തിരുവനന്തപുരം: പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ ഐടി വകുപ്പിലെ പദ്ധതികളില്‍നിന്ന് രണ്ടു വര്‍ഷത്തേക്കു സംസ്ഥാന സര്‍ക്കാര്‍ വിലക്കി. കെ ഫോണ്‍ പദ്ധതിയുടെ ചുമതലയില്‍ നിന്ന് ഒഴിവാക്കി. കരാറുകള്‍ നടപ്പാക്കുന്നതില്‍ പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിനു ഗുരുതരമായ വീഴ്ചയുണ്ടായതായി ഐടി സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. പശ്ചാത്തലമോ വിദ്യാഭ്യാസ യോഗ്യതയോ നോക്കാതെ ജീവനക്കാരെ നിയമിച്ചതാണ് കാരണമായി ഉത്തരവില്‍ പറയുന്നത്. പേരെടുത്തു പറയുന്നില്ലെങ്കിലും സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ സ്പേസ് പാര്‍ക്കില്‍ നിയമിച്ചതുമായി ബന്ധപ്പെട്ടാണ് ഈ നടപടിയെന്നു വ്യക്തം. ഒരു വ്യക്തിയെ നിയമിച്ചതില്‍ വീഴ്ച പറ്റിയെന്നാണ് ഉത്തരവിലുള്ളത്.
കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് (കെഎസ്ഐടിഐഎല്‍) പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റായി പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിനെ സ്പേസ് പാര്‍ക്കില്‍ സര്‍ക്കാര്‍ നിയമിച്ചിരുന്നു. ജീവനക്കാരെ തെരഞ്ഞെടുക്കുന്നതടക്കമുള്ള ഉത്തരവാദിത്വം പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിനായിരുന്നു. സ്പേസ് പാര്‍ക്കില്‍ ഓപ്പറേഷന്‍സ് മാനേജറായി സ്വപ്നയെ നിയമിച്ചത് പിഡബ്ല്യുസി വഴിയായിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയുടെ പേരുയര്ന്നതോടെ ഈ നിയമനം വിവാദമായി. സ്വപ്നയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്നും കണ്ടെത്തിയിരുന്നു. സ്വപ്നയുടെ നിയമനത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് പിഡബ്ല്യുസിക്ക് കെഎസ്ഐടിഐഎല്‍ നോട്ടീസ് അയച്ചിരുന്നു.
കെ ഫോണ്‍ പദ്ധതിയിലെ കരാര്‍ ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതുക്കേണ്ടെന്നു തീരുമാനിച്ചത്. കെ ഫോണ്‍ ടെന്‍ഡര്‍ നടപടി ചട്ടവിരുദ്ധമാണെന്ന് ജന്മഭൂമി ഈ മാസം 23ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിലക്ക് ഉത്തരവ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇറക്കിയത്.
ഇ മൊബിലിറ്റി പദ്ധതിയില്‍ നിന്ന് നേരത്തെ പ്രൈസ് വാട്ടര്‍ കൂപ്പറിനെ ഒഴിവാക്കിയിരുന്നു. സ്വര്‍ണക്കടത്ത് കേസും സ്വപ്ന സുരേഷ് വിഷയവും ചര്‍ച്ചയായതോടെയാണ് പിഡബ്ല്യുസിയുമായുള്ള സര്‍ക്കാര്‍ സഹകരണം അവസാനിപ്പിക്കാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശിച്ചത്.
വ്യാജ ബിരുദ സര്‍ട്ടഫിക്കറ്റ് ഹാജരാക്കിയാണ് സ്വപ്ന സുരേഷ് സ്പേസ് പാര്‍ക്ക് പദ്ധതിയില്‍ എത്തിയത്. നിയമനത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഇടപെട്ടതായി പിന്നീട് കണ്ടെത്തിയിരുന്നു. മാസം ഒരുലക്ഷത്തി ഏഴായിരം രൂപയായിരുന്നു സ്വപ്നയുടെ ശമ്പളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: