പഞ്ചാബ് കേന്ദ്രീകരിച്ച് ആരംഭിച്ചിരിക്കുന്ന കര്‍ഷക പ്രക്ഷോഭം നമ്മുടെ നാട്ടിലെ ചില ബിജെപി വിരുദ്ധ മാധ്യമ പ്രവര്‍ത്തകര്‍ക്കും അവരുടെ മാധ്യമങ്ങള്‍ക്കും വലിയ വാര്‍ത്തയാണ്. പാര്‍ലമെന്റ് പാസാക്കുകയും കഴിഞ്ഞ സെപ്റ്റംബറില്‍ തന്നെ രാഷ്ട്രപതിയുടെ അനുമതിയോടെ നിയമമായി മാറുകയും ചെയ്തത് പിന്‍വലിക്കണം എന്നതാണത്രേ സമരക്കാരുടെ ആവശ്യം. അതിനായി എത്രനാള്‍ വേണമെങ്കിലും സമരത്തിന് തയ്യാറാണ് എന്ന ഭീഷണിയും നാം കേള്‍ക്കുന്നു. യഥാര്‍ത്ഥത്തില്‍ എന്താണ് ഈ സമരം കൊണ്ട് ഉദ്ദേശിക്കുന്നത്? ആരാണ് ഇതിന് പിന്നില്‍? നരേന്ദ്ര മോഡി കൊണ്ടുവന്ന നിയമത്തെ ഇവര്‍ എതിര്‍ക്കുന്നത് എന്തുകൊണ്ടാണ്?
കര്‍ഷക രക്ഷക്കായി സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും പ്രധാനപ്പെട്ട നിയമ നിര്‍മ്മാണമാണ് മോദി സര്‍ക്കാര്‍ കൊണ്ടുവന്നത്. ഉത്തരേന്ത്യയിലെ അഗ്രിക്കള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിങ് കമ്മിറ്റി (എ പി എം സി) മാര്‍ക്കറ്റുകളിലെ കുത്തക ദല്ലാളന്മാരെ എന്നെന്നേക്കുമായി കുടിയൊഴിപ്പിക്കുന്നതിനുള്ള പദ്ധതിയായിരുന്നു അത്. എ പി എം സി നിയമപ്രകാരം ഒരു പ്രദേശത്തെ കര്ഷകന് അവന്റെ ഉത്പന്നം ആ ഒരു മാര്‍ക്കറ്റിലേ വില്ക്കാന് കഴിയു; അവിടെയുള്ള ഏജന്റ് നിശ്ചയിക്കുന്ന വിലയേ ലഭിക്കൂ. മാര്‍ക്കറ്റിന് പുറത്തു കൊടുത്താല്‍ കര്ഷകന് കൂടുതല്‍ വില കിട്ടും. എന്നാല്‍ കുത്തക ഏജന്റ്് അതിന് സമ്മതിക്കില്ല. ഈ ഏജന്റുമാര്‍ പ്രമുഖ രാഷ്ട്രീയ കക്ഷിയുടെ സ്വന്തക്കാരനും. ഇവര്‍ വിലകുറച്ചു സാമഗ്രികള്‍ വാങ്ങും; കുത്തക മുതലാളിമാര്‍ക്ക് വലിയ വിലക്ക് വില്‍ക്കും. കര്ഷകന് കബളിക്കപ്പെടുന്നു. പുതിയ നിയമം വന്നതോടെ കര്ഷകന് എവിടെയും ഉത്പന്നം വില്‍ക്കാം; തന്റെ സംസ്ഥാനത്തിന് പുറത്തുപോലും. കൂടുതല്‍ വില ആര് നല്‍കുമോ അവര്‍ക്ക് കൊടുക്കാം. ഇതോടെ എ പി എം സി മാര്‍ക്കറ്റിലെ കുത്തക ദല്ലാള്‍മാര്‍ക്ക് ഒന്നും ചെയ്യാനാവാതെയായി. അവരാണിപ്പോള്‍ സംഘടിച്ച് തെരുവിലിറങ്ങിയത്. അല്ലാതെ കര്‍ഷകരല്ല. ഇനി ആരാണ് കുത്തക ദല്ലാള്‍മാര്‍? പഞ്ചാബില്‍ കോണ്‍ഗ്രസും അകാലിദളും, മഹാരാഷ്ട്രയില്‍ എന്‍സിപി; രാജസ്ഥാനിലും ഹരിയാനയിലുമൊക്കെ ഇവര്‍ കോണ്‍ഗ്രസുകാരുടെ കയ്യിലാണ്. അതാണ് ഈ സമരത്തിന്റെ രസതന്ത്രം.
ഇത്തവണ ഒരു കാര്യം കൂടി ഓര്‍ക്കേണ്ടതുണ്ട്. പഞ്ചാബിലും മറ്റും വിളവെടുപ്പ് കഴിഞ്ഞപ്പോള്‍ ധാന്യം ശേഖരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തടസമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. തീവണ്ടികളും ചരക്ക് വാഹനങ്ങളുമൊക്കെ ആഴ്ചകളോളം തടയാന്‍ കോണ്‍ഗ്രസുകാര്‍ തയ്യാറായതോര്‍ക്കുക. അതോടെ കേന്ദ്രം ചെയ്തത്, കൃഷിസ്ഥലത്തുനിന്ന് തന്നെ നെല്ലും ഗോതമ്പുമൊക്കെ ശേഖരിക്കാന്‍ ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യയെ ചുമതലപ്പെടുത്തി. അവര്‍ അത് ഭംഗിയായി നിറവേറ്റി; തറവില കൊടുത്തു എന്ന് മാത്രമല്ല കര്‍ഷകര്‍ക്ക് മുന്‍പ് എ പി എം സി മാര്‍ക്കറ്റുകളിലെ ദല്ലാളന്മാര്ക്ക് കൊടുക്കേണ്ടിയിരുന്ന കമ്മീഷനും മറ്റും ലാഭവും. ധാന്യമെടുത്തുകൊണ്ടുപോയി ദിവസങ്ങള്‍ക്കകം മുഴുവന്‍ പണവും കര്‍ഷകര്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ ലഭിച്ചു. ഹരിയാനയിലും യു. പിയിലും മധ്യപ്രദേശിലുമൊക്കെ ഇത് നടന്നു. ജീവിതത്തില്‍ ഇതുവരെ ഇത്രയും തുക, അര്‍ഹതപ്പെട്ട പണം, അവര്‍ക്ക് ലഭിച്ചിട്ടില്ല. ‘മോദി മാജിക്ക് ‘ കര്‍ഷകസമൂഹം തിരിച്ചറിഞ്ഞു എന്നര്‍ത്ഥം. ആ കര്‍ഷകരെല്ലാം ഇപ്പോള്‍ ദല്ലാളന്മാരെ പഴിക്കുകയാവും. ദല്ലാളന്മാര് കര്‍ഷക സമൂഹത്തില്‍ ഒറ്റപ്പെടുന്നതും കണ്ടു. അപ്പോഴാണ് അവര്‍ക്ക് വേണ്ടി കോണ്‍ഗ്രസുകാരും ബിജെപി വിരുദ്ധരും തെരുവിലിറങ്ങിയത്.
സമാനമായ അനുഭവം കാശ്മീരിലുണ്ടായി. അവിടെ കര്‍ഷകരില്‍ നിന്ന് ആപ്പിള്‍ വാങ്ങാന്‍ വരുന്നവരെ ആക്രമിക്കാന്‍ ഭീകരപ്രസ്ഥാനങ്ങള്‍ തയ്യാറായി. രണ്ടു സംഭവം നടന്നതോടെ ആപ്പിള്‍ വാങ്ങാന്‍ ആളെത്താത്ത അവസ്ഥയായി. അതൊരു ആസൂത്രിത പദ്ധതിയായിരുന്നു. ജമ്മു കാശ്മീര്‍ ഭരണകൂടവും കേന്ദ്രവും ആലോചിച്ചു; ആപ്പിള്‍ വാങ്ങാന്‍ നാഫെഡിനെ ചുമതലപ്പെടുത്തി. അവര്‍ കിട്ടിയിടത്തോളം വാങ്ങി. കര്ഷകന് തറവിലയേക്കാള്‍ കിലോഗ്രാമിന് പത്ത് രൂപയെങ്കിലും കൂടുതലായി ലഭിച്ചു. കഴിഞ്ഞ സീസണില്‍ കാശ്മീരില്‍ നിന്ന് നാഫെഡ് ശേഖരിച്ചത് ഏതാണ്ട് 7,500 കോടിയുടെ ആപ്പിള്‍; ആ തുകയത്രയും കര്ഷകന് ബാങ്ക് അക്കൗണ്ടില്‍ ലഭിച്ചു. ഇതിനുമുന്‍പ് അടുത്തെങ്ങും അത്രക്ക് പണം അവര്‍ക്ക് യഥാസമയം ലഭിച്ചിട്ടില്ല. കാശ്മീരില്‍ ഭീകരരെ ഉപയോഗിച്ചാണ് കര്‍ഷകരെ തകര്‍ക്കാന്‍ ശ്രമിച്ചതെങ്കില്‍ ഇപ്പോള്‍ ഖാലിസ്ഥാനികളും ജിഹാദികളുമാണ് പഞ്ചാബിലെ കോണ്‍ഗ്രസുകാരുടെ തുറുപ്പുശീട്ട്.
ഇരട്ടത്താപ്പ്, രാഷ്ട്രീയം, ജിഹാദി- ഖാലിസ്ഥാന്‍
2014, 2019 എന്നീ പൊതുതിരഞ്ഞെടുപ്പു വേളകളില്‍ കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയില്‍ ഉണ്ടായിരുന്ന വാഗ്ദാനമാണ് എ പി എം സി മാര്‍ക്കറ്റുകളില്‍ നിന്ന് കര്‍ഷകനെ മോചിപ്പിക്കുമെന്നത്. അതാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കിയത്. കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് ഇവിടെയാണ് കാണേണ്ടത്. അവര്‍ ഇപ്പോള്‍ അത് ബിജെപിക്കെതിരെ ഉപയോഗിക്കാന്‍ ശ്രമിച്ചു; ബീഹാറില്‍ അതിന്റെ പ്രതിഫലനമുണ്ടാവുമെന്ന് അവര്‍ വിളിച്ചുകൂവുകയും ചെയ്തല്ലോ. അതിന് മുന്നോടിയായി രാഹുല്‍ ഗാന്ധി ട്രാക്ടര്‍ യാത്ര നടത്തിയതും മറ്റുമോര്‍ക്കുക. എന്നാല്‍ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ മാത്രമല്ല യു. പിയിലും മധ്യപ്രദേശിലും ഗുജറാത്തിലും മറ്റു ഭാഗങ്ങളിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് തോറ്റ് നാണം കെട്ടു. യു. പിയില്‍ ബഹുഭൂരിപക്ഷം മണ്ഡലത്തിലും കെട്ടിവെച്ച പണം പോലും രാഹുലിന്റെ പാര്‍ട്ടിക്ക് കിട്ടിയില്ല. ഹത്രസിലെ സംഭവം പരമാവധി ദുരുപയോഗം ചെയ്തതിന് ശേഷം കൂടിയാണിത് എന്നതോര്‍ക്കുക. അങ്ങിനെ ജനങ്ങള്‍ നിരാകരിച്ച ഒരു വിഷയത്തെ വീണ്ടുമെടുത്ത് കലാപാന്തരീക്ഷമുണ്ടാക്കാന്‍ ഇപ്പോള്‍ ശ്രമിക്കുകയാണ്. അത് പരാജയപ്പെടും എന്നകാര്യത്തില്‍ സംശയമില്ല.
പൗരത്വ നിയമത്തിനെതിരെ നടന്ന സമരം ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. അന്ന് ഡല്‍ഹിയില്‍ അണിനിരന്ന അതേ കൂട്ടരൊക്കെ ഇന്നിപ്പോള്‍ ഈ കര്‍ഷക വേഷമണിയുന്നുണ്ട്. കോണ്‍ഗ്രസ്, എഎപി, ജിഹാദി ഗ്രുപ്പുകള്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍, മാവോയിസ്റ്റുകള്‍ ഒക്കെയും. പിന്നെ കണ്ടത് മേധാ പട്കര്‍, യോഗേന്ദ്ര യാദവ് പോലുള്ളവര്‍. അതിനൊക്കെ പുറമെയാണ്, ഹരിയാന മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിശ്വാസത്തിലെടുത്താല്‍, ഖാലിസ്ഥാന്‍ വാദികള്‍. ഈ സമരത്തിനിടയില്‍ നിന്ന് ഖാലിസ്ഥാന്‍ മുദ്രാവാക്യമുയര്‍ന്നതോര്‍ക്കുക. ഖാലിസ്ഥാനും പാക്കിസ്ഥാനും തമ്മിലെ ബന്ധവും ഇവിടെ ഓര്‍മ്മിപ്പിക്കേണ്ടതുണ്ട്. അതിനൊക്കെ കോണ്‍ഗ്രസ് തയ്യാറാവുന്നു എന്നതാണ് രസകരം.
കോണ്‍ഗ്രസിന്റെ സമാന്തര നിയമം
മോദി സര്‍ക്കാര്‍ ഈ നിയമ ഭേദഗതികള്‍ കൊണ്ടുവന്നതോടെ തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സമാന്തര നിയമമുണ്ടാക്കാന്‍ സോണിയ ഗാന്ധി നിശ്ചയിച്ചിരുന്നു. കേന്ദ്ര നിയമത്തെ മറികടക്കാനായിരുന്നു ശ്രമം. പഞ്ചാബ്, രാജസ്ഥാന്, മഹാരാഷ്ട്ര ഒക്കെ പുതിയ നിയമമുണ്ടാക്കുകയും ചെയ്തു. തറവില കിട്ടുമെന്ന് പുതിയ നിയമത്തില്‍ മോദി ഉറപ്പ് നല്‍കിയില്ല എന്നതാണല്ലോ കോണ്‍ഗ്രസ് ഉയര്‍ത്തിയ ആക്ഷേപം. അതിനുള്ള സംവിധാനം തീര്‍ച്ചയായും കോണ്‍ഗ്രസ് സംസ്ഥാനങ്ങള്‍ പാസാക്കിയ നിയമത്തില്‍ അപ്പോള്‍ ഉണ്ടായിരിക്കണമല്ലോ. അതാണ് സ്ഥിതിയെങ്കില്‍ പിന്നെയെന്തിന് ഇപ്പോള്‍ കോണ്‍ഗ്രസുകാര്‍ സമരം ചെയ്യുന്നു? ഇതാണ് എത്ര ആലോചിച്ചിട്ടും പിടികിട്ടാത്തത്. തങ്ങള്‍ ഉറപ്പുനല്‍കിയ തറവില ആ സംസ്ഥാനങ്ങള്‍ കര്‍ഷകര്‍ക്ക് കൊടുത്താല്‍ തീരുന്ന പ്രശ്നമല്ലേ ഉള്ളു. അതിനവര്‍ക്ക് കഴിയില്ലെങ്കില്‍ പിന്നെന്തിനാണ് അവര്‍ സോണിയ പറഞ്ഞ പ്രകാരം പുതിയ നിയമമുണ്ടാക്കിയത്? യഥാര്‍ഥത്തില്‍ ഇപ്പോള്‍ നടക്കുന്നത് സമരാഭാസമാണ്……. പൗരത്വ നിയമ ഭേദഗതിയുടെ കാലഘട്ടത്തിലേത് പോലെ.
സിഎഎ വിരുദ്ധ സമരകാലത്ത് ഡല്‍ഹിയിലെ ഷഹീന് ബാഗിലെ സമരത്തിന് ജിഹാദി ശക്തികളായിരുന്നു നേതൃത്വം. അതേ മാതൃകയില്‍ തലസ്ഥാന നഗരിയെ ബന്ദിയാക്കാനുള്ള പുറപ്പാടാണ് ഇപ്പോള്‍ നടത്തുന്നത് എന്നതാണ് കരുതേണ്ടത്. 1980 -കളിലും മറ്റും സമാനമായ ഒരു സമരരീതിക്ക് ദല്‍ഹി സാക്ഷ്യം വഹിച്ചിട്ടുണ്ട്; ടിക്കായത്ത് എന്ന കര്‍ഷക നേതാവിന്റെ സമരം. നൂറുകണക്കിന് കര്‍ഷകരുമായി ദല്‍ഹി ബോട്ട് ക്ലബ്ബിലെത്തി ദിവസങ്ങളോളം തങ്ങുന്നതായിരുന്നു ആ ജാട്ട് സമരരീതി. അവിടം മുഴുവന്‍ മലീമസമാക്കും; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മറ്റും ആ വഴി പോകാനാവാത്ത സ്ഥിതിയുണ്ടാക്കും. അതിന് വീണ്ടും ദല്‍ഹി നിന്ന് കൊടുക്കണോ; അന്നത് കര്‍ഷകരായിരുന്നു; ഇന്നിപ്പോള്‍ ജിഹാദി -ഖാലിസ്ഥാന്‍ വാദികളാണ് അതിന് നേതൃത്വമേകുന്നത് എന്നതുമോര്‍ക്കണമല്ലോ.
തറവില; എന്തിന് സംശയം?
നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് നല്കിയ ഒരു വാഗ്ദാനമുണ്ട്; സ്വാമിനാഥന് കമ്മീഷന്റെ ശുപാര്‍ശ അംഗീകരിച്ചുകൊണ്ട് തറവില വര്‍ധിപ്പിക്കുമെന്നതാണ് അത്. അത് ഓരോ ഘട്ടമായിട്ടാണ് ചെയ്യുക. ഇക്കാര്യത്തിലും മോദി സര്‍ക്കാര്‍ ഉറപ്പ് പാലിച്ചു എന്നത് മറന്നുകൂടാ. പ്രധാന വിളകളുടെ ഇപ്പോഴത്തെയും മോദി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോഴത്തെയും തറവില ഒന്ന് ശ്രദ്ധിക്കൂ. (ആദ്യം നിലവിലെ തറവില; ബ്രാക്കറ്റിലുള്ളത് 2014-ലെ നിരക്ക്). നെല്ല് – 1,868 രൂപ (1310); ഗോതമ്പ് – 1925 (1400); കൊപ്ര – 9960 (5250); കോട്ടണ്‍ – 5825 (3750). 1966-67 കാലഘട്ടത്തിലാണ് തറവില സംവിധാനമുണ്ടാക്കുന്നത്. അന്നുമുതല്‍ 2014 വരെ എത്ര രൂപയാണ് ലഭിച്ചിരുന്നത് എന്നത് കൂടി നോക്കുമ്പോഴാണ് അഞ്ചു വര്‍ഷം കൊണ്ട് മോദി സൃഷ്ടിച്ച മാറ്റം വ്യക്തമാവുക.
മറ്റൊന്ന് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നത് നേരത്തെ സൂചിപ്പിച്ചത് പോലെ എപിഎംസി നിയമത്തിലാണ്; മറ്റൊന്ന് അവശ്യ സാധന നിയമത്തിലും. അതിലെങ്ങിനെയാണ് തറവില ഉറപ്പാക്കാന്‍ കഴിയുക? അതും തറവിലയുമായി ഒരു ബന്ധവുമില്ലല്ലോ. ഇത് കോണ്‍ഗ്രസുകാര്‍ക്ക് അറിയാത്തതല്ല. അതാണ് കോണ്‍ഗ്രസ് രാഷ്ട്രീയം; വിവരക്കേടും.
അപ്പോള്‍ കോണ്‍ഗ്രസിന്റെ പ്രശ്നം കര്‍ഷകര്‍ക്ക് ഇന്നിപ്പോള്‍ അവര്‍ ആഗ്രഹിച്ച പണം കിട്ടുന്നു എന്നതാണ്. മുന്‍കാലങ്ങളില്‍ തങ്ങള്‍ അത് അവര്‍ക്ക് നിഷേധിച്ചു എന്നത് കര്‍ഷകര്‍ തിരിച്ചറിയുന്നു എന്നതും കോണ്‍ഗ്രസുകാരെ വേട്ടയാടുന്നു. പഞ്ചാബില്‍ മാത്രം ഒരു വര്‍ഷം ഈ ദല്ലാളന്മാര് കയ്യടക്കിയിരുന്നത് ഏതാണ്ട് 3,000 കോടി രൂപയത്രേ; മഹാരാഷ്ട്രയില്‍ അതിനേക്കാള്‍ എത്രയോ ഇരട്ടിയാവുമപ്പോള്‍. അതൊക്കെ കൈമോശം വരുമ്പോള്‍ ഞെട്ടലുണ്ടാവാതിരിക്കില്ലല്ലോ. ആ ദല്ലാള്‍ പണത്തിന്റെ ഗുണഭോക്താക്കളായിരുന്നവരല്ലേ കോണ്‍ഗ്രസ് നേതാക്കള്‍. അതായത് ഈ സമരം ആ കുത്തക ദല്ലാളന്മാര്ക്ക് വേണ്ടിയാണ്; അവര്‍ക്കൊപ്പം ജിഹാദി-ഖാലിസ്ഥാനികളും അണിനിരക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: