ബ്രാഹ്മണവേഷധാരിയായ വിശ്വാമിത്ര മഹര്‍ഷിയുടെ വാസസ്ഥാനത്ത് അടിമപ്പണി ചെയ്യുകയായിരുന്നു ഹരിശ്ചന്ദ്ര പത്നി. മകന് രോഹിതന് ബ്രാഹ്മണനു വേണ്ടി വിറകും ചമതയും സംഘടിപ്പിക്കാന്‍ പോകും. ഇടയ്ക്ക് പുതുതായി പരിചയപ്പെട്ട കൂട്ടികാരോടൊപ്പം കളിക്കാനും പോകും. തിരിച്ചു വരുമ്പോള്‍ ചമതയും ദര്‍ഭയുമെല്ലാം കൈയിലുണ്ടാകും. കൈയിലും കാലിലും ശരീരത്തിന്റെ പല ഭാഗത്തും ദര്‍ഭമുന കൊണ്ട വേദനയുണ്ടാകും.
ഒരു ദിവസം ചമതയും ദര്‍ഭയുമെടുത്തു മടങ്ങുമ്പോള്‍ ഒരു കരിമൂര്ഖന് രോഹിതനെ കടിച്ചു. അവന് അപ്പോള്‍ തന്നെ അവിടെ വീണു. കളിക്കൂട്ടുകാര്‍ ഇതു കണ്ടു. രോഹിതന് മരിച്ചു കഴിഞ്ഞതായി മനസ്സിലാക്കിയ അവര്‍ അവന്റെ അമ്മ ചന്ദ്രമതിയെ വിവരമറിയിച്ചു.
അതുകേട്ടതും അമ്മ ബോധംകെട്ടു വീണു. ബ്രാഹ്മണന് വന്നു നോക്കുമ്പോള്‍ ചന്ദ്രമതി ത്രിസന്ധ്യക്ക് കിടന്നുറങ്ങുന്നു. അല്പം വെള്ളം മുഖത്ത് തളിച്ച് അവളെ ഉണര്‍ത്തി. മകനെ ഓര്‍ത്ത് ആ അമ്മ കരഞ്ഞു. ത്രിസന്ധ്യക്ക് കരഞ്ഞുകൊണ്ടിരുന്ന ചന്ദ്രമതിയെ ബ്രാഹ്മണന് ശാസിച്ചു.
തന്റെ മകന് പാമ്പു കടിയേറ്റു മരിച്ച വിവരം അറിയിച്ചപ്പോള്‍ അതൊന്നും കേട്ട് ബ്രാഹ്മണന് ദയാലുവായില്ല. ‘അടിമപ്പണം വാങ്ങി പണിയെടുക്കാതെ തടിതപ്പാനാണ് ചന്ദ്രമതിയുടെ ശ്രമം. എവിടെ പോകാനാണെങ്കിലും വീട്ടിലെ പണിയൊക്കെ തീര്‍ത്തിട്ടു മതി. എപ്പോള്‍ പോയാലും രാവിലത്തെ എല്ലാ പണികളും ചെയ്യാന്‍ പാകത്തിന് നേരത്തേ എത്തിക്കൊള്ളണം.’
ബ്രാഹ്മണന്റെ കടുത്ത നിര്‍ദേശം കേട്ട് വിതുമ്പിക്കൊണ്ട് ചന്ദ്രമതി ജോലികള്‍ തുടര്‍ന്നു. പാതിരാത്രിയോടെ ജോലികള്‍ തീര്‍ന്നു. ഉടനെ തന്നെ മകന് മരിച്ചു കിടക്കുന്ന സ്ഥാനത്തേയ്ക്ക് ചന്ദ്രമതി ഓടി. മകന്റെ ശരീരം മരവിച്ചു കഴിഞ്ഞിരുന്നു.
എത്രനാളത്തെ പ്രാര്‍ഥനയ്ക്കു ശേഷമാണ് ഈ പുത്രനെ ലഭിച്ചത്. ഇപ്പോള്‍ അവനെയും തനിക്ക് നഷ്ടമായിരിക്കുന്നു. ഇവന്റെ ജീവന് രക്ഷിക്കാന്‍ വേണ്ടിയാണ് വരുണനെ പിണക്കിയതും എല്ലാവര്ക്കും മഹോദരം പിടിപെട്ടതുമെല്ലാം. ഒടുവില്‍ ശുനശേഫനെ വിലയ്ക്കെടുത്തു ബലികൊടുക്കാന്‍ ശ്രമിച്ചതും വിശ്വാമിത്രന് ഇടപെട്ട് രംഗം ശാന്തമാക്കിയതുമെല്ലാം ചന്ദ്രമതി ഒരു നിമിഷം ആലോചിച്ചു പോയി. ഒരു പുത്രന്റെ വേര്‍പാടിന്റെ വിഷമം ഇപ്പോള്‍ തനിക്കും അനുഭവിക്കേണ്ടി വന്നിരിക്കുന്നു. എല്ലാം കര്‍മഫലം തന്നെ. താന്‍ തികച്ചും ഏകാകിയായിരിക്കുന്നു.
ചലനമറ്റ ഈ ശരീരം ഇനിയും ഇങ്ങനെ വച്ചുകൊണ്ടിരിക്കുന്നതെങ്ങനെ? ഉടന്‍ ഏതെങ്കിലും ശ്മശാനത്തില്‍ എത്തിക്കണം. കൈയില്‍ പണവുമില്ല. സഹായത്തിന് ഒരു വ്യക്തി പോലുമില്ല.
രാജാ ഹരിശ്ചന്ദ്രന് ഇപ്പോള്‍ എവിടെയാണെന്നു പോലും അറിയില്ല. മഹര്‍ഷിമാരുടെ അനുഗ്രഹങ്ങളെല്ലാം വെറുതെയായിപ്പോയല്ലോ? ‘ദീര്‍ഘായുഷ്മാന്‍ ഭവഃ’ എന്ന് പല മഹര്‍ഷിമാരും പണ്ട് അനുഗ്രഹിച്ചതാണ്.
എന്നിട്ടും തന്റെ മകന് രോഹിതന് ഇതാ ചലനമറ്റു കിടക്കുന്നു. അഥവാ അവന് ജീവനോടെ ഉണ്ടായിരുന്നുവെങ്കില്‍ അമ്മേയെന്നു പറഞ്ഞ് കെട്ടിപ്പിടിക്കുമായിരുന്നല്ലോ.
ഇനിയും ജീവന് ബാക്കിയുണ്ടോ? ചന്ദ്രമതി വീണ്ടും വീണ്ടും അവന്റെ നെഞ്ചില്‍ കൈ വച്ചു നോക്കി. ഇല്ല, ശ്വാസമോ, ചലനമോ ഇല്ല. ഉറപ്പാണ്. ഇതോര്‍ത്തപ്പോള്‍ ആ അമ്മ അവന്റെ ദേഹത്തു തന്നെ ബോധമറ്റു വീണു.
ഇടയ്ക്കു ബോധം തെളിഞ്ഞപ്പോള്‍ ചന്ദ്രമതി വീണ്ടും ആര്‍ത്തലച്ചു കരഞ്ഞു. ‘മോനേ, പ്രിയ രോഹിതാ, നീ എന്താ എന്റെ വിളി കേള്‍ക്കാത്തത്? നീയും എന്നെ വിട്ടു പോയോ? ‘പിന്നെപ്പിന്നെ അവള്‍ക്കും വാക്കുകള്‍ ഇല്ലാതായി. ഇടയ്ക്ക് പരിസര വാസികളില്‍ ചിലര്‍ അവിടെ ഒത്തുകൂടി. ഇതാരാണ് ഒരു സ്ത്രീ അസമയത്ത് ഒരു കുട്ടിയുമായി ഇവിടെ വന്നിരിക്കുന്നത്? ഇവള് സദാചാരം പുലര്‍ത്തുന്നവളാണെങ്കില്‍ ഈ പാതിരായ്ക്ക് ഇവിടെ വന്നിരിക്കില്ല. ഇവള് ദുര്‍ന്നടപ്പുകാരി തന്നെയായിരിക്കണം.
കൈയില്‍ ഒരു കുട്ടിയുമുണ്ടല്ലോ? ആ കുട്ടിക്ക് ചലനമില്ലല്ലോ? അവന് മരിച്ചു കിടക്കുകയാണോ? അതോ ആ കുഞ്ഞിനെ ഇവള് കൊന്നതാണോ? എങ്കില്‍ ഇവളും ശിക്ഷാര്ഹ തന്നെ. നാട്ടുകാര്‍ ഇങ്ങനെ പലതും പറഞ്ഞ് ദുഷിച്ചുകൊണ്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: