തെഹ്‌റാൻ: അഫ്ഗാൻ സർക്കാരും താലിബാൻ പ്രതിനിധികളും സമാധാന ചർച്ചയ്‌ക്ക് വഴിയൊരുക്കുന്നു. ഇരുഭാഗത്തെയും വക്താക്കൾ തന്നെയാണ് സമാധാന ചർച്ചകൾ നടത്തുന്നതിന് പ്രാഥമിക കരാറിലെത്തിയതായി അറിയിച്ചത്. ഇരുവരും തമ്മിലുള്ള നീണ്ട 19 വർഷത്തെ യുദ്ധങ്ങൾക്കിടയിൽ രേഖാമൂലം ഉണ്ടാക്കിയ ആദ്യ കരാറാണിത്. ഈ സമാധാന ചർച്ചയിലൂടെ വർഷങ്ങളായി നീണ്ടുനിൽക്കുന്ന രക്തച്ചൊരിച്ചിലിന് ശമനമുണ്ടാകുമെന്നാണ് അഫ്ഗാൻ സർക്കാരിന്റെ പ്രതികരണം. ഈ തീരുമാനത്തെ അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങൾ സ്വാഗതം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് ഈ സുപ്രധാന തീരുമാനം ഇരുകൂട്ടരും അറിയിച്ചത്.
സമാധാനത്തിനായി നടത്തുന്ന ഈ ചർച്ച കൂടുതൽ കാര്യക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പല പ്രധാനപ്പെട്ട സാഹചര്യങ്ങളും ഇരു കൂട്ടരും ചർച്ചചെയ്യും. പ്രധാനമായും വെടിനിർത്തൽ, അഫ്ഗാൻ സേനകൾക്ക് നേരെയുള്ള ആക്രമണങ്ങൾ എല്ലാം തന്നെ ചർച്ച ചെയ്യപ്പെടും. സന്ധിസംഭാഷണത്തിനുവേണ്ടിയുള്ള മുഖവുര ഇതിനോടകം തയ്യാറായിട്ടുണ്ട്. ഉടൻ തന്നെ ഇരുകൂട്ടരും കൂടിയാലോചന തുടങ്ങുമെന്ന് അഫ്ഗാൻ സർക്കാർ പ്രതിനിധി നാദർ നാദരെ പറഞ്ഞു. സമാധാന ചർച്ചകൾക്കായി ഒരു സംയുക്തസമിതി ഇരു കൂട്ടർക്കിടയിലും രൂപപ്പെടുത്തിയിട്ടുണ്ടെന്ന് അഫ്ഗാൻ വക്താക്കൾ ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.

അമേരിക്കയുടെ പിന്തുണയോടെ ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ഇരുകൂട്ടരും തമ്മിൽ മസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് കരാറിന് വഴിതുറന്നത്. ഏറെ നാളത്തെ അഫ്ഗാൻ ജനതയുടെ ആഗ്രഹമായിരുന്നു യുദ്ധം അവസാനിപ്പിക്കുക എന്നത്. ഇനി വരുന്ന ചർച്ചകളിലൂടെ അത് യാഥാർത്ഥ്യമാകുമെന്നാണ് കരുതുന്നതെന്ന് അഫ്ഗാൻ പ്രസിഡൻ്റ് അഷറഫ് ഗാനിയുടെ വക്താവ് സെദ്ദിഖ് സെദ്ദിഖി ട്വിറ്ററിലൂടെ അറിയിച്ചു.
2001ലാണ് അഫ്ഗാനിസ്ഥാനിൽ നിന്നും താലിബാന്റെ സ്വാധീനം അമേരിക്ക ഇല്ലാതാക്കിയത്. സെപ്തംബർ 11 ആക്രമണത്തിന് ചുക്കാൻ വഹിച്ച ഒസാമ ബിൻലാദനെ വിട്ടുകൊടുക്കാൻ വിമുഖത കാട്ടിയ താലിബാനെതിരെ അമേരിക്ക യുദ്ധം തുടങ്ങുകയായിരുന്നു. തുടർന്ന് അമേരിക്കൻ പിന്തുണയോടെ പുതിയ സർക്കാർ അഫ്ഗാനിസ്ഥാനിൽ അധികാരത്തിലെത്തിയത്. ഇപ്പോഴും അഫ്ഗാനിസ്ഥാനിൽ താലിബാന്റെ അധീനതയിൽ നിരവധി പ്രദേശങ്ങളാണ് ഉള്ളത്. വരാൻ പോകുന്ന സമാധാന ചർച്ചകൾ യുദ്ധത്തിന് അറുതി വരുത്തുമെന്ന് അഫ്ഗാൻ ജനതയും പ്രതീക്ഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: