തിരുവനന്തപുരം: കെഎസ്എഫ്ഇ ബ്രാഞ്ചുകളില്‍ റെയ്ഡ് നടത്തുന്നതിനു മുമ്പ് വിജിലന്‍സ് രണ്ടാഴ്ചയിലേറെ രഹസ്യാന്വേഷണം നടത്തി. ഇതില്‍ ക്രമക്കേടുകളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതിനു ശേഷമായിരുന്നു റെയ്ഡ്. കള്ളപ്പണം വെളുപ്പിക്കുന്നു എന്നതുള്‍പ്പെടെയുള്ള പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
കെഎസ്എഫ്ഇയിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്താന്‍ വിജിലന്‍സ് യൂണിറ്റുകള്‍ക്കു നിര്‍ദേശം നല്‍കിയത് ഈ മാസം പത്തിന്. ഓരോ യൂണിറ്റിനും കീഴിലുള്ള ഒന്നോ രണ്ടോ ബ്രാഞ്ചുകളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ടു നല്‍കാനായിരുന്നു നിര്‍ദേശം. ഈ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ 27ന് മിന്നല്‍ പരിശോധന നടത്താനും നിര്‍ദേശിച്ചിരുന്നു. കെഎസ്എഫ്ഇയുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന രീതിയില്‍ ക്രമക്കേടുകള്‍ നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു പരിശോധന നടത്താന്‍ തീരുമാനിച്ചതെന്ന് യൂണിറ്റുകള്‍ക്ക് നല്കിയ അറിയിപ്പില്‍ പറയുന്നു.
രഹസ്യാന്വേഷണത്തില്‍ വിജിലന്‍സിനു ലഭിച്ച വിവരങ്ങള്‍ ഇതൊക്കെയാണ്: ചിട്ടി തുടങ്ങുമ്പോള്‍ ലഭിക്കുന്ന തുക ട്രഷറിയിലോ ബാങ്കിലോ നിക്ഷേപിച്ച് പലിശ വാങ്ങുന്നതിനു പകരം വകമാറ്റുന്നു. ചെക്കുകള്‍ വഴിയുള്ള തുക ലഭിക്കുന്നതിനു മുന്‍പു തന്നെ ചിട്ടികളില്‍ അംഗങ്ങളാക്കുന്നു. മള്‍ട്ടിഡിവിഷന്‍ ചിട്ടിയില്‍ ബ്രാഞ്ച് മാനേജര്‍മാരുടെ ഒത്താശയോടെ ചിലര്‍ 50 മുതല്‍ 100 നറുക്കുകള്‍ വരെ കൈവശം വയ്ക്കുന്നു. ഇത്തരക്കാര്‍ പിന്നീടു ലഭിച്ച ചിട്ടി മാത്രം അടയ്ക്കുകയും മറ്റുള്ളവയില്‍ വീഴ്ചവരുത്തുകയും ചെയ്യുന്നു. ഈ വിഹിതം കെഎസ്എഫ്ഇ തനതു ഫണ്ടില്‍ നിന്നു നല്കുന്നു. ബ്രാഞ്ച് മാനേജര്‍മാര്‍ക്ക് നാലു കോടി രൂപ വരെയുള്ള വാര്‍ഷിക ടാര്‍ജറ്റിന്റെ ഭാഗമായി മതിയായ ആളുകളില്ലാതെ വ്യാജപ്പേരുകള്‍ ചേര്‍ത്ത് വലിയ തുകയ്ക്കുള്ള പൊള്ളച്ചിട്ടി തുടങ്ങി വന്‍ നഷ്ടമുണ്ടാക്കുന്നു. രണ്ടു ലക്ഷത്തിനു മുകളില്‍ മാസ അടവു വരുന്ന ചിട്ടികളില്‍ ചേരുന്ന ചിലര്‍ കള്ളപ്പണം വെളുപ്പിക്കുന്നു.
ബിനാമി പേരുകളില്‍ ചിട്ടിയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും, വലിയ തുക മാസത്തവണയില്‍ ഒരേ ശാഖയില്‍ ഒട്ടേറെ ചിട്ടികളില്‍ ചേര്‍ന്ന ഇടപാടുകാരുടെയും വിവരങ്ങള്‍ വിജിലന്‍സ് ശേഖരിച്ചു. ജീവനക്കാര്‍ ചിട്ടി പിടിക്കുന്നതായും കണ്ടെത്തി. തൃശൂരിലെ ഒരു ശാഖയില്‍ രണ്ടു പേര് 20 ചിട്ടികളിലും മറ്റൊരാള്‍ 10 ചിട്ടിയിലും ചേര്‍ന്നതായും പണം വകമാറ്റിയതായും കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: