ന്യൂഡല്‍ഹി: കര്‍ഷക നിയമത്തിനെതിരെ ഡല്‍ഹിയിലെ അതിര്‍ത്തികളില്‍ പഞ്ചാബിലെയും ഹരിയാനയിലെയും കൃഷിക്കാരുടെ പ്രക്ഷോഭം തുടരുന്നതിനിടെ, അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റികളുടെ(എപിഎംസി) പുറത്ത് പുതിയ നിയമപ്രകാരം കച്ചവടം നടത്തി നേട്ടമുണ്ടാക്കി മഹാരാഷ്‌ട്രയിലെ സൊയാബീന്‍ കര്‍ഷകര്‍. മഹാരാഷ്‌ട്രയിലെ, ഫാര്‍മര്‍ പ്രൊഡ്യൂസിംഗ് കമ്പനികളുടെ(എഫ്പിസി) കൂട്ടായ്‌മയായ മഹാ എഫ്പിസിയുടെ കണക്കുകള്‍ പ്രകാരം, സെപ്റ്റംബറില്‍ നിയമം പ്രാബല്യത്തിലായതുമുതല്‍ ചന്തകള്‍ക്കു പുറത്തുള്ള വ്യാപാരത്തിലൂടെ നാലുജില്ലകളിലെ എഫ്പിസികള്‍ നേടിയത് പത്തുകോടിയിലധികം രൂപ.
എപിഎംസി ചന്തകള്‍ക്കുള്ളിലെ നാലു ചുവരുകള്‍ക്കുള്ളില്‍ കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനം നിയന്ത്രിച്ചുനിര്‍ത്താനുള്ള എപിഎംസികളുടെ അധികാരം കുറയ്‌ക്കുന്നതാണ് കാര്‍ഷിക ഉത്പന്ന വ്യാപാര, വാണിജ്യ നിയമം. പുതിയ നിയമപ്രകാരം ചന്തകള്‍ക്കു പുറത്തും കർഷകർക്ക് വ്യാപാരത്തിന് തടസമില്ല. സെപ്റ്റംബര്‍ മുതല്‍ ഭക്ഷ്യ എണ്ണ ഉത്പാദകരും മൃഗങ്ങള്‍ക്കുള്ള തീറ്റ ഉത്പാദിപ്പിക്കുന്നവരും കര്‍ഷകരെ നേരിട്ടു സമീപിച്ചുതുടങ്ങി. ഇതിലൂടെ കര്‍ഷകര്‍ക്ക് ചരക്കുനീക്കത്തിനുള്ള ചെലവ് ലാഭിക്കാനായപ്പോള്‍ കമ്പനികള്‍ക്ക് ചന്തകളില്‍ കൊടുക്കുന്ന നികുതി ഒഴിവായി കിട്ടി.
കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ പ്രധാനമായും മറാത്ത് വാഡയിലെ ഉള്‍പ്പെടെ 19 എഫ്പിസികള്‍ക്ക് 2,693.588 ടണ്ണിന്റെ വ്യാപാരം ചന്തയ്‌ക്ക് പുറത്ത് കമ്പനികളുമായി നടത്താനായി. ഇതിനു പുറമേ ലത്തൂരിലെ 13 എഫ്പിസികള്‍ 2,165.863 ടണ്‍ ഒറ്റയ്‌ക്ക് വിതരണം ചെയ്തു. എഡിഎം അഗ്രോ ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡാണ് ഇതില്‍ ഏറിയ പങ്കും വാങ്ങിയത്. ഒസ്മാനബാദിലെ നാലു എഫ്പിസികള്‍ 412.327 ടണ്‍ സൊയാബീന്‍ വിറ്റു.
ഹിംഗോലിയിലെയും നന്ദേഡിലെയും ഒരോ എഫ്പിസികള്‍ 96.618 ടണ്ണും 18.78 ടണ്ണും കമ്പനികള്‍ക്ക് വില്‍പ്പന നടത്തി. ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ക്ക് കാര്‍ഷിക ഉത്പന്നങ്ങള്‍ നേരിട്ടുവില്‍ക്കാന്‍ നിയമം വഴിയൊരുക്കുമെന്ന് സെപ്റ്റംബറില്‍ കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ ലോക്‌സഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മഹരാഷ്‌ട്രയിലെ കര്‍ഷകരുടെ അനുവഭവം ഇത് ശരിവയ്‌ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: