ഭക്തിയുടെ പുനര്‍നിര്‍വചനത്തിലൂടെയും പ്രായോഗിക പദ്ധതിയിലൂടെയും മുക്തിക്കപ്പുറം സമുദായോന്നമനം ലക്ഷ്യമാക്കിയ ആത്മീയ ധാരകളാല്‍ ശ്രദ്ധേയമായിരുന്നു കര്‍ണാടകം. ബസവേശ്വരനും അല്ലാമാപ്രഭുവും അക്കമഹാദേവിയും സിദ്ധരാമയും മധ്വാചാര്യനും കാലങ്ങളിലൂടെ നേടിയെടുത്ത പൈതൃകപുനഃസ്ഥാപനവും നവമനുഷ്യ സങ്കല്‍പ്പവും നവോത്ഥാനത്തിന്റെ ആത്മായനമായിരുന്നു. ദൈ്വതസിദ്ധാന്തിയായ മധ്വാചാര്യരുടെ ശിഷ്യപ്രമുഖനായ ശ്രീരാഘവേന്ദ്ര സ്വാമികളുടെ നാന്മുഖ പ്രതിഭയെ ഈ പശ്ചാത്തല ഭംഗിയിലാണ് നിര്‍ണയിക്കേണ്ടത്.
1595 ലാണ് തമിഴ്‌നാട്ടിലെ ഭുവനഗിരിയില്‍ രാഘവേന്ദ്ര ഭൂജാതനാകുന്നത്. ഗോപികാംബയും തിമ്മണ്ണ ഭട്ടയുമായിരുന്നു മാതാപിതാക്കള്‍. വെങ്കണ്ണ എന്ന പൂര്‍വാശ്രമ നാമധേയം പിന്നീട് വെങ്കട്ടനാഥനും വെങ്കിടാചാര്യയുമായി സമൂഹം സ്വീകരിച്ചു. സംന്യാസം വരിച്ചപ്പോഴാണ് രാഘവേന്ദ്ര തീര്‍ഥയായത്. പ്രകൃതിയും സംഗീതവും ക്ഷേത്രസങ്കേതങ്ങളും കുഞ്ഞുനാളില്‍ തന്നെ വെങ്കണ്ണയെ ആകര്‍ഷിച്ചിരുന്നു.
മധുരയിലെ ലക്ഷ്മീ നരസിംഹാചാര്യരുടെ കീഴിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് കുംഭകോണത്തെ ശ്രീമഠത്തിലെത്തി സ്വാമി സുധീന്ദ്രതീര്‍ഥയില്‍ നിന്ന് വേദാഭ്യസനം നേടി. സംഗീതപഠനവും വീണാവാദനവും ഇതോടൊപ്പമുണ്ടായിരുന്നു. സംഗീതശാസ്ത്രത്തിന്റെ സൂക്ഷ്മനാദ കണങ്ങളിലൂടെ സഞ്ചരിച്ച വെങ്കണ്ണ താമസിയാതെ വാഗ്ഗേയകാരനുമായി. സ്വരം പ്രാണാഗ്നിയാണെന്നറിയുന്ന യൗഗികജ്ഞാനത്തില്‍ ആ സംഗീതജ്ഞന്റെ അമേയമായ ഭാവരാഗതാളങ്ങള്‍ ഉണര്‍ന്നു. സത്യശിവസൗന്ദര്യത്തിന്റെ മായികാകാശങ്ങളില്‍ മേളശ്രുതി ദിവ്യതയാര്‍ന്നു. ശിഷ്യന്മാരും ആരാധകരും നവസംവേദനത്വത്തില്‍ ആനന്ദചിത്തരായി.
മധുരയില്‍ മടങ്ങിയെത്തി സരസ്വതീബായിയെ വിവാഹം കഴിച്ചെങ്കിലും ലൗകിക ജീവിതത്തില്‍ തൃപ്തനാകാതെ കുഭകോണത്ത് തിരിച്ചുവരികയായിരുന്നു. സുധീന്ദ്രതീര്‍ഥയുടെ കീഴില്‍ വീണ്ടും പഠനമനനങ്ങളാരംഭിച്ചു. സംസ്‌കൃതഭാഷാ നൈപുണിയും വേദോപനിഷത്തുകളും ഇതിഹാസ പുരാണങ്ങളും വെങ്കണ്ണയുടെ പ്രതിഭയില്‍ സൂര്യവെളിച്ചമായി. പണ്ഡിതന്മാരുമായുള്ള വിവിധവാദപ്രതിവാദ വേദികളില്‍ എന്നും അദ്ദേഹം വിജശ്രീ ലാളിതനായി.
പ്രശസ്തിയുടെ നറുനിലാവിലാണ് വെങ്കണ്ണ സംന്യാസം സ്വീകരിച്ച് രാഘവേന്ദ്ര തീര്‍ഥയാകുന്നത്. കര്‍ണാടകത്തിലെയും തമിഴിലെയും പുണ്യപുരാണഗ്രന്ഥങ്ങള്‍ സ്വാമികള്‍ അയത്‌നലളിതമായി സാമാന്യ ജനങ്ങള്‍ക്കായി വ്യാഖ്യാനിച്ചു നല്‍കി. ആ സുഭാഷിതങ്ങളുടെയും സദ്‌സംഗത്തിന്റെയും മധുരാനുഭവത്തില്‍ സമൂഹം
പുതുവഴികളിലേക്ക് സഞ്ചരിക്കാന്‍ തുടങ്ങി. തന്നെ സമീപിക്കുന്നവര്‍ക്കെല്ലാം ജാതിമതാതീതമായി വേദവും സംസ്‌കൃതവും പഠിപ്പിക്കാന്‍ രാഘവേന്ദ്ര ഉത്സുകനായിരുന്നു. ശാസ്ത്രീയ സംഗീതവും വീണയുമഭ്യസിക്കാന്‍ ആദരാതിരേകത്തോടെയാണ് യുവജനങ്ങളെത്തിയത്. ആധ്യാത്മികതയ്‌ക്കപ്പുറം സംഗീതകലാസാഹിത്യ രംഗങ്ങളിലെല്ലാം അപൂര്‍വമായ നേട്ടമാണ് സ്വാമികള്‍ കൈവരിച്ചത്. മധ്വാചാര്യരുടെ പ്രശസ്തമായ ആറു പ്രകരണ ഗ്രന്ഥത്തിനാണ് രാഘവേന്ദ്ര അഗാധമായ പഠനവ്യാഖ്യാനം നിര്‍വഹിച്ചത്.
ബ്രഹ്മസൂത്രത്തെ പുരസ്‌ക്കരിച്ചെഴുതിയ ‘സൂത്രപ്രസ്ഥാനം’ വേദപ്രസ്ഥാനം ഉപനിഷദ് പ്രസ്ഥാനം എന്നീ ഉജ്ജ്വലഗ്രന്ഥങ്ങള്‍ ആര്‍ഷഭാരതത്തിന്റെ തത്വജ്ഞാനസരണിയുടെ കെടാവിളക്കായി പ്രഭ ചൊരിയുന്നു. രാമചരിത്ര മഞ്ജരി, പ്രാതഃസങ്കല്‍പ്പ ഗദ്യം, സര്‍വസമര്‍പണ ഗദ്യം, മുതലായ കൃതികള്‍ ഗുരുവിന്റെ ആത്മചേതനാ സന്തര്‍പണമാണ്.
ഗുരു സുധീന്ദ്രതീര്‍ഥയുടെ പിന്‍ഗാമിയായി 1621 ല്‍ ശ്രീമഠത്തിന്റെ ചുമതലയില്‍ നിയുക്തനായ ശേഷം സ്വാമികള്‍ ദക്ഷിണേന്ത്യന്‍ ദേശാടനത്തില്‍ മുഴുകി. മധ്വാചാര്യന്റെ ദൈ്വതപ്രമാണങ്ങളും താത്വിക ദര്‍ശനങ്ങളും നിയോഗമെന്നോണം ഈ യാത്രയിലാണ് രാഘവേന്ദ്രസ്വാമികള്‍ പ്രചരിപ്പിച്ചത്. അതീന്ദ്രിയമായ സിദ്ധികള്‍ നേടിയിരുന്ന ഗുരുവിന്റെ അതീതവിദ്യകള്‍ ഐതിഹ്യ പരിവേഷമണിഞ്ഞ് ആ ജീവിതത്തെ വര്‍ണപ്പൊലിമയുള്ളതാക്കുന്നു.
1671 ല്‍ മന്ത്രാലയം എന്ന ദേശത്താണ് ഗുരു സമാധി പ്രാപിക്കുന്നത്. ഇന്ന് വൃന്ദാവനം എന്നറിയപ്പെടുന്ന സ്ഥലം ആന്ധ്രപ്രദേശിലെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ്. തപോനിഷ്ഠമായ മഹായോഗിയുടെ കര്‍മവീര്യവും ആസ്തിക ബുദ്ധിയും സംഗീതസപര്യയും കാലത്തിന്റെ മുന്‍നടന്ന ശബ്ദവും വെളിച്ചവുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: