പത്തനംതിട്ട: ഇടത്, വലത് മുന്നണികള്‍ വഞ്ചിച്ചതോടെ ചെങ്ങറ സമരഭൂമിയിലെ കുടുംബങ്ങള്‍ക്ക് ഇത്തവണയും സമ്മതിദാനാവകാശം വിനിയോഗിക്കാനാകില്ല. മാറി മാറി ഭരിച്ചവര്‍ എല്ലാം ശരിയാക്കാമെന്ന് വാഗ്ദാനം നല്‍കിയെങ്കിലും ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകാനുള്ള അവകാശം പോലും ഇന്നും ഇവര്‍ക്ക് നിഷേധിക്കപ്പെടുന്നു. സംസ്ഥാനത്തെ വ്യത്യസ്തമായ ഏറ്റവും വലിയ ഭൂസമരത്തിന് സാക്ഷ്യം വഹിച്ച ചെങ്ങറയിലെ 625 കുടുംബങ്ങളിലെ മൂവായിരത്തോളം പേര്‍ക്കാണ് ഈ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്യാന്‍ കഴിയാത്തത്.
റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡിയും സ്വന്തമായില്ലാത്ത ഇവര്‍ ഇപ്പോഴും സര്‍ക്കാര്‍ രേഖകള്‍ക്ക് പുറത്താണ്. വോട്ടേഴ്സ് ലിസ്റ്റില്‍ പേരില്ലാത്ത ഒരു കൂട്ടം ജനങ്ങളാണ് ഇവിടെ വസിക്കുന്നത്. ഒരു പൊതുതെരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണം നടത്താത്ത സര്‍ക്കാരിന്റെ ചിത്രത്തിലില്ലാത്ത ഭൂമിയായി ചെങ്ങറ മാറി.
മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലുള്‍പ്പെടുന്ന സമരഭൂമി ഹാരിസണ്‍ കമ്പനിയുടെ പേരിലായതിനാലാണ് ഇവിടത്തെ താമസക്കാര്‍ക്ക് സര്‍ക്കാര്‍ രേഖകളില്‍ ഇടമില്ലാതെ പോകുന്നത്. കഴിഞ്ഞ 13 വര്‍ഷമായി റേഷന്‍ കാര്‍ഡിനും വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്നതിനും സെക്രട്ടേറിയറ്റ്, കളക്ട്രേറ്റ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ഗോത്രവര്‍ഗ കമ്മിഷന് ഓഫീസ് എന്നിവിടങ്ങളില്‍ കയറിയിറങ്ങിയിട്ടും ഒരു പ്രയോജനവും ഉണ്ടായില്ലെന്ന് ഇവിടത്തെ താമസക്കാര്‍ പറയുന്നു.
2018 മെയ് 17ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഇവര്‍ക്ക് വോട്ടേഴ്സ് ഐഡിയും റേഷന്‍ കാര്‍ഡും നല്കാന് തീരുമാനിച്ചെങ്കിലും പിന്നീട് നടപടിയുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: