ന്യൂദല്‍ഹി : രാജ്യത്തെ കൊറോണ വാക്സിന് വികസന പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിലയിരുത്തുന്നു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മൂന്ന് കോവിഡ് പ്രതിരോധ വാക്സിന് നിര്‍മാണ ഫാര്‍മ പ്ലാന്റുകള്‍ പ്രധാനമന്ത്രി ഇന്ന് സന്ദര്‍ശിക്കും. സൈഡസ് കാഡില, ഭാരത് ബയോടെക്ക്, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവിടങ്ങളിലാണ് മോദി സന്ദര്‍ശിക്കുന്നത്.
വാക്സിന് വികസനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നേരിട്ടറിയുന്നതിനായി മോദി അഹമ്മദാബാദിനടുത്തുള്ള പ്രധാന ഫാര്‍മകളിലൊന്നായ സൈഡസ് കാഡിലയുടെ പ്ലാന്റ് സന്ദര്‍ശിക്കുമെന്ന് ഗുജറാത്ത് ഉപ മുഖ്യമന്ത്രി നിതിന്‍ പട്ടേലും വ്യക്തമാക്കിയിട്ടുണ്ട്.
അഹമ്മദാബാദ് നഗരത്തിന് സമീപമായുളള ചാങ്കോദര്‍ വ്യാവസായിക മേഖലയിലാണ് സൈഡസ് കാഡിലയുടെ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. ഇവരുടെ കോവിഡ് പ്രതിരോധ വാക്സിനായ സികോവ്- ഡിയുടെ ഒന്നാംഘട്ട ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയായെന്നും ഓഗസ്റ്റില്‍ രണ്ടാംഘട്ട ട്രയലുകള്‍ ആരംഭിച്ചതായും സൈഡസ് കാഡില അധികൃതര്‍ അറിയിച്ചിരുന്നു. പ്രധാനമന്ത്രി ശനിയാഴ്ച ഗുജറാത്ത് സന്ദര്‍ശിക്കുന്നുണ്ടെന്നും അതിനിടയില്‍ വാക്സിന് വികസിപ്പിക്കലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നേരിട്ടറിയുന്നതിനായി സൈഡസ് കാഡിലയില്‍ സന്ദര്‍ശനം നടത്തുമെന്നുമാണ് നിതിന്‍ പട്ടേല്‍ വെള്ളിയാഴ്ച അറിയിച്ചത്.
അഹമ്മദാബാദിലെ വാക്സിന് പ്ലാന്റ് സന്ദര്‍ശനത്തിന് ശേഷമാകും പുനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രധാനമന്ത്രി സന്ദര്‍ശിക്കുക. തുടര്‍ന്ന് ഹൈദരാബാദിലെത്തി ഭാരത് ബയോടെക്കില്‍ സന്ദര്‍ശനം നടത്തും. ഇന്ത്യന്‍ കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന് വികസിപ്പിക്കുന്നത് ഭാരത് ബയോടെക്കാണ്.
വൈകീട്ട് 4നും 5നും ഇടയില്‍ പ്രധാനമന്ത്രി ഭാരത് ബയോടെക്കിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് സൈബെറാബാദ് പോലീസ് കമ്മിഷണര്‍ വി.സി.സജ്ജനാര്‍ അറിയിച്ചിട്ടുണ്ട്. മൂന്നാംഘട്ട പ്രതിരോധ വാക്സിന് വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് അദ്ദേഹം ലാബ് ജീവനക്കാരുമായും സംസാരിക്കും. ഗവേഷകരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം വൈകുന്നേരത്തോടെ പ്രധാനമന്ത്രി ദല്‍ഹിയിലേക്ക് തിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: