നെടുങ്കണ്ടം: കൊറോണയുടെ പ്രതിസന്ധികള്‍ക്കിടയിലും ഇടുക്കിയിലേക്കുള്ള സഞ്ചാരികളുടെ കുത്തൊഴുക്ക് വര്‍ദ്ധിക്കുന്നത് ആശ്വാസത്തിനൊപ്പം അപകടസാധ്യതകളും കൂട്ടുന്നു. നെടുങ്കണ്ടം മേഖലയിലെ പ്രധാന ടൂറിസം കേന്ദ്രമായ തൂവല്‍ വെള്ളച്ചാട്ടത്തില്‍ ഇന്നലെ പൊലിഞ്ഞത് രണ്ട് കുടുംബങ്ങളുടെ സ്വപ്നങ്ങളാണ്.
വെള്ളത്തില്‍ നീന്തുന്നതിനിടെയാണ് വിദ്യാര്‍ത്ഥികളായ രണ്ട് പേര് ആഴങ്ങളിലേക്ക് മറഞ്ഞത്. നെടുങ്കണ്ടം പഞ്ചായത്തിന്റെ പരിധിയില്‍പ്പെടുന്ന പച്ചടി- മഞ്ഞപ്പാറ ഭാഗത്താണ് ഈ വെള്ളച്ചാട്ടവും അരുവിയും സ്ഥിതി ചെയ്യുന്നത്. ഏറെ അപകട സാധ്യത നിലനില്‍ക്കുന്ന പ്രദേശത്ത് പക്ഷേ യാതൊരു സുരക്ഷാ സംവിധാനവുമില്ല. ആര്‍ക്കും യഥേഷ്ടം വരാം എത്ര നേരം വേണമെങ്കിലും ചെലവഴിക്കാം.
വര്‍ഷങ്ങള്‍ക്കിടെ ഈ അരുവിയില്‍ മരണപ്പെട്ടത് 6 പേരാണ്. ഇതില്‍ സ്ഥലമറിയാവുന്ന പ്രദേശവാസികളും ഉള്‍പ്പെടുന്നു. നിറയെ പാറ ഇടുക്കുകളാണ് ഈ വെള്ളച്ചാട്ടത്തിന്റെ അപകട സാധ്യത കൂട്ടുന്നത്. താഴെ അരുവിയിലും കയത്തിനുള്ളിലും ധാരാളം പാറ ഇടുക്കുകളും അള്ളും ഉണ്ട്. ഇതറിയാതെ കുളിക്കാനിറങ്ങുന്നവരാണ് അപകടത്തില്‍പ്പെടുന്നത്. അരുവിയോട് ചേര്‍ന്ന് സമീപ പ്രദേശത്ത് ജനവാസമില്ല. ശാന്തമായ ഈ സാഹചര്യമാണ് സഞ്ചാരികളെ ഈ സ്ഥലത്തേക്ക് ആകര്‍ഷിക്കുന്നത്.
അതേ സമയം സ്ഥലത്തെത്തുന്ന സഞ്ചാരികള്‍ക്ക് സുരക്ഷ ഉറപ്പ് വരുത്തുവാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന പരാതി കാലങ്ങളായി ശക്തമാണ്. ജില്ലയ്ക്ക് വെളിയില്‍ നിന്ന വരുന്ന വിനോദ സഞ്ചാരികള്‍ ഈ വെള്ളച്ചാട്ടത്തില്‍ ഇറങ്ങുന്നത് വലിയ അപകട സാധ്യത സൃഷ്ടിക്കുന്നു. കാട്ടില്‍ കൂടിയുള്ള സഞ്ചാരവും പാറയുടെ മുകളില്‍ ഇരിക്കുന്നതും പലപ്പോഴും അപകടങ്ങള്‍ വരുത്താറുണ്ട്.
നിരവധി സഞ്ചാരികള്‍ എത്തിയിട്ടും പ്രദേശത്ത് ഒരു ഗൈഡ് പോലും ഇല്ല. മാത്രവുമല്ല രാത്രിയേന്നോ പകല്‍ എന്നോ വ്യത്യാസമില്ലാതെ യഥേഷ്ടം ആളുകള്‍ക്ക് ഇവിടെ എത്തിച്ചേരാം. ഒരു അപകടം ഉണ്ടായാല്‍ അത്യാവശ്യമായ വൈദ്യ സാഹായവും സുരക്ഷ ഉറപ്പാക്കാനും സമീപപ്രദേശത്ത് ആരോഗ്യ കേന്ദ്രങ്ങളോ ഫോറസ്റ്റ് ഓഫീസുകളുടെയും അഭാവം ഉണ്ട്.
കൊറോണ കേസുകള്‍ ഉയരുന്ന സാഹചര്യത്തിലും യാതൊരു നിയന്ത്രണവുമില്ലാതെ അനവധി സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. ഇത് വലിയ തോതില്‍ രോഗം പടരുന്നതിനും കാരണമാകുമെന്ന് പ്രദേശവാസികളും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: