ലക്നൗ: നിര്‍ബന്ധിതമോ, ‘ആത്മാര്‍ത്ഥമല്ലാത്തതോ’ ആയ മതപരിവര്‍ത്തനം തടഞ്ഞുകൊണ്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ അംഗീകാരം നല്കി. ഗവര്‍ണറുടെ അംഗീകാരത്തോടെ ഓര്‍ഡിനന്‍സ് പ്രാബല്യത്തിലായെന്ന് അധികൃതര്‍ അറിയിച്ചു. വിവാഹത്തിനായി ഉള്‍പ്പെടെ നടത്തുന്ന നിര്‍ബന്ധിതമോ അല്ലെങ്കില്‍ ആത്മാര്‍ത്ഥമല്ലാത്തതോ ആയ മതപരിവര്‍ത്തനം കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള ഓര്‍ഡിനന്‍സിന്റെ കരടിന് ഈ ആഴ്ച മുഖ്യമന്ത്രി യോഗി അദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.
നിയമം ലംഘിക്കുന്നവര്‍ക്ക് പത്തുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാം. ഓര്‍ഡിനന്‍സ് പ്രകാരം, വിവാഹത്തിനുവേണ്ടി മാത്രം സ്ത്രീ മതം മാറിയാല്‍ വിവാഹത്തിന് നിയമസാധുതയുണ്ടാകില്ല. വിവാഹത്തിനുശേഷം മതംമാറാന്‍ ആഗ്രഹിക്കുന്നവര്‍ ജില്ലാ മജിസ്ട്രേട്ടിന് മുന്‍കൂട്ടി അപേക്ഷ നല്‍കണം. ഉത്തര്‍പ്രദേശിന് സമാനമായി ഹരിയാനയും മധ്യപ്രദേശും നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ നിയമനിര്‍മാണം നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
വിവാഹത്തിന്റെ പേരില്‍ ഹിന്ദുസ്ത്രീകളെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നുവെന്ന (ലവ് ജിഹാദ്) ആശങ്കകള്‍ പരിഹരിക്കാനാണ് ഉത്തര്‍പ്രദേശിന്റെ മാതൃകയില്‍ മധ്യപ്രദേശിലെയും ഹരിയാനയിലെയും സര്‍ക്കാരുകള്‍ നിയമംകൊണ്ടുവരുമെന്ന് അറിയിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: