ന്യൂദല്‍ഹി: ഓഖി ചുഴലിക്കാറ്റിന്റെ ദുരന്തം മാറും മുന്‍പ് കേരള തീരത്തിനു ഭീഷണിയായി മറ്റൊരു ചുഴലിക്കാറ്റിന് സാധ്യത തെളിയുന്നെന്ന് പ്രവചനം. നിവാറിന് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ബുര്‍വി എന്നു പേരിട്ടിരിക്കുന്ന ന്യൂനമര്‍ദ്ദം മൂന്നു ദിവസത്തിനുള്ളില്‍ ചുഴലിക്കാറ്റായി മാറിയേക്കുമെന്നാണ് സൂചന. നാളെ ന്യൂനമര്‍ദ്ദം ശക്തമാകാന്‍ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ആദ്യഘട്ടത്തില്‍ കേരളത്തിനു ഭീഷണിയില്ലെന്നായിരുന്നു വിലയിരുത്തല്‍.
എന്നാല്‍, പുതിയ പ്രചവനങ്ങള്‍ പ്രകാരം ചുഴലിക്കാറ്റിന്റെ ദിശ കൃത്യമായി നിര്‍വചിക്കാന്‍ സാധിക്കാനാകില്ല. കാലാവസ്ഥ വിദഗ്ധരുടെ പഠന പ്രകാരം ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനര്‍മദം ചുഴലിക്കാറ്റായി മാറി ഒഡിഷ, ആന്ധ്ര തീരങ്ങള്‍ക്ക് സമീപത്തു കൂടി കടന്നു പോകുമെന്നാണ്. എന്നാല്‍, അന്തരീക്ഷ മര്‍ദത്തിന്റെ ഫലമായി ദിശമാറിയാല്‍ അതു കേരളത്തിനു ഭീഷണിയാകുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. ഇപ്പോള്‍ ഭീഷണിയില്ലാത്ത പാത അല്ലെങ്കില്‍ മറ്റു രണ്ടു പാതകളും കേരളത്തിന്റെ തെക്കന്‍മേഖലയെ ബാധിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് അറബിക്കടലിലേക്ക് ചുഴലിക്കാറ്റ് കടക്കാനുള്ള സാധ്യത ഏറെയാണ്. അങ്ങനെ വന്നാല്‍ അതു തെക്കന്‍കേരളത്തിലൂടെയാകും. അതിലും വലിയ ഭീഷണിയായി മാറും കേരളത്തിലെ തീരപ്രദേശത്തു കൂടി കാറ്റിന്റെ ഗതി മാറിയാല്‍. അത്തരത്തിലുണ്ടായാല്‍ അത് മറ്റൊരു ഓഖിക്ക് സമാനമാകുമെന്നാണ് റിപ്പോര്‍ട്ട്. ഡിസെബര്‍ രണ്ട്, മൂന്ന് തീയതികളില്‍ മാത്രമേ ബുര്‍വിയുടെ കൃത്യമായ ഗതി മനസിലാക്കാന്‍ സാധിക്കൂ. അതേസമയം, ന്യൂനമര്‍ദത്തിന്റെ ഭാഗമായി ഡിസംബര്‍ ഒന്നിന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും രണ്ടിന് തിരുവനന്തപുരം, കൊല്ലം ജില്ലകളിയും ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിങ്കളാഴ്ച മുതല്‍ കനത്ത മഴ കനക്കുമെന്നാണ് മുന്നറിയിപ്പ. അടുത്ത 12 മണിക്കൂറില്‍ ബംഗാള്‍ ഉള്‍ക്കടലിലേക്കും തെക്കന്‍ ആന്ധ്രാപ്രദേശിനു പുറത്തുള്ള കടലിലേക്കും പ്രവേശിക്കരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കനത്ത മഴക്കും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: