കൊല്ലം: സ്ത്രീസുരക്ഷയുടെ ഭാഗമായി ആവിഷ്കരിച്ച ഷീ ലോഡ്ജ് പദ്ധതി കൊല്ലം കോര്‍പ്പറേഷനില്‍ നടപ്പാക്കിയപ്പോള്‍ വെള്ളാനയായി മാറിയെന്ന് ലോക്കല്‍ ഫണ്ട് ആഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഷീ ലോഡ്ജിനായി കെട്ടിടം വാടകയ്ക്ക് എടുത്തതു മുതല്‍ പദ്ധതി പാഴ്ചെലവുകളാണ് വരുത്തുന്നതെന്നും ആഡിറ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
2018 മെയ് 15നാണ് മുണ്ടയ്ക്കല്‍ തെക്കേവിള ആലുംമൂട്ടില്‍ പുത്തന്‍വീട്ടില്‍ ആമിനയുടെ കെട്ടിടം രണ്ടുലക്ഷം രൂപ മുന്‍കൂറായി നല്കി കോര്പ്പറേഷന് സെക്രട്ടറി കരാറിലേര്‍പ്പെട്ടത്. അന്നു മുതല്‍ പ്രതിമാസം 22,950 രൂപ വാടകയും നല്‍കിവരുന്നുണ്ട്. എന്നാല്‍ ഷീ ലോഡ്ജ് ഉദ്ഘാടനം ചെയ്തത് 2019 ഫെബ്രുവരി 26നാണ്. അതുവരെയുള്ള ഒമ്പതുമാസങ്ങളില്‍ കെട്ടിടം ഉപയോഗിക്കാതെ വാടക നല്കി വരികയായിരുന്നു.
ഒരുസമയം നഗരത്തിലെത്തുന്ന 20 സ്ത്രീകള്‍ക്ക് സുരക്ഷിതമായി താമസിക്കാന്‍ ദിവസം 300 രൂപ നിരക്കില്‍ പാര്‍പ്പിടമൊരുക്കുകയാണ് ഷീ ലോഡ്ജിലൂടെ ഉദ്ദേശിച്ചത്. ഇത്രയും പേര്‍ക്ക് ഉപയോഗിക്കാനാവശ്യമായ ഫര്‍ണിച്ചറുകള്‍ കോഴിക്കോടുള്ള ആര്‍ട്ട് കോ എന്ന സ്ഥാപനത്തില്‍ നിന്നും ഇ-ടെണ്ടര്‍ വഴിയാണ് വാങ്ങിയത്. എന്നാല്‍ അഞ്ചു മുറികളിലായി എട്ട് കിടക്കകളും അനുബന്ധ സൗകര്യങ്ങളും ഏര്‍പ്പെടുത്തി ബാക്കി ഫര്‍ണിച്ചറുകള്‍ അടുക്കളയുടെ മൂലയ്ക്ക് കൂട്ടിയിട്ടിരിക്കുകയാണെന്ന് ആഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓണ്‍ലൈന്‍ ബുക്കിംഗ് ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി കമ്പ്യൂട്ടര്‍, സ്കാനര്‍, പ്രിന്റര്‍ അനുബന്ധ ഉപകരണങ്ങള്‍ 60,700 രൂപ ചെലവഴിച്ച് വാങ്ങിയിട്ടുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രം തുടങ്ങിയിട്ടില്ല. ഷീ ലോഡ്ജിനായി കണ്ടെത്തിയ കെട്ടിടം കൊല്ലം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്ന് മൂന്നര കിലോമീറ്ററും റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒന്നര കിലോമീറ്ററും ദൂരെയാണ്.
എന്നാല്‍ ഇങ്ങനെയൊരു സ്ഥാപനമുണ്ടെന്ന് ഇവിടങ്ങളില്‍ എത്തുന്നവര്‍ക്കോ നഗരത്തിലുള്ളവര്‍ക്കോ അറിയാന്‍ യാതൊരു സംവിധാനവും ഏര്‍പ്പെടുത്തിയിട്ടില്ല. ആവശ്യമായ പരസ്യം ലഭിക്കാത്തതിനാല്‍ കൊല്ലം നഗരത്തിലെ ഷീ ലോഡ്ജ് ആവശ്യക്കാര്‍ക്ക് വേണ്ടവിധം പ്രയോജനപ്പെടുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇവിടെ രണ്ട് കെയര്‍ടേക്കര്‍മാര്‍ക്കായി 10,000 രൂപവീതം പ്രതിമാസം ചെലവഴിക്കുന്നു. വൈദ്യുതി, ടെലിഫോണ്‍ ഉള്‍പ്പെടെ സ്ഥാപനത്തിന്റെ പ്രതിമാസ ചെലവ് 45,000 രൂപയാണ്. 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിപ്പിച്ചിട്ടും ഷീ ലോഡ്ജിന്റെ പ്രതിമാസവരുമാനം 2000 രൂപമാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
സ്ത്രീസുരക്ഷ മാനദണ്ഡമാക്കി ആവിഷ്കരിച്ച പദ്ധതി അധികൃതരുടെ പിടിപ്പുകേടുമൂലം ഫലത്തില്‍ കോര്പ്പറേഷന് ഭീമമായ നഷ്ടം മാത്രമാണ് വരുത്തിവയ്ക്കുന്നതെന്നും ആഡിറ്റ് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
പ്രശാന്ത് ആര്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക: