വാഷിംഗ്ടണ്‍, ഡി.സി: ജനുവരി 20 -ന് ജോ ബൈഡന്റെയും കമലാ ഹാരിസിന്റെയും സ്ഥാനാരോഹണത്തിന്റെ ചുമതല ടോണി അലനും മലയാളിയായ മജു വർഗീസിനും. ഇതാദ്യമായാണ് ഒരു ഇന്ത്യാക്കാരനു പ്രസിഡൻഷ്യൽ ഇനാഗുറേഷന് ഇത്രയും ഉന്നതമായ സ്ഥാനം ലഭിക്കുന്നത്. ഇവരെ സഹായിക്കാൻ എറിൻ വിത്സൺ, വൈവാന കൺസല (നെവാഡ സ്റേറ് സെനറ്റർ) എന്നിവരെയും ചുമതലപ്പെടുത്തി. ബൈഡൻ കുടുംബത്തെ കാൽ നൂറ്റാണ്ടായി അറിയാമെന്നും മഹാമാരി കാരണം ഈ വർഷത്തെ പ്രസിഡൻഷ്യൽ ഉദ്ഘാടനം വ്യത്യസ്തമായിരിക്കുമെന്നും അലൻ പറഞ്ഞു.
ഡെലവേർ യുണിവേഴ്സിറ്റി പ്രസിഡന്റും ബൈഡന്റെ ദീർഘകാല സുഹൃത്തുമാണ് ടോണി അലൻ. ഒബാമ വൈറ്റ് ഹൗസില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന മജു വര്‍ഗീസ്, ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും സീനിയര്‍ അഡൈ്വസറുമായിരുന്നു. കൊറോണ കാലത്ത് വിദൂരത്തിലിരുന്ന് തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാൻ പിടിച്ചത് വർഗീസ് ആയിരുന്നു.
മാനേജ്മെന്റ്-അഡ്മിനിസ്ട്രേഷന് എന്നിവയില്‍ ഒബാമയുടെ അസിസ്റ്റന്റ് ആയും ഡപ്യൂട്ടി ഡയറക്ടറായും വൈറ്റ് ഹൗസില്‍ ആറു വര്‍ഷത്തിലേറെ വര്‍ഗീസ് സേവനമനുഷ്ടിച്ചു. ഈ അനുഭവ സമ്പത്ത് ബൈഡന്റെ പ്രചാരണത്തിനു വര്‍ഗീസ് ഉപയോഗപ്പെടുത്തി. വൈറ്റ് ഹൗസില്‍ തന്റെ കീഴില്‍ പ്രവര്‍ത്തിച്ചവരോ കൂടെ പ്രവര്‍ത്തിച്ചവരോ ആണു ബൈഡന്റെ സ്റ്റാഫില്‍ വര്‍ഗീസിനൊപ്പം പ്രവർത്തിച്ചവർ. രാഷ്ട്രീയ രംഗത്ത് ആഴത്തിലുള്ള പരിചയം കൈമുതലായുള്ള വര്‍ഗീസ് പ്രചാരണം പ്രൊഫഷണലൈസ് ചെയ്യാന്‍ മുന്പിലുണ്ടായിരുന്നു.
എഴുത്തുകാരിയായ സരോജ വർഗീസിന്റെ പുത്രനാണ് മജു വർഗീസ്. ബൈഡൻ വൈറ്റ് ഹൗസിൽ മജു ഉന്നത സ്ഥാനം വഹിക്കുമെന്ന് ഉറപ്പാണ്. ‘കാര്യങ്ങള്‍ എങ്ങനെ നടക്കുന്നുവെന്ന് വ്യക്തമായി അറിയാവുന്നയാള്‍’ എന്നാണു വര്‍ഗീസിനെ ഒരു നിരീക്ഷകന് വിശേഷിപ്പിച്ചത്. പ്രൈമറി മത്സരത്തിൽ ബൈഡൻ പിന്നോക്കം പോയ സമയത്താണ് വർഗീസിനെ കൂടി പ്രചാരണ രംഗത്തു കൊണ്ട് വന്നത്. മികച്ച കൂടുതല്‍ പേരുടെ സേവനം അദ്ദേഹത്തിനു ആവശ്യമുണ്ടെന്ന പശ്ചാത്തലത്തീലാണു വര്‍ഗീസിന്റെ നിയമനം. ഒന്നിലധികം രീതിയില്‍ വര്‍ഗീസ് പ്രചാരണത്തെ സഹായിക്കുമെന്നു നിരീക്ഷകന് ദി ഹില്ലിനോടു പറഞ്ഞത് അക്ഷരം പ്രതി ശരിയായി എന്ന് പ്രൈമറി-ഇലക്ഷൻ വിജയങ്ങൾ തെളിയിച്ചു.
ന്യു യോർക്കിൽ ഹോഫ്സ്ട്രാ യൂണിവേഴ്സിറ്റിയില്‍ നിന്ന് നിയമ ബിരുദം നേടിയ വർഗീസ് ചെറുപ്പം മുതൽ തന്നെ രാഷ്ട്രീയ രംഗത്തു സജീവമായിരുന്നു. മാസച്യുസറ്റ്സ് സർവകലാശാലയിൽ നിന്നു പൊളിറ്റിക്കൽ സയൻസും സാമ്പത്തിക ശാസ്ത്രവും പഠിച്ചു. കൊച്ചി സ്വദേശിയായ പിതാവ് മാത്യു വർഗീസ് ഏതാനും വർഷം മുൻപ് നിര്യാതനായി. അമ്മ, നഴ്സ് ആയ സരോജ വർഗീസ് ആണ് ആദ്യം യുഎസിൽ എത്തിയത്. മൂത്ത സഹോദരി മഞ്ജു.
2000 ൽ അൽ ഗോർ ഡമോക്രാറ്റ് പാർട്ടിയുടെ യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയായപ്പോൾ, അദ്ദേഹത്തിന്റെ പ്രചാരണ സംഘത്തിലായിരുന്നു ആദ്യത്തെ പ്രധാന നിയമനം. തുടർന്ന് ഡമോക്രാറ്റിക് നാഷനൽ കമ്മിറ്റിയിൽ റിസർച് അസോഷ്യേറ്റായി. ബറാക് ഒബാമ പ്രസിഡന്റായപ്പോൾ വിവിധ തസ്തികകളിൽ വർഷം സേവനമനുഷ്ഠിച്ചു. ഗോർ സംഘത്തിൽ ഒപ്പമുണ്ടായിരുന്ന ജൂലിയെയാണു മജു ജീവിതസഖിയാക്കിയത്. ഇവർക്കൊരു മകൻ: 14 വയസ്സുള്ള ഇവാൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: