തൃശൂര്‍: തെരഞ്ഞെടുപ്പ് അടുത്തതോടെ മണലൂര്‍ സ്വദേശി പി.ആര് രാജന് ടെന്‍ഷനിലാണ്. വോട്ടവകാശം കിട്ടിയതു മുതല്‍ ഇതുവരെ ഇദ്ദേഹം വോട്ടു മുടക്കിയിട്ടില്ല. ഇത്തവണ 10ന് വോട്ട് ചെയ്യാന്‍ പോളിങ് ബൂത്തിലേക്ക് പോകണം. വിരലില്‍ നീല മഷി പുരട്ടുന്ന കാര്യം ആലോചിക്കുമ്പോഴാണ് 79-കാരനായ രാജന് ആശയക്കുഴപ്പം. വോട്ട് ചെയ്യുമ്പോള്‍ ചൂണ്ടു വിരലില്‍ മഷി പുരട്ടുന്നത് അലര്ജിയാണെന്നതാണ് ആശങ്കയുടെ കാരണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തപ്പോഴാണ് രാജന്റെ ചൂണ്ടുവിരലിന് ചൊറിച്ചിലും അസ്വസ്ഥതകളുമുണ്ടായത്. ആദ്യം കാര്യമാക്കിയില്ലെങ്കിലും ഒരാഴ്ച കഴിഞ്ഞപ്പോള്‍ ചൊറിച്ചില്‍ കൂടി വിരലിന്റെ അറ്റത്തെ തൊലി അടര്‍ന്നു. ഡോക്ടറെ കണ്ട് ചികിത്സ തേടിയെങ്കിലും ഭേദമായില്ല. ഇതേ തുടര്‍ന്ന് മറ്റൊരു ഡോക്ടറെ കണ്ടു. ഗുളികയും ഓയില്മെന്റുമായി കുറേനാള്‍ ചികിത്സ നടത്തിയതിനു ശേഷമാണ് രോഗം മാറിയത്.
കഴിഞ്ഞ ഏപ്രിലില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് രാജന് ആശയക്കുഴപ്പത്തിലായി. വോട്ടു ചെയ്താല്‍ വീണ്ടും രോഗം വരുമെന്ന് പേടിച്ചു. അതിനിടെ ഡോക്ടറുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയാല്‍ മഷി പുരട്ടാതെ വോട്ടു ചെയ്യാന്‍ കഴിയുമെന്ന വിവരം കിട്ടി. ഇതേ തുടര്‍ന്ന് തിരഞ്ഞെടുപ്പിന് തലേദിവസം തൃശൂര്‍ ജനറല്‍ ആശുപത്രിയിലെത്തി ചികിത്സ തേടി. രാജന് വോട്ടിങ് മഷി അലര്‍ജിയാണെന്നും ചികിത്സയിലാണെന്നും പരിശോധനകള്‍ക്കു ശേഷം ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്കി. പിന്നീട് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമായി മണലൂര്‍ സെന്റ് തെരേസാസ് കോണ്‍വെന്റ് സ്കൂളിലെ പോളിങ് ബൂത്തിലെത്തി. പോളിങ്് ഓഫീസര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്കിയ ശേഷം കാര്യം പറഞ്ഞു. തുടര്‍ന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും ബൂത്ത് ഏജന്റുമാരുടെയും അനുമതിയോടെ വോട്ട് ചെയ്തു. എല്ലാവരും മഷിപുരട്ടിയ വിരലുമായി പോളിങ് ബൂത്ത് വിടുമ്പോള്‍ രാജന് വ്യത്യസ്തനായി മടങ്ങി. 12 വര്‍ഷം മുന്‍പ് വെയിലേറ്റ് കൈകള്‍ക്ക് കറുപ്പ് നിറം വന്നിരുന്നു. ആയുര്‍വേദമരുന്ന് കഴിച്ച് കിടത്തി ചികിത്സ നടത്തിയാണ് മാറ്റിയത്. ഇതിനു ശേഷം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനാണ് അലര്‍ജി വീണ്ടും വില്ലനായതെന്ന് രാജന് പറയുന്നു.
നിയമം ലംഘിക്കണമെന്ന് തനിക്ക് യാതൊരു നിര്‍ബന്ധവുമില്ല. വിരലില്‍ മഷി പുരട്ടരുതെന്ന് താന്‍ പറയുന്നത് അലര്‍ജി കൊണ്ടാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് വീട്ടിലെത്തുന്ന സ്ഥാനാര്‍ത്ഥികള്‍ വോട്ടു ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുമ്പോള്‍ ഇദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയാണ്. ‘വിരലില്‍ മഷി പുരട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് തന്നാല്‍ ചെയ്യാം’. മഷിയുടെ അലര്‍ജിയുള്ളവര്‍ക്ക് വൈകീട്ട് 5ന് ശേഷം വോട്ട് രേഖപ്പെടുത്താന്‍ അനുവാദം നല്‍കണമെന്നാണ് രാജന്റെ ആവശ്യം. ഇലക്ട്രോണിക്സ് യുഗത്തില്‍ വിരലില്‍ മഷി പുരട്ടുന്ന പഴഞ്ചന്‍ രീതി മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. റേഷന്‍കാര്‍ഡില്‍ പേരുള്ളവര്‍ വിരല്‍ പതിച്ചാല്‍ റേഷന്‍ സാധനങ്ങള്‍ ലഭിക്കുന്നതുപോലെ വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ വിരല്‍ അമര്‍ത്തിയാലേ വോട്ടിങ് മെഷീനിലെ ബട്ടണ്‍ പ്രവര്‍ത്തിക്കൂ എന്ന രീതി നടപ്പാക്കണമെന്നാണ് രാജന്റെ അഭിപ്രായം. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും അനുഭാവിയല്ലാത്ത ഇദ്ദേഹം എല്ലാ പത്രങ്ങളും വാരികകളും സ്ഥിരമായി വായിക്കും. പത്രങ്ങളില്‍ പ്രതികരണക്കുറിപ്പുകളും എഴുതാറുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഷിയടയാളമില്ലാതെ സമ്മതിദാനവകാശം വിനിയോഗിച്ചതു പോലെ ഇത്തവണയും വോട്ട് രേഖപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് ഈ മുതിര്‍ന്ന വോട്ടര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: