കൊല്ലം: മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിലെ ഉദ്യോഗസ്ഥ അനാസ്ഥ കാരണം റെയില്‍വേയില്‍ അടിത്തട്ട് ജീവനക്കാരുടെ സുരക്ഷ അപകടത്തില്‍. അറ്റകുറ്റപ്പണിക്ക് നിയോഗിക്കുന്ന സാധാരണക്കാരുടെ ജീവനാണ് ഇത്തരത്തില്‍ നഷ്ടപ്പെടുന്നത്. കഴിഞ്ഞദിവസം കായംകുളത്ത് റെയില്‍വേ ഇലക്ട്രിക്കല്‍ ലൈനില്‍ ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് ചവറ സ്വദേശി ബിജു (44) മരിച്ചതാണ് ഒടുവിലത്തെ സംഭവം. ഒരു വര്‍ഷത്തിനിടെ വൈദ്യുത ആഘാതം ഏറ്റു മരിക്കുന്ന അഞ്ചാമത്തെയാളാണ് ബിജു.
അടിക്കടി ഉണ്ടാകുന്ന അപകടങ്ങള്‍ മുന്‍നിര്‍ത്തി കര്‍ശന സുരക്ഷാമാനദണ്ഡങ്ങളാണ് മന്ത്രാലയവും കേന്ദ്രസര്‍ക്കാരും മുന്നോട്ടുവച്ചത്. അതിന്റെ ഫലമായി 2019-20 കാലയളവില്‍ അപകടരഹിതമേഖലയായിരുന്നു റെയില്‍വേ. യാത്രക്കാരനും ജീവനക്കാരനും നേരിയ അപകടം പോലും സംഭവിച്ചില്ല. എന്നാല്‍ ഈ വര്‍ഷം സ്ഥിതിമാറി. ആവശ്യത്തിന് ജീവനക്കാരെ നല്‍കാതെ സൂപ്പര്‍വൈസര്‍മാരെ പീഡിപ്പിക്കുന്ന തിരുവനന്തപുരം ഡിവിഷനിലെ ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ഇരയാണ് ബിജു എന്നാണ് തൊഴിലാളിസംഘടനകളുടെ പരാതി.
മൂന്നുവര്‍ഷം മുമ്പ് കൊല്ലത്ത് പെരുമണ്ണില്‍ പാളം പരിശോധന നടക്കവെ രാമാനന്ദ് എന്ന ജീവനക്കാരന് മരിച്ചു. അതേവര്‍ഷം കൊല്ലം യാര്‍ഡില്‍ രാത്രിയില്‍ ഷണ്ടിങ് നടത്തിക്കൊണ്ടിരുന്ന തീവണ്ടി ഇടിച്ച് സുധീപ് എന്നയാളും കൊല്ലപ്പെട്ടു.
ഇലക്ട്രിക് ഓവര്‍ഹെഡ് ലൈന്‍ ഇല്ലാത്തിടത്ത് ചെയ്യേണ്ട ജോലി വേഗത്തില്‍ തീര്‍ക്കണമെന്ന സമ്മര്‍ദം കാരണം കഴിഞ്ഞമാസം റെയില്‍വേ നഷ്ടപ്പെടുത്തിയത് വി. ദത്തു എന്ന കായികതാരത്തെയാണ്. തിരുവനന്തപുരം യാര്‍ഡില്‍ പണിക്കിടെ ഷോക്കേറ്റ് മരിക്കുകയായിരുന്നു ദത്തു.
ഹെല്‍പ്പര്‍ തസ്തികയടക്കമുള്ള അടിത്തട്ട് ജീവനക്കാര്‍ക്ക് ഒരേസമയം രണ്ട് ജോലികള്‍ നല്കുന്ന പ്രവണത നിലവിലുണ്ടെന്ന് സംഘടനകള്‍ ആരോപിക്കുന്നു. ഇത്തരം വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുന്നവരെ ഒറ്റപ്പെടുത്തുകയും അകാരണമായി ശിക്ഷാനടപടി അടിച്ചേല്‍പ്പിക്കുകയും ചെയ്യാറുണ്ടെന്നും അവര്‍ പരാതിപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: