തിരുവനന്തപുരം:ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പില്‍ കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും സ്പെഷ്യല്‍ തപാല്‍ വോട്ട് അനുവദിക്കുന്നതിനായുള്ള പട്ടിക (സര്‍ട്ടിഫൈഡ് ലിസ്റ്റ്) നവംബര്‍ 29 മുതല്‍ തയ്യാറാക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന് അറിയിച്ചു. മറ്റ് ജില്ലകളില്‍ കഴിയുന്ന കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും സ്പെഷ്യല്‍ തപാല്‍ വോട്ട് അനുവദിക്കും. ഡിസംബര്‍ എട്ടിന് തിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളില്‍ നവംബര്‍ 29ന് തന്നെ ആദ്യ സര്‍ട്ടിഫൈഡ് ലിസ്റ്റ് ഡെസിഗ്നേറ്റഡ് ഹെല്‍ത്ത് ഓഫീസര്‍ തയ്യാറാക്കി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൈമാറണം. കൂടാതെ നവംബര്‍ 30 മുതല്‍ ഡിസംബര്‍ ഏഴിന് വൈകുന്നേരം മൂന്നുവരെയുള്ള ദിവസങ്ങളിലെ സര്‍ട്ടിഫൈഡ് ലിസ്റ്റും അതാത് ദിവസങ്ങളില്‍ കൈമാറണം.
ഡിസംബര്‍ എട്ടിന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടുന്ന ആദ്യ സര്‍ട്ടിഫൈഡ് ലിസ്റ്റ് കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഡെസിഗ്നേറ്റ്ഡ് ഹെല്‍ത്ത് ഓഫീസര്‍മാര്‍ നവംബര്‍ 29ന് തയ്യാറാക്കണം. തുടര്‍ന്ന് ഡിസംബര്‍ ഏഴുവരെ തിയതികളില്‍ കോവിഡ് പോസിറ്റീവ് ആയവരുടെയും ക്വാറന്റീനില്‍ ഉള്ളവരുടെയും ലിസ്റ്റും തയ്യാറാക്കണം. അത്തരത്തിലുള്ള ഒന്‍പത് ജില്ലകളിലെ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അവര്‍ക്ക് ലഭിക്കുന്ന സര്‍ട്ടിഫൈഡ് ലിസ്റ്റുകള്‍ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിലെ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അതേ ദിവസംതന്നെ അറിയിച്ചിരിക്കണം. ഇത്തരത്തില്‍ തിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും മറ്റ് ജില്ലകളില്‍ കഴിയുന്ന സ്പെഷ്യല്‍ വോട്ടര്‍മാര്‍ ഉള്‍പ്പെടുന്ന സര്‍ട്ടിഫൈഡ് ലിസ്റ്റ് തിരഞ്ഞെടുപ്പിന് 10 ദിവസം മുമ്പ് മുതല്‍ അതാത് ദിവസം ഡെസിഗ്നേറ്റഡ് ഹെല്‍ത്ത് ഓഫീസര്‍ തയ്യാറാക്കി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൈമാറണം. ഈ പട്ടിക സ്പെഷ്യല്‍ വോട്ടറുള്‍പ്പെടുന്ന ജില്ലയിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസസ്ഥന് അതാത് ദിവസം തന്നെ നല്‍കണം.
ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് നല്കുന്ന പട്ടികയിലുള്ള മറ്റ് ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് അതാത് തദ്ദേശ സ്ഥാപനങ്ങളിലെ വരണാധികാരികള്‍ അയച്ച് കൊടുക്കും. സമ്മതിദായകരെ കുറിച്ചുള്ള രേഖപ്പെടുത്തലുകള്‍ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെടുത്തി പരിശോധിച്ചതിനു ശേഷമായിരിക്കും പോസ്റ്റല്‍ ബാലറ്റ് അനുവദിക്കുക. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം രജിസ്ട്രേഡ് പോസ്റ്റ് മുഖേനയോ ആള്‍വശമോ ബാലറ്റ് പേപ്പറും സത്യപ്രസ്താവനയും അടങ്ങിയ കവര്‍ വാര്‍ഡിലെ വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് മുന്‍പ് വരണാധികാരിക്ക് ലഭിക്കത്തക്കവിധം തിരികെ നല്‍കണം.
ഡിസംബര്‍ 10ന് തിരഞ്ഞെടുപ്പ് നടക്കുന്ന കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ ഡിസംബര്‍ ഒന്നിന് തന്നെ ആദ്യ സര്‍ട്ടിഫൈഡ് ലിസ്റ്റ് ഡെസിഗ്നേറ്റഡ് ഹെല്‍ത്ത് ഓഫീസര്‍ തയ്യാറാക്കി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൈമാറണം. ഡിസംബര്‍ രണ്ട് മുതല്‍ ഡിസംബര്‍ ഒന്‍പതിന് വൈകിട്ട് മൂന്ന് വരെയുള്ള സര്‍ട്ടിഫൈഡ് ലിസ്റ്റും അതാത് ദിവസങ്ങളില്‍ കൈമാറണം. ഡിസംബര്‍ 14ന് തിരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഡിസംബര്‍ അഞ്ചിന് തന്നെ ആദ്യ സര്‍ട്ടിഫൈഡ് ലിസ്റ്റ് ഡെസിഗ്നേറ്റഡ് ഹെല്‍ത്ത് ഓഫീസര്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൈമാറണം. ഡിസംബര്‍ ആറ് മുതല്‍ 13 വൈകിട്ട് മൂന്ന് വരെയുള്ള സര്‍ട്ടിഫൈഡ് ലിസ്റ്റും അതാത് ദിവസങ്ങളില്‍ കൈമാറണം
പ്രത്യേക ബാലറ്റ് പേപ്പറുകളുടെ എണ്ണം വരണാധികാരികള്‍ നിര്‍ണയിക്കണം
കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും നല്കുന്ന പ്രത്യേക ബാലറ്റ് പേപ്പറുകളുടെ എണ്ണം ബന്ധപ്പെട്ട വരണാധികാരികള്‍ നിര്‍ണയിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ കമ്മീഷണര്‍ വി. ഭാസ്കരന് അറിയിച്ചു. അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുന്ന ദിവസത്തെ കോവിഡ് ബാധിതരുടെയും നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും എണ്ണത്തെ അടിസ്ഥാനമാക്കിയാണ് കണക്കെടുക്കേണ്ടത്. സര്‍ട്ടിഫൈഡ് ലിസ്റ്റിലുള്ളവരുടെ എണ്ണം കൂടിവരാമെന്നതിനാല് ബാലറ്റുകളുടെ എണ്ണം കണക്കാക്കാന്‍ പ്രദേശത്തെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്റെ സഹായം വരണാധികാരി തേടണം. വരണാധികാരിക്ക് മുന്‍കരുതലായി ആവശ്യമാണെന്നു കാണുന്ന പ്രത്യേക പോസ്റ്റല്‍ ബാലറ്റുപേപ്പറുകളുടെ കണക്ക് യാഥാര്‍ത്ഥ്യബോധത്തോടെ എടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: