ഇടുക്കി: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദം നാളെയോടെ ബുറേവി ചുഴലിക്കാറ്റാകുമെന്ന് നിഗമനം. ബുറേവി ശ്രീലങ്കന്‍ തീരം തൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കന്‍ തമിഴ്നാട്ടിലും തെക്കന്‍ കേരളത്തിലും ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്കി. ചുഴലിക്കാറ്റ് നേരിട്ട് സംസ്ഥാനത്ത് പ്രവേശിക്കാനുള്ള സാധ്യതയില്ലെങ്കിലും മുന്‍കരുതല്‍ പ്രഖ്യാപിച്ചു. തെക്കന്‍ കേരളത്തില്‍ ഇന്നും മദ്ധ്യകേരളത്തില്‍ നാളെ മുതലും മഴയ്ക്ക് സാധ്യത.
മാലിദ്വീപ് നല്കിയ പേരാണ് ബുറേവി. ശ്രീലങ്കയിലെ ട്രിങ്കോമാലിയില്‍ നിന്ന് 710 കിലോമീറ്റര്‍ അകലെയാണ് ന്യൂനമര്‍ദം. ചുഴലിക്കാറ്റായതിന് ശേഷം പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ദിശയില്‍ നീങ്ങി 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ നാളെ വൈകിട്ടോ, രാത്രിയോ ശ്രീലങ്കന്‍ തീരം തൊടും. പിന്നീട് മൂന്നിന് പുലര്‍ച്ചയോടെ കന്യാകുമാരി കടലില്‍ പ്രവേശിക്കും.
ഇതിനിടെ, ചുഴലിക്കാറ്റ് ശക്തി ക്ഷയിച്ച് തീവ്രന്യൂനമര്ദമാകാം. ഇക്കാര്യത്തില്‍ വരുംദിവസങ്ങളിലെ വ്യക്തത വരൂയെന്ന് സ്വകാര്യ കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നു.
കന്യാകുമാരി തീരത്തുകൂടി നീങ്ങി അറബിക്കടലിലെത്തി വീണ്ടും ശക്തി പ്രാപിക്കാനുള്ള സാധ്യതയുണ്ട്. ഈ സമയത്താണ് കേരളത്തില്‍ കൂടുതല്‍ ജാഗ്രത വേണ്ടത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അറബിക്കടലിലെ അടക്കം സമീപ മേഖലകളിലെ മത്സ്യബന്ധനം നിരോധിച്ചു.
കടലില്‍ 75 കി.മീ. വരെ വേഗത്തില്‍ കാറ്റടിക്കാം. മത്സ്യബന്ധനത്തിന് പോയവര്‍ ഉടന്‍ കരയില്‍ തിരിച്ചെത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് തെക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത. മദ്ധ്യകേരളത്തിലും മഴ ലഭിക്കും.
വടക്കന്‍ ജില്ലകളിലെ ചിലയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കാം. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ കൂടുതല്‍ ശ്രദ്ധ വേണം. ബുറേവി വിനാശകാരിയല്ലെങ്കിലും മഴയും കാറ്റും നാശം വിതയ്ക്കാം. ഈ വര്‍ഷത്തെ അഞ്ചാമത്തെ ചുഴലിക്കാറ്റാണിത്. ഇതിന് പിന്നാലെ മറ്റൊരു ന്യൂനമര്‍ദവും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുക്കുന്നുണ്ട്. ഇത് തമിഴ്നാട് തീരം തൊടാനാണ് സാധ്യത. തുലാമഴയില്‍ ഇതുവരെ 29 ശതമാനം കുറവാണ് സംസ്ഥാനത്തുള്ളത്.
മുന്നറിയിപ്പുകള്‍
- ബുധനാഴ്ച- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.
- വ്യാഴാഴ്ച- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ റെഡ് അലര്‍ട്ട്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്.
- വെള്ളിയാഴ്ച- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: