ബാങ്കോക്ക്: തായ്‌ലൻഡിൽ ഗവേഷകർ കണ്ടെത്തിയത് ആയ്യായിരത്തോളം വർഷം പഴക്കമുള്ള നീലത്തിമിംഗലത്തിന്റെ ഫോസിൽ. തായ്‌ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലെ ബീച്ചിൽ നിന്നും 12 കിലോമീറ്റർ അകലെയുള്ള പ്രദേശത്ത് നിന്നുമാണ് ബ്രൈഡ്‌സ് തിമിംഗലത്തിൻ്റേതെന്ന് കരുതപ്പെടുന്ന അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
39 അടി നീളമുള്ള അസ്ഥികൂടത്തിന് മൂവായിരത്തിനും അയ്യായിരത്തിനുമിടയിൽ പഴക്കമുണ്ടെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. ബാക്കിയുള്ള അവശിഷ്ടങ്ങൾ ഉടൻ കണ്ടെത്താനാകുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഇപ്പോൾ കണ്ടെത്തിയ ഭാഗങ്ങൾ ചരിത്രകാലത്തെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്താൻ സഹായകമാകും. പ്രത്യേകിച്ച് ജൈവവൈവിദ്ധ്യങ്ങളെക്കുറിച്ചും കടൽ ജലത്തിന്റെ അളവ് മാറ്റങ്ങളെക്കുറിച്ചും കൂടുതൽ അറിവ് ഇതിലൂടെ ലഭിക്കാൻ സഹായകമാകുമെന്ന് നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂരിലെ സസ്‌തനി വർഗ ശാസ്ത്രജ്ഞൻ മാർക്കസ് ചുവ പറയുന്നു.
ഏഷ്യയിൽ തിമിംഗലങ്ങളുടെ മൊത്തമായ ഫോസിലുകൾ പരിമിതമായെ കാത്തുസംരക്ഷിക്കുന്നുള്ളു. ചിലത് വളരെ നല്ല രീതിയിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഉൾപ്രദേശത്ത് കണ്ടെത്തിയിരിക്കുന്ന ഈ ഫോസിലുകൾ ഗൾഫ് ഓഫ് തായ്‌ലൻഡിൽ മൂവായിരം-ആറായിരം വർഷങ്ങൾക്കിടയിൽ സമുദ്രനിരപ്പിൽ ഉണ്ടായിരിക്കുന്ന മാറ്റങ്ങളുടെ ശക്തമായ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ ബീച്ചിൽ നിന്നും പത്ത് കിലോമീറ്ററിലധികം ദൂരെ വരെ നേരത്തെ സമുദ്രമുണ്ടായിരുന്നെന്നാണ് ഈ ഫോസിലുകളിലൂടെ വ്യക്തമാകുന്നത്. കാലാവസ്ഥ വ്യതിയാനം സമുദ്രത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും മനസിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറയുന്നു.
സംരക്ഷണ വിഭാഗത്തിലുള്ള ബ്രൈഡ്സ് തിമിംഗലങ്ങളെ തായ്‌ലൻഡിൽ ധാരളമായി കാണാനാകും. എന്നാൽ ഇവയ്‌ക്ക് നേരെയുള്ള അതിക്രമണങ്ങൾ ഇടയ്‌ക്കിടെ രൂക്ഷമാകാറുണ്ട്. പ്രത്യേകിച്ച് ബീച്ച് ടൂറിസത്തിന്റെ അതിപ്രസരത്തിനു പുറമെ മാംസത്തിനും മറ്റുമായി വേട്ടയാടുന്നത് ഇവയ്‌ക്ക് ഭീഷണിയാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: