കല്ലുവാതുക്കല്‍: അടച്ചുപൂട്ടലിന്റെ വക്കിലാണ് കല്ലുവാതുക്കല്‍ ഗ്രാമപ്പഞ്ചായത്ത് ഹൈസ്കൂള്‍. തെരഞ്ഞെടുപ്പുപോര് ചൂടുപിടിക്കുമ്പോള്‍ നാട്ടില്‍ ചര്‍ച്ചയാകുന്നത് പള്ളിക്കൂടത്തിന്റെ വികസനം കൂടിയാണ്. ഏതുനിമിഷവും താഴ് വീഴാമെന്ന അവസ്ഥയിലേക്കാണ് ഇപ്പോള്‍ സ്കൂളിന്റെ പോക്ക്. വിരലിലെണ്ണാവുന്നത്രയും കുട്ടികളാണ് ഇത്തവണയും ഇവിടെ പ്രവേശനം തേടിയെത്തിയത്.
1959 ല്‍ മന്ത്രിയായിരുന്ന പ്രൊഫ: ജോസഫ് മുണ്ടശ്ശേരിയാണ് സ്കൂള്‍ അനുവദിച്ചത്. കാരംകോട്ട് പ്രവര്‍ത്തിച്ചിരുന്ന സംസ്കൃതം ഹൈസ്കൂള്‍ മാനേജ്മെന്റ് പൂട്ടിയതോടെയാണ് കല്ലുവാതുക്കലില്‍ ഹൈസ്കൂളിനുവേണ്ടിയുള്ള ശ്രമം ആരംഭിച്ചത്. അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് കുരുമ്പിലഴികം കെ. ബാലന് പിള്ള, ഡോ: എന്‍.ജി. കുറുപ്പ്, പി. രവീന്ദ്രന് എന്നിവരുടെ പരിശ്രമഫലമായാണ് സ്കൂള്‍ അനുവദിച്ചത്.
1980കളില്‍ മൂവായിരത്തിലേറെ വിദ്യാര്‍ഥികളും എഴുപതിലേറെ അധ്യാപകരുമുണ്ടായിരുന്ന ഈ സ്കൂളിന്റെ ഇപ്പോഴത്തെ സ്ഥിതി പരിതാപകരമാണ്. സ്കൂളില്‍ പുതിയ കുട്ടികള്‍ കൂടുതലായി എത്തുന്നില്ലെന്നതാണ് ഇപ്പോഴത്തെ ഗതികേട്.
സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതോടെയാണ് പ്രവര്‍ത്തനം താറുമാറായത്. അധ്യാപകരുടെ കുറവു പരിഹരിക്കാന്‍ താത്കാലിക അധ്യാപകരുടെ നിയമനംപോലും നടത്താനുള്ള കാലതാമസവും മറ്റും സ്കൂളിന്റെ നിലവാരത്തകര്‍ച്ചയ്ക്കു കാരണമായി. ഇതോടെ രക്ഷാകര്ത്താക്കള് കുട്ടികളെ മറ്റ് സ്കൂളുകളില്‍ ചേര്‍ക്കാന്‍ തുടങ്ങി.
ഏറ്റവും സൗകര്യമുള്ള കളിസ്ഥലവും മറ്റ് സൗകര്യങ്ങളുമുണ്ടായിട്ടും അത് പ്രയോജനപ്പെടുത്താന്‍ അധികൃതര്‍ ശ്രമിച്ചില്ല. സര്‍ക്കാര്‍ തലത്തില്‍ ഹയര്‍സെക്കന്‍ഡറി ഇല്ലാത്ത ഗ്രാമപഞ്ചായത്താണ് കല്ലുവാതുക്കല്‍. നിരവധി കെട്ടിടങ്ങള്‍ വെറുതെ കിടക്കുന്ന ഏറെ സൗകര്യങ്ങളുള്ള സ്കൂളില്‍ പ്ലസ്ടു വരികയാണെങ്കില്‍ സ്കൂളിന്റെ വികസനത്തിന് ഏറെ പ്രയോജനമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: