കൊച്ചി: ഊരാളുങ്കല്‍ സൊസൈറ്റിക്ക് പിണറായി സര്‍ക്കാര്‍ നിര്‍മാണക്കരാറുകള്‍ നല്‍കിയത് ഭരണഘടന ലംഘിച്ചാണെന്ന സിഎജി റിപ്പോര്‍ട്ട് വലിയ വിവാദത്തിലേക്ക്. കരാര്‍ കിട്ടിയെങ്കിലും അത് ഏറ്റെടുത്തിട്ടില്ലെന്നും കരാര്‍ നല്‍കണമെന്ന് സൊസൈറ്റി ആവശ്യപ്പെട്ടിട്ടില്ലെന്നും ഊരാളുങ്കല്‍ സൊസൈറ്റി (യുഎല്‍സിസിഎസ്) ചെയര്മാന് പാലേരി രമേശന് പറയുന്നു. ജന്മഭൂമി ഇന്നലെ പ്രസിദ്ധീകരിച്ച ‘ഊരാളുങ്കലിനുവേണ്ടി ഭരണഘടന ലംഘിച്ചു’ എന്ന വാര്‍ത്തയ്ക്കുള്ള മറുപടിയായി ചെയര്മാന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം. ഇതോടെ, മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിസഭാംഗങ്ങളെ തെറ്റിദ്ധരിപ്പിച്ചോ എന്നതുള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ ഉയരുന്നു.
ഐടി വകുപ്പ്, 2017 ഫെബ്രുവരി 17നാണ് ജി.ഒ. (എംഎസ്) നമ്പര്‍ 3-2017-ഇ ആന്‍ഡ് ഐടിഡി ഉത്തരവ് പ്രകാരം, കൊച്ചിയില്‍ 215.26 കോടി രൂപ ചെലവില്‍ 2.4 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ കൊച്ചി ഇന്നവേഷന്‍ സോണ്‍ കെട്ടിടം നിര്‍മിക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് കരാര്‍ നല്‍കിയത്. കിഫ്ബിയുടെ 2016 നവംബര്‍ ഏഴിലെ തീരുമാന പ്രകാരമാണെന്ന് അന്നത്തെ ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം. ശിവശങ്കറാണ് ഉത്തരവിറക്കിയത്. മന്ത്രിസഭയുടെ 2017 ഫെബ്രുവരി 15ലെ 708-ാം ഇനമായി (ഫയല്‍ നം: ഐടി-എ2-155-206-ഇ ആന്‍ഡ് ഐടിഡി) പരിഗണിച്ചാണ് തീരുമാനമെടുത്തത്. തീരുമാനം അംഗീകരിച്ചതായി മുഖ്യമന്ത്രി ഒപ്പുവച്ചു. ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് കൗണ്ടര്‍ സൈനും ചെയ്തു.
എന്നാല്‍ ആ കരാര്‍ ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഊരാളുങ്കല്‍ സൊസൈറ്റി ചെയര്മാന് പറയുന്നു. ഐടി വകുപ്പും നോക്കുന്ന മുഖ്യമന്ത്രി, 2017 ഫെബ്രുവരി ഏഴിന് മന്ത്രിസഭാ യോഗത്തില്‍ വായിച്ച് അംഗീകരിച്ച നോട്ടില്‍ പറയുന്നത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ചെയര്മാന് സമര്‍പ്പിച്ച നിവേദന പ്രകാരമാണ് വിഷയം പരിഗണിക്കുന്നത് എന്നാണ്.
മുഖ്യമന്ത്രിയുടെ കുറിപ്പില്‍ മൂന്നും നാലും ഖണ്ഡിക കാര്യങ്ങള്‍ വിശദീകരിച്ച് ഇങ്ങനെ ചുരുക്കുന്നു: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്റെ അപേക്ഷ പരിഗണിച്ച്, കിഫ്ബിയുടെ ധന സഹായത്തോടെ നടപ്പാക്കുന്ന 215.26 കോടി രൂപ എസ്റ്റിമേറ്റുള്ള 3.4 ലക്ഷം ച.അടി കൊച്ചിന് ഇന്നവേഷന്‍ സോണ്‍ കെട്ടിട നിര്‍മാണത്തിന്റെ ചുമതല നിലവിലുള്ള ചട്ടങ്ങളില്‍ ഇളവ് വരുത്തി പ്രത്യേക കേസായി പരിഗണിച്ച് സൊസൈറ്റിക്ക് നല്‍കാവുന്നതാണോ. വിഷയം പരിഗണിച്ച് സൊസൈറ്റിക്ക് അനുകൂലമായി മന്ത്രിസഭ തീരുമാനം എടുത്തു.
പക്ഷേ, സര്‍ക്കാര്‍ സ്വയം തീരുമാനിച്ചതാണ്-എന്നാണ് ഊരാളുങ്കല്‍ ചെയര്‍മാന്റെ വിശദീകരണം. അപ്പോള്‍ മുഖ്യമന്ത്രി പരാമര്‍ശിച്ച നിവേദനവും അപേക്ഷയും ആരുടേതാണെന്ന് ചോദ്യം. അപേക്ഷ ഇല്ലെങ്കില്‍ മുഖ്യമന്ത്രി മന്ത്രിസഭാംഗങ്ങളോട് കളവ് പറഞ്ഞുവോ എന്നും ചോദ്യമുണ്ട്.
നിയമ പ്രകാരം മാത്രം കാര്യങ്ങള്‍ നടക്കണം എന്നു നിഷ്ക്കര്‍ഷ ഉള്ളതിനാല്‍ സര്‍ക്കാര്‍ നല്കിയ കരാര്‍ എടുത്തില്ല. പകരം പുതിയ ടെന്‍ഡറില്‍ പങ്കെടുത്തുവെന്നാണ് ചെയര്മാന് പറയുന്നത്. സര്‍ക്കാര്‍ ചെയ്തത് നിയമ പ്രകാരമല്ലെന്ന സിഎജിയുടെ നിലപാട് ഊരാളുങ്കലും സമ്മതിക്കുകയാണ്. പുതിയ ടെന്‍ഡര്‍ 3.4 ലക്ഷം ച.അടി വിസ്തീര്‍ണത്തിലുള്ള കെട്ടിടത്തിനല്ല, രണ്ടു ലക്ഷത്തിന്റെ കെട്ടിടത്തിനായിരുന്നു. നിര്‍മാണത്തുക 215 കോടിയില്‍നിന്ന് 87 കോടിയായി കുറഞ്ഞു (87,89,74,739 രൂപ). 2018 ജൂലൈ 20നാണ് കരാര്‍ ഊരാളുങ്കലിന് നല്‍കിയത്. അപ്പോഴും 50 കോടി രൂപയുടെ വരെ മാത്രം നിര്‍മാണങ്ങള്‍ക്ക് കരാര്‍ എടുക്കാന്‍ നിയമമുള്ള കമ്പനിക്ക് 87 കോടിയുടെ കരാര്‍ ടെന്‍ഡര്‍ വഴി എങ്ങനെ നല്‍കിയെന്ന ചോദ്യവും ഉയരുന്നു.
ഊരാളുങ്കല്‍ സൊസൈറ്റി 5900 മുഖ്യ പ്രോജക്ടുകള്‍ സംസ്ഥാനത്ത് നടപ്പാക്കിയതായി ചെയര്മാന് അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറയുന്നു. സിഎജി പരിഗണിച്ച അഞ്ചു കേസുകളുടെ കാര്യത്തില്‍ ഒരു കേസിനെക്കുറിച്ചേ ജന്മഭൂമി പറഞ്ഞിട്ടുള്ളൂവെന്നാണ് ചെയര്‍മാന്റെ വിശദീകരണം. 809.21 കോടി രൂപയുടെ അഞ്ചു കരാറുകള്‍ വഴി ചട്ടം ലംഘിച്ചുവെന്നാണ് സിഎജിയുടെ രണ്ടു വര്‍ഷം മുമ്പത്തെ കണ്ടെത്തല്‍. സംസ്ഥാന സര്‍ക്കാര്‍ ആ സിഎജി റിപ്പോര്‍ട്ടിലെ ശുപാര്‍ശ പ്രകാരം എന്തു ചെയ്തുവെന്നതാണ് വലിയ ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: