പാറ്റ്നാ എക്സ്പ്രസ്സില്‍ വാരാണസി യാത്രയ്ക്കായി ഇരിക്കുമ്പോള്‍ ചിന്തകള്‍ പുറകോട്ട് സഞ്ചരിക്കുകയായിരുന്നു. എത്രനാളായി ഇങ്ങനെ ഒരു ആഗ്രഹം പേറി നടക്കാന്‍ തുടങ്ങിയിട്ട്. പൗരാണികതയും ആദ്ധ്യാത്മികതയും സമ്മേളിക്കുന്ന ഭാരതത്തിലെ പുണ്യസങ്കേതങ്ങള്‍ സന്ദര്‍ശിക്കുക എന്നത് ആകാശകുസുമംപോലെ കൈയെത്തിപ്പിടിക്കാന്‍ സാധ്യമല്ലാത്ത ഒന്നായിരുന്നു ഇന്നലെവരെ. ഇന്നിതാ ഞാനും സഹധര്‍മ്മിണി ശാന്തകുമാരിയും ഉള്‍പ്പെടെ 10 പേര് ആര്.കെ. ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ കാശിയാത്രയ്ക്ക് സഞ്ചാരികളായി എത്തിയിരിക്കുന്നു.
മൂന്നു രാത്രിയും രണ്ടു പകലും ദീര്‍ഘിച്ച യാത്ര പിന്നിട്ട് തീവണ്ടി 4.15 ന് വാരാണസിയില്‍ എത്തുമ്പോള്‍ എല്ലാവരും പരിക്ഷീണരായിരുന്നു. ഞങ്ങളെ കൂടാതെ ബുക്ക് ചെയ്തിരുന്നവര്‍ ഫ്ളൈറ്റിലാണ് വന്നുചേര്‍ന്നത്. താമസസ്ഥലത്തെത്തി പ്രഭാത ഭക്ഷണം കഴിച്ചശേഷം കാശിനാഥന്റെ സവിധത്തിലേക്കായി പുറപ്പെട്ടു.
പുണ്യഗംഗയുടെ തീരത്തെ വാരാണസി പുരാണ ഹിന്ദു നഗരമാണ്. ഏറ്റവും പ്രിയപ്പെട്ട ആരാധനാമൂര്‍ത്തിയായ കാശിവിശ്വനാഥ പ്രതിഷ്ഠയുള്ള ക്ഷേത്രം വിശ്വോത്തരംതന്നെ. ക്ഷേത്രത്തിനുള്ളില്‍ ശിവന്, വിശ്വേശ്വരന് (വിശ്വനാഥന്) ജ്യോതിര്‍ലിംഗമുണ്ട്. ക്ഷേത്രത്തിലെത്തി വിശ്വനാഥനെ തൊഴുന്നതിനു മുന്‍പായി ദുണ്ഡി ഗണപതിയെ വണങ്ങണമെന്നാണ് കീഴ്വഴക്കം: തുടര്‍ന്ന് വായുപുത്രനായ ഹനുമാന്ജിയേയും. ഐശ്വര്യപ്രദായിനിയായ അന്നപൂര്‍ണ്ണേശ്വരിയെ കമനീയമായി അലങ്കരിച്ചതും കാണാം.
ഓരോ ചെറുക്ഷേത്രങ്ങളും കടന്ന് ഒടുവില്‍ സാക്ഷാല്‍ കാശിവിശ്വനാഥന്. സ്വയംഭൂജ്യോതിസ്സ്. ഭക്തര്‍ കൊണ്ടുവന്നിട്ടുള്ള പാല് പാത്തിയിലൂടെ അഭിഷേകം ചെയ്യുന്നു. വിഗ്രഹത്തിലല്ല, യഥാര്‍ത്ഥത്തില്‍ അതിലെ പ്രഭാവത്തിലാണ് ഐശ്വര്യം കുടികൊള്ളുന്നത്. ഒരിക്കല്‍ ശ്മശാനഭൂമിയായിരുന്നു കാശി എന്നാണ് പറയപ്പെടുന്നത്. കാലഭൈരവനായ ശിവസ്വരൂപനെ വണങ്ങി തിരികെ താമസസ്ഥലത്തേക്കുള്ള മടക്കയാത്ര. ഇടയ്ക്കിടെ പെയ്ത മഴ അന്തരീക്ഷത്തെ തണുപ്പിച്ചെങ്കിലും സങ്കല്‍പ്പങ്ങള്‍ക്ക് ഭീഷണിയാകാതിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ വാരാണസിയില്‍ തോരാമഴയായിരുന്നുവത്രെ. അകലെയല്ലാതെ ഗംഗാനദി കരകവിഞ്ഞ് അതിന്റെ പ്രയാണം തുടരുകയാണ്. കാശിയില്‍ തൊഴുന്നതും ഗംഗാനദിയില്‍ പുണ്യസ്നാനം ചെയ്യുന്നതും മോക്ഷമാര്‍ഗം തെളിക്കുമെന്ന വിശ്വാസം ഉള്ളില്‍ വീണ്ടും തെഴുത്തുവന്നു.
രണ്ടാം ദിവസം അഞ്ചു മണിയോടെ തുടക്കമായി. അലഹബാദിലേക്കുള്ള യാത്ര. ഇത് തീര്‍ത്തും തീര്ത്ഥയാത്രയാവുന്നത് ഇവിടെയാണ്. തര്‍പ്പണത്തിനുള്ള ഊഴം കാത്ത് എല്ലാവരും നിന്നു. സംഘത്തിലെ 10 ബ്രാഹ്മണ ദമ്പതികളും അബ്രാഹ്മണരായ രണ്ടു ദമ്പതികളും വിശിഷ്ടമായ ഒരനുഭവത്തെ സ്വയം വരിക്കുകയായിരുന്നു. പരസ്പരം മാലയിട്ട് ഒരിക്കല്‍ കൂടി ഞങ്ങള്‍ വിവാഹിതരായി. ദാമ്പത്യജീവിതത്തിന്റെ പാരസ്പര്യതയും വിശ്വാസ്യതയും വിളക്കിച്ചേര്‍ക്കുക വഴി നെടുമംഗല്യം അഭിലഷിക്കുകയായിരുന്നു ഓരോ ദമ്പതികളും. പുരോഹിതര്‍ ഓതി തന്ന മന്ത്രങ്ങള്‍ ഏറ്റുചൊല്ലി, ഒടുവില്‍ കൈയിലുള്ള മഞ്ഞളും കുങ്കുമവും കണ്ണാടിയും ചീപ്പും പൂക്കളും ഉണക്കലരിയും അടങ്ങിയ തട്ട് ഗംഗയില്‍ തര്‍പ്പണം ചെയ്യാനായി പുറപ്പെടുന്നു. അതിനു മുന്നേ നാണയത്തുട്ടുകളും, വെറ്റിലയും, തേങ്ങയും മറ്റും പുരോഹിതന് മാറ്റുന്നു. ഗംഗാതീരത്തുനിന്നു വഞ്ചിയില്‍ ത്രിവേണി സംഗമത്തില്‍ എത്തിയാണ് തര്‍പ്പണം. ഗംഗാ-യമുന-സരസ്വതി നദികളുടെ സംഗമസ്ഥലത്ത് നിമജ്ജനം ചെയ്യുന്നതിനു മുന്‍പ് തട്ടിലെ വസ്തുക്കള്‍ ചെറിയൊരു മുറത്തിലാക്കിയിരിക്കും. ഇന്നോളമുള്ള പാപങ്ങള്‍ക്ക് പ്രായശ്ചിത്തം ചൊല്ലി ഗംഗയില്‍ മുങ്ങിപ്പൊങ്ങുമ്പോള്‍ ഉളവാകുന്നത് അവാച്യമായ ഒരു ആത്മീയ ഉണര്‍വാണ്. ഈറനോടെ തിരികെയെത്തുമ്പോള്‍ പ്രഭാതഭക്ഷണമായി പാല്‍ക്കഞ്ഞി എത്തി. സീല്‍ ചെയ്ത ചെമ്പുപാത്രത്തില്‍ ഗംഗാജലം വാങ്ങി. ഉച്ചയ്ക്കുള്ള ഊണ് കഴിഞ്ഞതും ശ്രീരാമജന്മഭൂമിയിലേക്കുള്ള യാത്രയ്ക്ക് ബസ് തയ്യാറായിരുന്നു. 3.30 മുതല്‍ 9.30 വരെ ദീര്‍ഘിച്ച യാത്ര. അത്താഴം കഴിച്ച് പിറ്റേന്നത്തെ പ്രഭാതത്തിലേക്കായി ഉറക്കത്തെ സ്വാഗതം ചെയ്തു.
ഫൈസാബാദിനടുത്തുള്ള നഗരമാണ് അയോദ്ധ്യ. വിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായി വിശ്വസിക്കപ്പെടുന്ന രാമന്റെ ജന്മഭൂമിയാണ് ഓരോ ഹിന്ദുവിനും അയോദ്ധ്യ. സരയൂ നദി ചരിത്രത്തെ വിളംബരം ചെയ്ത് നിശബ്ദമായി ഒഴുകുന്നു. ഞങ്ങളെ സ്വീകരിച്ചത് അഴുക്കുപുരണ്ട വസ്ത്രത്തില്‍ ശരീരം മറച്ച് കൈനീട്ടി നില്ക്കുന്ന കുട്ടികളായിരുന്നു. പരിഷ്കൃത ജനതയെന്നവകാശപ്പെടുമ്പോഴും ഇന്നും പിന്നാമ്പുറങ്ങളില്‍ ഈ ദൃശ്യം ഇല്ലാതായിട്ടില്ല.
ശ്രീരാമ ക്ഷേത്ര നിര്‍മ്മാണത്തിനായി ഒരുക്കിവച്ചിട്ടുള്ള കല്‍മണ്ഡപങ്ങളും സ്തൂപങ്ങളും മറ്റും ശില്‍പ്പ സൗന്ദര്യത്തിനു മകുടം ചാര്‍ത്തുന്നവയാണ്. തിരികെ അയോദ്ധ്യയോടു വിടപറഞ്ഞ് വീണ്ടും വാരാണസിയിലേക്ക്. അടുത്തദിവസം അഷ്ടമിരോഹിണിയിലേക്കാണ് കണ്‍തുറന്നത്. പിതൃബലിക്കായി ഗംഗാതീരത്തേക്ക്. ആചാര്യന്റെ നിര്‍ദ്ദേശങ്ങള്‍ക്കായി ഓരോരുത്തരും ബദ്ധശ്രദ്ധരായി. മൂന്നു തലമുറയിലെ പിതൃക്കളെ സങ്കല്‍പ്പിച്ച് 17 പിണ്ഡങ്ങള്. എള്ളും പൂവുമിട്ട് അഞ്ജലീബദ്ധരായി പ്രാര്‍ത്ഥിച്ച് കൈയിലെ യജ്ഞോപവീതങ്ങള്‍ ഗംഗയിലൊഴുക്കി. നാട്ടിലെ മതാചാരക്രമമനുസരിച്ച് ബലിയിട്ടുശീലിച്ചിട്ടുണ്ടെങ്കിലും, പവിത്രഗംഗയിലെ ഈ തര്‍പ്പണത്തിലൂടെ മണ്മറഞ്ഞ പിതൃക്കള്‍ക്ക് ഒരുകോടി സായുജ്യം ലഭിക്കുമെന്നു മനസ് മന്ത്രിച്ചു.
ഉച്ചയൂണുകഴിഞ്ഞ് കാശിനാഥന്റെ ദര്‍ശനപുണ്യത്തിനായി ഞാന്‍ ഭാര്യ ശാന്തയേയും കൂട്ടി തിരിച്ചു. സ്വതന്ത്രവും സ്വച്ഛന്ദവുമായ മനസ്സായിരുന്നു അപ്പോള്‍ ഞങ്ങള്‍ക്ക്. പാലഭിഷേകവും വഴിപാടുകളും വിധിപോലെ ചെയ്തുകഴിഞ്ഞപ്പോള്‍ ശാന്തിയുടെ തണുപ്പ് പടര്‍ന്നു. ജ്യോതിര്‍ലിംഗത്തെ നാലു ദിക്കിലുമായി നിന്നു തൊഴുതു മടങ്ങുമ്പോള്‍, സ്വാമി എരുക്കുമാല ഞങ്ങളെ അണിയിച്ചു. നെറ്റിയില്‍ ഭസ്മവും. കാലഭൈരവനേയും ദണ്ഡപാണിയേയും കൈകൂപ്പി, വഴിപാടായി കറുത്തചരടുകള്‍ വാങ്ങി പൂജിക്കാന്‍ നല്കി.
മൂന്നാം ദിവസം കാശിവിശ്വനാഥനു മുന്നില്‍ വീണ്ടും. ഗണപതി, അന്നപൂര്‍ണേശ്വരി, വിശാലാക്ഷി വിഗ്രഹങ്ങള്‍ക്ക് മുന്നിലും ധ്യാനനിരതരായി കുറച്ചുനേരം – താമസിച്ചിരുന്ന ടൂറിസ്റ്റ് ഹോമിന്റെ രണ്ടാം നിലയിലെത്തിയപ്പോള്‍ കൂടെയുണ്ടായിരുന്ന ബ്രാഹ്മണദമ്പതികള്‍ പുറത്തുനിന്നെത്തിയ ദമ്പതികളെ പുടവയും മാലയും നല്കി ആദരിച്ചപ്പോള്‍ വൈചിത്ര്യം തോന്നി. സംഘത്തിലെ മുരളി യാത്രാസംഘത്തിലെ എല്ലാവര്ക്കും ഷാളും രുദ്രാക്ഷമാലയും നല്കി. പിന്നീട് ലോക്കല്‍ സന്ദര്‍ശനത്തിനായി തിരിച്ചു. സങ്കടമോചന്‍ ഹനുമാന് ക്ഷേത്രം, ബിര്‍ളാ മന്ദിരം തുടങ്ങി വിവിധ ക്ഷേത്രങ്ങള്‍ കാഴ്ചയ്ക്കു വിരുന്നായി.
ഏറ്റവും വിസ്മയം ജനിപ്പിച്ചത് 1800 ഏക്കറുകളിലായി പരന്നുകിടക്കുന്ന ബനാറസ് ഹിന്ദു സര്‍വകലാശാലയാണ്. കാശി വിശ്വവിദ്യാലയം, വിവിധ കലാക്ഷേത്രങ്ങള്‍ പിന്നാലെ. നൂറ്റാണ്ടുകളുടെ ചരിത്രവീഥികളെ വിരിച്ചിട്ട സര്‍വകലാശാലയുടെ കെട്ടിടസമുച്ചയത്തിന് പ്രൗഢഗംഭീരമായ ഗരിമ – പ്രതാപകാലത്തെ വിളിച്ചോതുന്ന സാന്നിദ്ധ്യം.
രാത്രി 8.45 ന് ബീഹാറിലെ ഗയയില്‍ ഞങ്ങള്‍ എത്തി. ഹോട്ടല്‍ ശിവയില്‍ രാത്രി കഴിച്ചുകൂട്ടി. പിറ്റേന്നു രാവിലെ ഏഴ് മണിയോടെ ഫാല്‍ഗുനി നദിക്കരയിലേക്ക്. കേള്‍വിയില്‍ ശ്രുതിചേര്‍ത്ത് ഇമ്പമോടെ സൂക്ഷിക്കുന്ന ഫാല്‍ഗുനി, ഇന്ന് ശോഷിച്ച് കൃശഗാത്രയായി ഒഴുകുന്നു. മുങ്ങിനിവരാന്പോലുമുള്ള വെള്ളമില്ല. പൊതുവെ ഉര്‍വ്വരമായ കാലാവസ്ഥയും ചുറ്റുപാടുകളും ഗയയെ പൊതിഞ്ഞുനില്ക്കുന്നു. എങ്കിലും ഉച്ചതിരിഞ്ഞപ്പോള്‍ ചെറിയൊരു മഴ ശൈത്യവും കൊണ്ടുവന്നു.
ബലിതര്‍പ്പണത്തിനായുള്ള പിണ്ഡങ്ങളില്‍ ഒന്ന് ഇലയിലെടുത്ത് വിഷ്ണുപാദ ക്ഷേത്രത്തില്‍ തൂകി വഴിപാടുകള്‍ കഴിച്ചു-മറ്റൊന്ന് വടവൃക്ഷത്തിന്റെ ചുവട്ടില്‍ അര്‍പ്പിച്ചു. ബോധോദയത്തിന്റെ വെളിച്ചത്തില്‍ ലോകത്തെ അഹിംസയുടെയും ധര്‍മ്മത്തിന്റെയും ശാന്തിഗീതങ്ങള്‍ ഉദ്ബോധിപ്പിച്ച ശ്രീബുദ്ധന്. ഈ നാടിന്റെ സ്വത്വമായി ആ ബോധിവൃക്ഷം നമുക്കു മുന്നിലുണ്ട്. ഉച്ചഭക്ഷണം കഴിഞ്ഞ് സിദ്ധാര്ത്ഥന് ബുദ്ധനായി പരിണമിക്കാന്‍ നിമിത്തമായ സ്ഥലത്തേക്കായിരുന്നു ഗമനം. ശ്രീബുദ്ധക്ഷേത്രവും ബോധോദയത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളെ അടയാളപ്പെടുത്തുന്ന സ്ഥലങ്ങളും മാര്‍ഗമധ്യേ കണ്ടു.
മുഗള്‍ഭരണകാലത്തെ അധിനിവേശത്തിന്റെ ബാക്കിപത്രങ്ങളായിരുന്നു ബോധ്ഗയ, വിഷ്ണുപാദ ക്ഷേത്രങ്ങള്‍. ‘ഗയ’ ക്ഷേത്രസങ്കേതങ്ങളുടെ ‘ആവാസഭൂമി’യായി തോന്നിച്ചു. ക്ഷേത്രകിരീടങ്ങളെപ്പോലുള്ള ഗിരിശൃംഖലകളാല് വലയം ചെയ്യപ്പെട്ട ഗയ മനോഹരിയാണ്. വിഷ്ണുപാദ ക്ഷേത്രത്തില്‍ പേരുപോലെ വിഷ്ണുവിന്റെ പാദങ്ങള്‍ പതിഞ്ഞിരിക്കുന്നു. 18-ാം നൂറ്റാണ്ടില്‍ മറാത്താ രാജകുമാരി അഹല്യാഭായിയാണ് ഇതു പണികഴിപ്പിച്ചത്. ഗയയില്‍നിന്ന് ആറ് മൈല്‍ തെക്ക് ബോധിലെ മഹാക്ഷേത്രം, ശ്രീലങ്കയില്‍നിന്നുള്ള ശുഭ്രവസ്ത്രധാരികളായ തീര്‍ത്ഥാടകര്‍ ബുദ്ധക്ഷേത്രത്തിനു ചുറ്റും ധ്യാനനിരതരായിരിക്കുന്നു. 96 പിണ്ഡങ്ങള് മൂന്നു തലമുറകളിലേക്കു നീളുന്ന പിതൃക്കളുടെ മോക്ഷത്തിനായി അര്‍പ്പിച്ചപ്പോള്‍ അനിര്‍വചനീയമായ ആത്മനിര്‍വൃതി. സ്വപ്നേപി കരുതാത്ത എന്തെല്ലാം സൗഭാഗ്യങ്ങളാണ് ഈശ്വരന് നമുക്കായി നല്‍കുന്നത്!
തിബത്ത്, മംഗോളിയ വാസ്തുശില്‍പ്പ സൗന്ദര്യമുള്ള ക്ഷേത്രങ്ങളുടെ ഒടുങ്ങാത്ത നിര. ക്ഷേത്രങ്ങളുടെ ഉള്‍വശത്ത് എത്തുമ്പോള്‍ എവിടെനിന്നോ നമ്മില്‍ ആവേശിക്കുന്ന ഉന്മേഷ നിര്‍ഝരി. ഉന്നതശീര്‍ഷനായ ബുദ്ധന്റെ അലംകൃത ബിംബങ്ങള്‍. ഓരോന്നും കണ്ടപ്പോള്‍ ബാല്യത്തിലും കൗമാരത്തിലും പാഠഭാഗങ്ങളായി മനസ്സില്‍ ചേക്കേറിയ കപിലവാസ്തുവിലെ സിദ്ധാര്‍ത്ഥനും, ബോധിവൃക്ഷച്ചുവട്ടിലെ ബുദ്ധനും, കലിംഗയിലെ അശോകചക്രവര്‍ത്തിയുടെ ബുദ്ധസ്തൂപങ്ങളും മറ്റും മറ്റും മനോമുകുരത്തില്‍ തെളിവാര്‍ന്നു.
യാത്രയുടെ അന്തിമഘട്ടത്തിലേക്കാണ് കടക്കുന്നത്. ഗയയുടെ ശാന്തിതീരത്തോട് വിടപറഞ്ഞ് തിരികെ എ.സി. ബസില്‍ വാരാണസിയിലേക്ക്. തലേദിവസം ചായകുടിക്കാന്‍ നിര്‍ത്തിയ അതേ സ്ഥലത്തുതന്നെ ഇന്നും ചായ. (റിലയന്‍സ് പെട്രോള്‍ പമ്പിനു സമീപമായിരുന്നതുകൊണ്ട് പെട്ടെന്ന് ഓര്‍മ്മവന്നു.)
ശരീര-മനസ്സുകളെ ശുഭ്രാകാശംപോലെ പരിപൂതമാക്കിയ തീര്‍ത്ഥാടനം കഴിയുമ്പോള്‍, മനസ്സ് നിശ്ശബ്ദമായി മന്ത്രിക്കുകയായിരുന്നു. ആസേതുഹിമാചലം ഭക്തസഹസ്രങ്ങള്‍ക്ക് പ്രിയങ്കരമായ തീര്‍ത്ഥസ്ഥലികള്‍ കാണാന്‍ എന്റെ കണ്ണുകള്‍ക്ക് ഭാഗ്യം സിദ്ധിച്ചിരിക്കുന്നു. വാരാണസിയും ഗയയും ഈ ജീവിതകാണ്ഡത്തിന്റെ ഭാഗമായി ഞാന്‍ ഒപ്പം കൂട്ടിയിരിക്കുന്നു.
തീര്ത്ഥഭൂമിയിലെത്തി മടങ്ങുമ്പോള്‍ ഏതു തീര്‍ത്ഥാടകനും പുതിയൊരു മനുഷ്യനായി ഉടച്ചുവാര്‍ക്കപ്പെടുന്നു. തെളിഞ്ഞ ചിന്തയും നവ്യമായ കാഴ്ചപ്പാടും ഉറച്ച കാല്‍വയ്പുകളും ഈ തീര്‍ത്ഥാടനം വഴി കൈവന്നിരിക്കുന്നതുപോലെ; സമത്വബോധത്തിന്റെ ആര്‍ഷജ്ഞാനം പകര്‍ന്ന സംസ്കാരം എന്നെ നയിക്കട്ടെ എന്നായിരുന്നു എറണാകുളത്ത് വണ്ടിയിറങ്ങുമ്പോള്‍ എന്റെ പ്രാര്‍ത്ഥന.
ശശിധരന്
വൈറ്റില
പ്രതികരിക്കാൻ ഇവിടെ എഴുതുക: