ശാസ്താംകോട്ട: കുന്നത്തൂരില്‍ തെരഞ്ഞെടുപ്പ് രംഗത്ത് ഇരുമുന്നണികളുടെയും പ്രതീക്ഷ മങ്ങുന്നു. വിജയം ഉറപ്പിച്ചിരുന്ന പലയിടത്തും ഇടതു വലതു പാര്‍ട്ടികളുടെ കാലിടറുകയാണ്. എന്നാല്‍ കൃത്യമായ ആസൂത്രണത്തോടെ മുന്നേറ്റത്തിലാണ് ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ.
ഇടതു സ്ഥാനാര്‍ഥികള്‍ക്കെതിരെ പലയിടങ്ങളും പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ രംഗത്തുണ്ട്. ഇതുതന്നെയാണ് കുന്നത്തൂരില്‍ സിപിഎം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. വിമതരെ മത്സരിപ്പിക്കാതെ സ്വന്തം സ്ഥാനാര്‍ഥിക്കെതിരെ പാര്‍ട്ടിപ്രവര്‍ത്തകര്‍ തന്നെ പരസ്യനിലപാട് സ്വീകരിച്ചത് ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാണ്. ശൂരനാട് ഡിവിഷനില്‍ 54 വാര്‍ഡുകളിലും സിപിഎം പ്രതിരോധത്തില്തന്നെ. ശൂരനാട് തെക്ക്, വടക്ക്, പോരുവഴി പഞ്ചായത്തുകളില്പെട്ടതാണ് ഈ വാര്‍ഡുകളില്‍ അധികവും.
ഈ പ്രദേശങ്ങളില്‍ പ്രവര്‍ത്തകരെ ചൊടിപ്പിക്കാനുണ്ടായ സാഹചര്യം ജില്ലാഡിവിഷനില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥിക്ക് സിപിഎം നേതൃത്വം നല്കുന്ന പിന്തുണയാണ്. ഐഎന്‍ടിയുസി നേതാവ് ആര്. ചന്ദ്രശേഖരന്റെ സഹോദരി അംബികാ വിജയകുമാറാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വനിതയെ മത്സരിപ്പിക്കുന്നുണ്ടങ്കിലും അവര്‍ മത്സരരംഗത്തില്ല.
ശൂരനാട്ടെ സാധാരണക്കാരായ കമ്മ്യൂണിസ്റ്റുകാരുടെ മനസ്സില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ച ഈ സംഭവം വലിയ പൊട്ടിത്തെറിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടും ചന്ദ്രശേഖരനുമായി ഉണ്ടാക്കിയ ധാരണയില്‍ സിപിഎം ഉന്നതനേതൃത്വം ഉറച്ചുതന്നെ നിന്നു. തുടര്‍ന്ന് പ്രവര്‍ത്തകരില്‍ ഒരുവിഭാഗം നേതാക്കളെ വെല്ലുവിളിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ശ്യാമളയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി. പ്രവര്‍ത്തകര്‍ തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കുവേണ്ടി പോസ്റ്റര്‍ ഇറക്കി വ്യക്തിപരമായി പ്രചാരണം നടത്തുകയാണിപ്പോള്‍.
ശാസ്താംകോട്ട അടങ്ങുന്ന കുന്നത്തൂര്‍ ഡിവിഷനിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ സിപിഎമ്മില്‍ പടയൊരുക്കമുണ്ട്. സിപിഎം നേതാവ് പി.കെ. ഗോപനാണ് ഇവിടെ സ്ഥാനാര്‍ഥി. പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന പലരും ഗോപനെതിരെ ഇതിനകം രംഗത്തുവന്നു. ഈ ഡിവിഷനിലെ എന്‍ഡിഎ സ്ഥാനാര്‍ഥി യും ബിജെപി ജില്ലാ സെക്രട്ടറിയുമായ വി.എസ്. ജിതിന്‍ദേവിന് പല സിപിഎം നേതാക്കളും പരസ്യപിന്തുണ അറിയിച്ചിട്ടുണ്ട്.
ഡിവിഷനിലെ എസ്ഡിപിഐ, പിഡിപി വോട്ടുകളെയാണ് സിപിഎം ആശ്രയിക്കുന്നത്. മദനിയുടെ വീട് നില്ക്കുന്ന ഈ ഡിവിഷനില്‍ പിഡിപിക്കും എസ്ഡിപിഐക്കും സ്ഥാനാര്‍ഥികളില്ല.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ദിനേശ് ബാബുവാണ് ഈ ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥി. മുതിര്‍ന്ന പല കോണ്‍ഗ്രസ് നേതാക്കളെയും തഴഞ്ഞാണ് ദിനേശ് ബാബുവിന് സീറ്റ് നല്‍കിയത്. ഗ്രൂപ്പ് പോരിന്റെ പേരില്‍ ശത്രുക്കളെ പോലെ തമ്മിലടിച്ചിരുന്ന ഇവിടുത്തെ കോണ്‍ഗ്രസുകാര്‍ ദിനേശ് ബാബുവിന്റെ സ്ഥാനാര്‍ഥിത്വം കൂടിയായതോടെ സ്വന്തം സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാനുള്ള അണിയറ നീക്കം തുടങ്ങിക്കഴിഞ്ഞു. ശാസ്താംകോട്ട, കുന്നത്തൂര്‍, പടിഞ്ഞാറെ കല്ലട പഞ്ചായത്തുകളില്‍ പെട്ട 46 വാര്‍ഡുകള്‍ അടങ്ങുന്നതാണ് ഈ ഡിവിഷന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: