മങ്കൊമ്പ്: ജില്ലയില്‍ രണ്ടാം കൃഷിയുടെ നെല്ലു സംഭരണം തൊണ്ണൂറു ശതമാനമായിട്ടും കൊടുത്ത നെല്ലിന്റെ വില ഇനിയും കര്‍ഷകരുടെ അക്കൗണ്ടിലെത്തിയില്ല. പുഞ്ചകൃഷി ചെയ്യുന്ന കര്‍ഷകര്‍ സാമ്പത്തിക പ്രതിസന്ധിയില്‍. ഒക്ടോബര്‍ അവസാനം മുതല്‍ സംഭരിച്ച നെല്ലിന്റെ വിലയാണ് ഒരുമാസമായിട്ടും കിട്ടാത്തത്. സാധാരണ നെല്ലുകൊടുത്താല്‍ ഒരാഴ്ചയ്ക്കകം കര്‍ഷകരുടെ അക്കൗണ്ടില്‍ പണമെത്തേണ്ടതാണ്.
നെല്ലു സംഭരണവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങള്‍ക്കുശേഷം കാര്യങ്ങള്‍ സുഗമമായി പോകുന്നതിനിടെ നെല്ലുവില വൈകുന്നത് തിരിച്ചടിയായി. അടുത്ത പുഞ്ചക്കൃഷിയുടെ ഒരുക്കങ്ങള്‍ നടത്താനും കഴിയുന്നില്ല. പലരും കടംവാങ്ങിയാണ് പുഞ്ചക്കൃഷിയുടെ വിത നടത്തിയിരിക്കുന്നത്.
5,563 ഹെക്ടറിലാണ് രണ്ടാം കൃഷിയുള്ളത്. 4,500 ഹെക്ടറിനു മുകളില്‍ കൊയ്ത്തുപൂര്ത്തിയായിട്ടുണ്ട്.ഇതിനോട കം ഇരുപതിനായിരത്തിലേറെ ടണ്‍ നെല്ല് സപ്ലൈകോ മുഖേന സംഭരിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കകം കുട്ടനാട്, അപ്പര്‍-കുട്ടനാട് മേഖലകളിലെ കൊയ്ത്തു പൂര്‍ത്തിയാകും. നിലവില്‍ ഒരുകിലോ നെല്ലിന് 27.48 രൂപയാണ് കര്‍ഷകനു ലഭിക്കുന്നത്.
പുഞ്ചക്കൃഷിക്ക് കുട്ടനാട്ടില്‍ ഇരുപതോളം പാടങ്ങളില്‍ വിത ഇറക്കി. 5 മുതല്‍ 15 ദിവസം വരെ പിന്നിട്ട പാടശേഖരങ്ങള്‍ ഉണ്ട്. കൂടുതല്‍ പാടങ്ങള്‍ വിതയ്ക്ക് തയാറെടുത്തു എങ്കിലും വിത്തിലുണ്ടായ പാകപ്പിഴ മൂലം തടസ്സമായി.
നാഷനല്‍ സീഡ് അതോറിറ്റിയില്‍ നിന്നും ലഭിച്ച വിത്ത് പല സ്ഥലത്തും കിളിര്‍ക്കാതെ വന്നത് വിത 15 ദിവസത്തോളം വൈകാന്‍ ഇടയാക്കി. ആദ്യഘട്ടത്തില്‍ വിതച്ച പത്തോളം പാടശേഖരങ്ങളില്‍ ഞാറു പരുവമായി. 22 ദിവസം ആകുമ്പോള്‍ ഒന്നാം വളപ്രയോഗം നടത്തണം. മിക്ക സഹകരണ സംഘങ്ങളിലും വളം സ്റ്റോക്ക് ചെയ്തു കഴിഞ്ഞു.
രണ്ടാം കൃഷി ഇറക്കിയ പാടശേഖരങ്ങളില്‍ വിത ഇനിയും താമസിക്കും. പാടങ്ങള്‍ ഒരുങ്ങുന്നതേയുള്ളൂ. ജില്ലയില്‍ ആകെ 30000 ഹെക്ടറില്‍ ഇക്കുറി കൃഷി നടത്തുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. കഴിഞ്ഞ സീസണില്‍ 29000 ഹെക്ടറില്‍ ആണ് വിത നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: