ഏഴിമല: ചൈന ഉയര്‍ത്തുന്ന ഏതു വെല്ലുവിളിയും നേരിടാന്‍ ഇന്ത്യന്‍ സേന സജ്ജമെന്ന് കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെ. ഏഴിമല നാവിക അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ മിഡ്ഷിപ്പ്മെന്‍മാരുടെയും കേഡറ്റുകളുടയും പാസിങ് ഔട്ട് പരേഡിനെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ സാങ്കേതിക വിദ്യകളെ കൂടുതല്‍ അറിയുന്നതിനും സ്വായത്തമാക്കുന്നതിനും കേഡറ്റുകള്‍ക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മഞ്ഞുകാലത്തെ മുന്നില്‍ കണ്ട് കശ്മീരിലേക്ക് ഭീകരരുടെ നുഴഞ്ഞ് കയറ്റ ശ്രമമുണ്ട്. രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ മേഖലകളിലും വിഘടനവാദികളും കള്ളക്കടത്ത് സംഘങ്ങളും സൈന്യത്തിന് വെല്ലുവിളികള്‍ ഉയര്‍ത്തുന്നതായും കരസേന മേധാവി പറഞ്ഞു.
ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സേനാ പിന്മാറ്റത്തെ സംബന്ധിക്കുന്ന ചര്‍ച്ചകള്‍ വൈകാതെ ഫലം കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മെയില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഉണ്ടായ ചൈനീസ് കടന്നുകയറ്റം രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയാണെന്ന വാദത്തോട് യോജിക്കാനാവില്ലെന്നും കരസേന മേധാവി പറഞ്ഞു. 164 പേരാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. ഇതില്‍ രണ്ടുപേര്‍ ശ്രീലങ്കയില്‍ നിന്നുള്ളവരാണ്. മികച്ച കേഡറ്റുകള്‍ക്കുള്ള വിവിധ അവാര്‍ഡുകള്‍ കരസേന മേധാവി സമ്മാനിച്ചു.
അക്കാദമി കമാന്‍ഡന്റ് വൈസ് അഡ്മിറല്‍ ഹംപി ഹോലി, ഡെപ്യൂട്ടി കമാന്‍ഡന്റ് റിയര്‍ അഡ്മിറല്‍ തരുണ്‍ സോപ്തി, അക്കാദമി പ്രിന്‍സിപ്പല്‍ റിയര്‍ അഡ്മിറല്‍ കെ.എസ്. നൂര്‍ എന്നിവര്‍ സംബന്ധിച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതിനാല്‍ ഇത്തവണ കേഡറ്റുകളുടെ രക്ഷിതാക്കളുടെ അഭാവത്തിലാണ് പരേഡ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: