തിരുവനന്തപുരം : ശബരിമലയില്‍ ഭക്തരുടെ എണ്ണം ഇരട്ടിയാക്കി സര്‍ക്കാര്‍. നിലവില്‍ ആയിരം ഭക്തര്‍ക്ക് ദര്‍ശനം ഒരുക്കുന്നത് രണ്ടായിരമായി ഉയര്‍ത്തും. ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ടായിരം ഭക്തരെന്നത് മൂവായിരം ആക്കി. ദേവസ്വം ബോര്‍ഡിന്റെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകായിയരുന്നു. പമ്പ- ബസ് സ്റ്റാന്‍ഡ് മുതല്‍ സന്നിധാനം വരെയുള്ള ആറു കിലോമീറ്ററില്‍ കൂടുതല്‍ ഭക്തര്‍ക്ക് സാമൂഹ്യ അകലം പാലിച്ച് വരിനില്‍ക്കാന്‍ കഴിയുമെന്നാണ് ആരോഗ്യ വകുപ്പ് കണക്ക് കൂട്ടിയത്. ശബരിമല വരുമാനത്തിലെ ഗണ്യമായ ഇടിവ് കൂടി പരിഗണിച്ചാണ് ഭക്തരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്ത്. ഭക്തരുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ഉത്തരവ് റങ്ങുന്ന പക്ഷം വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലും മാറ്റം വരുത്തും.
ഭക്തരുടെ എണ്ണം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന് നല്കിയ കത്ത് ചീഫ് സെക്രട്ടറി തല ഉന്നത യോഗം പരിഗണിച്ചിരുന്നു.
അതേസമയം, ദേവസ്വം ബോര്‍ഡിന്റെ ലാഭക്കൊതിയാണ് ഇത്തരം നീക്കത്തിനു പിന്നിലെന്ന ആരോപണം ശക്തമാണ്. ഇപ്പോഴും വെര്‍ച്വല്‍ക്യൂ മുഖാന്തിരം ബുക്കു ചെയ്യുന്ന ഭക്തര്‍ പോലും സന്നിധാനത്ത് ദര്‍ശനത്തിനെത്തുന്നില്ല. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തിയ തീര്‍ത്ഥാടകരെപ്പോലും നിലയ്ക്കലില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവായി കണ്ടെത്തിയിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് തീര്‍ത്ഥാടകസംഘമായി എത്തുന്നവരിലാണ് ഇത്തരത്തില്‍ കൊവിഡ് രോഗബാധയുള്ളവരെ കണ്ടെത്തുന്നത്. ആന്ധ്ര, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നെല്ലാം ദിവസങ്ങളോളം യാത്ര ചെയ്തുവരുന്ന രോഗബാധിതര്‍ അവര്‍ യാത്രാവഴിയില്‍ ദര്‍ശനം നടത്തുന്ന ക്ഷേത്രങ്ങളിലും, ഭക്ഷണം കഴിക്കുന്നിടങ്ങളിലുമൊക്കെ കൊവിഡ് രോഗം പകരാനിടയാക്കും. പരിമിതമായ ആളുകള്‍ വന്നപ്പോള്‍തന്നെ ദിവസവും പരിശോധനയില്‍ മൂന്നുംനാലും പേരെ രോഗബാധിതരായി കണ്ടെത്തുന്നുണ്ട്. അപ്പോള്‍ ദിനംപ്രതി ആയിരങ്ങള്‍ തീര്‍ത്ഥാടനത്തിനെത്തിയാല്‍ സ്ഥിതികൂടുതല്‍ ഗൗരവമുള്ളതാകും എന്നാണ് ഭക്തര്‍ പറയുന്നത്.
നിലവില്‍ നിലയ്ക്കലിലും മറ്റും നടത്തുന്ന കൊവിഡ് ടെസ്റ്റ്കൊണ്ട് രോഗബാധിതരെ മുഴുവനായും കണ്ടെത്താനാകില്ലെന്ന് ആരോഗ്യവകുപ്പ് തന്നെ പറയുന്നു. റാപ്പിഡ് ആന്റിജന്‍ പരിശോധനയിലൂടെ കൊവിഡ്് രോഗമുള്ള മുഴുവന്‍ ആളുകളെയും കണ്ടെത്താന്‍ കഴിയില്ല. ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവായതുകൊണ്ട് അസുഖം ഇല്ല എന്ന് അര്‍ഥമില്ല. ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവായാലും രോഗവാഹകര്‍ ആയേക്കാം. ഈ പശ്ചാത്തലത്തില്‍ ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആണ് എന്ന് കരുതി കൊവിഡ് പ്രോട്ടോകോളില്‍ അലംഭാവം കാട്ടാന്‍ പാടില്ലെന്നാണ് ആരോഗ്യവകുപ്പ് നല്കുന്ന മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: