തിരുവനന്തപുരം: വിവാദമായ ശബ്ദരേഖയെക്കുറിച്ച് സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷില്‍ നിന്ന് മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ചിന് കസ്റ്റംസ് അനുമതി നല്‍കില്ല.ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കാനാണ് ക്രൈം ബ്രാഞ്ചിന് കസ്റ്റംസിന്റെ നിര്‍ദേശം.
ശബ്ദരേഖ സ്വപ്നയുടെ തന്നെയോയെന്ന് കണ്ടെത്താനാണ് മൊഴിയെടുക്കാന്‍ ജയില്‍ വകുപ്പിനോട് ക്രൈംബ്രാഞ്ച് അനുമതി തേടിയത്. കൊഫെപോസ കേസിലെ പ്രതിയായതിനാല്‍ അനുമതിതേടി ജയില്‍ വകുപ്പ് കസ്റ്റംസിന് കത്തയച്ചു. എന്നാല്‍ തങ്ങളുടെ കസ്റ്റഡിയിലാണ് സ്വപ്ന എന്നതിനാല്‍ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കാനാകില്ലെന്ന് കസ്റ്റംസ് അറിയിക്കുകയായിരുന്നു.
ആവശ്യമെങ്കില്‍ കോടതിയെ സമീപിച്ച് സ്വപ്നയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനും ക്രൈംബ്രാഞ്ചിനോട് നിര്‍ദേശിച്ചു. കേസ് രജിസ്റ്റര്‍ ചെയ്യാതെയാണ് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തുന്നത്. അതിനാല്‍ കോടതിയെ സമീപിക്കാനാകില്ല. ഇതോടെ ക്രൈബ്രാഞ്ച് വെട്ടിലായി.
സ്വപ്നയുടേതെന്ന പേരില്‍ ഒരു സ്വകാര്യ യൂ ടൂബ് ചാനലാണ് ശബ്ദരേഖ പുറത്തുവിട്ടത്. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ കേന്ദ്ര ഏജന്‍സികള്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നാണ് ഉള്ളടക്കം. ഒരു ഏജന്‍സിയുടെയും പേര് പറയുന്നില്ലെങ്കിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിര്‍ബന്ധിക്കുന്നു എന്നായിരുന്നു പ്രചാരണം. ജയിലില്‍ വച്ചല്ല ശബ്ദരേഖ റെക്കോര്‍ഡ് ചെയ്തതെന്നും തന്റെ ശബ്ദമാണോ എന്ന് സ്വപ്നയ്ക്ക് ഉറപ്പില്ലെന്നുമായിരുന്നു ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ഇതോടെ സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങ് നല്കിയ കത്ത് പോലീസ് തള്ളി. സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ജയില്‍ വകുപ്പിന് കത്ത് നല്കി. ആ കത്ത് ഋഷിരാജ് സിങ്ങ് പോലീസിന് കൈമാറുകയും ചെയ്തു.
ഇതോടെയാണ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റ അന്വേഷണച്ചുമതല നല്‍കിയത്. എന്നാല്‍ കേസെടുത്ത് അന്വേഷിക്കുന്നതിന് പകരം പ്രാഥമിക അന്വേഷണം നടത്തിയാല്‍ മതിയെന്നായിരുന്നു ഡിജിപിയുടെ നിര്‍ദ്ദേശം. ഇനി സ്വപ്നയെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് കോടതിയെ സമീപിക്കേണ്ടിവരും. അതിന് കേസ് രജിസ്റ്റര്‍ ചെയ്യാതെ നിര്‍വ്വാഹമില്ല.
എന്‍ഫോഴ്സ്മെന്റിന്റെ പരാതി ഉണ്ടായിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാതെ പ്രാഥമിക അന്വേഷണം മാത്രം നടത്തുന്നതില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് എതിര്‍പ്പുണ്ട്. അതിനാലാണ് കസ്റ്റംസ് അനുമതി നല്‍കാത്തത്. ലൈഫ് മിഷന് അഴിമതിയുടെ ഫയലുകള്‍ സിബിഐ ആവശ്യപ്പെട്ടപ്പോള്‍ കോടതിയില്‍ നിന്നും വാങ്ങാനായിരുന്നു വിജിലന്‍സിന്റെ നിര്‍ദ്ദേശം. ഇതിനുള്ള മറുപടി കൂടിയാണ് കസ്റ്റംസിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: