ശബരിമലയില്‍ ധര്‍മശാസ്താവിന് ഇഷ്ടസേവകര്‍ അര്‍പ്പിക്കുന്ന ദീപാഞ്ജലിയാണ് കര്‍പ്പൂരാഴി. സര്‍വ ആപത്തുകളില്‍ നിന്നും രക്ഷിച്ച് തീര്‍ഥാടനകാലം കടന്നുപോകാന്‍ സഹായിച്ചതില്‍ ആപല്‍ബാന്ധവനോടുള്ള തീരാത്ത കടപ്പാടുമായി സന്നിധാനത്തെ ഉത്സവലഹരിയിലാഴ്‌ത്തി പോലീസുകാരും ദേവസ്വം ജീവനക്കാരുമാണ് കര്‍പ്പൂരാഴി കൊണ്ടാടുന്നത്.
അയ്യപ്പന്‍ കര്‍പ്പൂരപ്രിയനാണ്. ദീപാരാധനയ്‌ക്കു മുമ്പായി കൊടിമരച്ചുവട്ടില്‍ മണികണ്ഠസ്വാമി, പന്തളം രാജാവ്, രാജ്ഞി, വെളിച്ചപ്പാട്, വാവര്, പരശുരാമന്‍, ഹനുമാന്‍, മഹിഷി, കൊച്ചുകടുത്ത, വലിയകടുത്ത, കറുപ്പസ്വാമി, കറുപ്പായി അമ്മ എന്നീ വേഷങ്ങള്‍ കര്‍പ്പൂരാഴി ആഘോഷത്തില്‍ അണിനിരക്കും. ദീപപ്രഭയും വാദ്യമേളങ്ങളും പുരാണവേഷങ്ങളും നിറഞ്ഞ കര്‍പ്പൂരാഴി ഭക്തമനസ്സുകള്‍ക്ക് ആനന്ദഹര്‍ഷമാകുന്നു.
തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് കര്‍പ്പൂരാഴി തെളിയിക്കുന്നതോടെ ചടങ്ങുകള്‍ തുടങ്ങും. കര്‍പ്പൂര ദീപവും കത്തിച്ച് അവര്‍ ആനന്ദനൃത്തം ചവിട്ടും. കാട്ടുകമ്പുകളും കാട്ടിലകളും കൊണ്ട് കാനനഭംഗിയുടെ പരിഛേദമുണ്ടാക്കി, അതിനുള്ളില്‍ പുലിവാഹനനായ അയ്യപ്പനെയും എടുത്തു നീങ്ങുന്ന കാഴ്ച വിസ്മയഭരിതമാണ്. കര്‍പ്പൂരാരതിയും അയ്യപ്പന് ഏറെ പ്രിയങ്കരമാണ്.
കര്‍പ്പൂര ശബ്ദത്തിന്റെ അര്‍ഥം സന്തോഷത്തെ വര്‍ധിപ്പിക്കുന്നത് എന്നാണ്. ശാസ്താവിഗ്രഹത്തില്‍ ഉഴിയുന്ന കര്‍പ്പൂരദീപം തൊട്ടു തൊഴുതു ശരണം വിളിച്ചാണ് ഭക്തര്‍ മാലയിടുന്നത്. ഇരുമുടിക്കെട്ടിലും കര്‍പ്പൂരം കരുതുന്നു. വിഘ്‌നങ്ങളകലാന്‍ തേങ്ങയുടച്ച് ശബരിമലയ്‌ക്കു പുറപ്പെടുന്ന അയ്യപ്പന്മാര്‍ തീര്‍ഥാടന വഴികളിലെ പ്രധാന ആരാധനാകേന്ദ്രങ്ങളിലെല്ലാം കര്‍പ്പൂരം കത്തിച്ചു നമസ്‌കരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: