടെ കണ്ണ് തുരന്ന് വെള്ളം കളഞ്ഞ ശേഷം അതില്‍ ഔഷധക്കൂട്ട് നിറയ്‌ക്കണം. അതുകഴിഞ്ഞ് തേങ്ങയുടെ കണ്ണ് അടച്ച ശേഷം മീതെ മണ്ണു തേച്ച് കനലില്‍ ഇട്ട് ചുടണം. ചിരട്ടകരിഞ്ഞാല്‍ പാകമായി. ചിരട്ട മാറ്റിയ ശേഷം തേങ്ങ, അതിനകത്തെ മരുന്നുള്‍പ്പെടെ പൂളിയെടുത്ത് മിക്‌സിയിലിട്ട് പൊടിച്ചെടുക്കുക. അതിന്റെ ഏഴില്‍ ഒന്ന് ദിവസം രണ്ടു നേരം ഭക്ഷണ ശേഷം കഴിക്കണം. 28 ദിവസമെങ്കിലും ഇത് തുടരുന്നത് നല്ലതാണ്. കൂടുതല്‍ കാര്യങ്ങള്‍ മാഷോട് നേരിട്ട് ചോദിാവുന്നതേയുള്ളൂ.
ഔഷധസസ്യത്തോട്ടം വളര്‍ത്താന്‍ ആഗ്രഹിമുണ്ടെങ്കില്‍ മാഷെ സമീപിക്കാം. 35 തരം ഔഷധികളുടെ തൈകള്‍ 1000 രൂപയ്‌ക്ക് ലഭിക്കും. തുക ഈടാക്കുന്നത് ലാഭമായിട്ടില്ല. മറ്റിടങ്ങളില്‍ നിന്ന് വാങ്ങി വളര്‍ത്തിയെടുക്കുന്നതിനു മാത്രം. ഇതിനെല്ലാം തണലും തുണയായി മൂന്നു പേര്‍ കൂടിയുണ്ട് വീട്ടില്‍. മാഷുടെ അതേ സ്‌ക്കൂളില്‍ ബോട്ടണി അധ്യാപികയായ ഭാര്യ റീനയും അവിടെത്തന്നെ വിദ്യാര്‍ഥികളായ മക്കള്‍ അവന്തിക ഭൈമിയും അരുന്ധതി താരയും.
പ്രബീന ചോലക്കൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക: