കൊച്ചി: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ സംഭവത്തില്‍ ഹൈക്കോടതി പൊലീസിനോട് റിപ്പോര്‍ട്ട് തേടി. കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടു ബിജെപി നേതാവ് നാഗേഷ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി. പൊലീസിന് പരാതി നല്‍കിയിട്ടും കേസ് എടുക്കാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് നാഗേഷ് ഹര്‍ജിയില്‍ വ്യക്തമാക്കി.
ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയുണ്ടായതെന്ന് പൊലീസ് ഹൈക്കോടതിയോട് വിശദീകരിക്കേണ്ടിവരും. ഹര്‍ജി 14ന് വീണ്ടും പരിഗണിക്കും. ഗുരുവായൂര്‍ ഏകാദശിയുമായി ബന്ധപ്പെട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യ സുലേഖ സുരേന്ദ്രന്‍, മരുമകള്‍, ദേവസ്വം ഭാരവാഹികള്‍ തുടങ്ങിയവര്‍ നടത്തിയ ക്ഷേത്രദര്‍ശനമാണ് വിവാദത്തിലായത്.
ഭക്തര്‍ക്ക് അനുമതിയില്ലാതിരുന്ന സമയത്താണ് കടകംപള്ളിയുടെ ഭാര്യ നാലമ്പലത്തില്‍ പ്രവേശിച്ചതെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണിതെന്ന് ഹര്‍ജിയില്‍ പറയുന്നു. ഭക്തര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്ന സാഹചര്യത്തില്‍ മന്ത്രിയുടെ ഭാര്യ അടക്കമുള്ളവര്‍ നാലമ്പലത്തില്‍ കയറി രണ്ടുതവണ ദര്‍ശനം നടത്തിയെന്നും കേസ് എടുക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: