എല്ലാം കഴിഞ്ഞൊന്ന് തിരിഞ്ഞ് കണ്ണോടിക്കുമ്പോള്‍ ഇരുകൈകളും നെഞ്ചത്തുകെട്ടി, നിരാശയുടെ ആഴങ്ങളെ കണ്ണിലൊളിപ്പിച്ച്, നരച്ചുതുടങ്ങിയ താടിരോമങ്ങളില്‍ തെരുപ്പിടിച്ച്, തടിച്ചുകുറുകിയ ആ വലിയ മനുഷ്യന് മാത്രം ബാക്കി നില്ക്കുന്നു, ഡീഗോ അര്‍മാന്‍ഡോ മറഡോണ. കണക്കുകൂട്ടലുകള്‍ പിഴച്ചവന്റെ ആകുലതകളായിരുന്നു ജര്‍മ്മനിയുടെ കാല്‍ച്ചുവട്ടടിയില്‍ അര്‍ജന്റീന ഞെരിഞ്ഞമരുമ്പോള്‍ ആ മാന്ത്രികന്റെ കണ്ണുകളില്‍. ദക്ഷിണാഫ്രിക്കയിലെ സോക്കര്‍സിറ്റിയിലായിരുന്നു കദനത്തിന്റെ ആ രാത്രി പിറന്നത്. വിജയത്തില്‍ മതിമറന്നാഹ്ലാദിക്കുകയും കുട്ടികളെ നെഞ്ചോടുചേര്‍ത്ത് മുത്തം കൊടുക്കുകയും ചെയ്യുമായിരുന്ന മറഡോണ അന്ന് നിശബ്ദനായിരുന്നു.
വുവുസേലകളുടെ കാതടപ്പിക്കുന്ന നിലവിളി ഒച്ചയ്ക്കിടയിലും ആഫ്രിക്കന്‍ അരീനയുടെ ഓരത്ത് തടിച്ചുരുണ്ട ആ കുറിയ മനുഷ്യന്റെ അമര്‍ഷം പുരണ്ട മുരളല്‍ കേള്‍ക്കാമായിരുന്നു. കൈകള്‍ കൂട്ടിത്തിരുമ്മിയും തല കുമ്പിട്ടും ഇടയ്ക്കിടയ്ക്ക് മൈതാന വരയിലേക്ക് ഓടിക്കയറിയും അലറിക്കരഞ്ഞും… മറഡോണയെ അവസാനം കണ്ടത് അങ്ങനെയാണ്.
അര്‍ജന്റൈന്‍ വലയിലേക്ക് നാണക്കേടിന്റെ നാലാമത്തെ ഗോളും കോരിയെറിഞ്ഞ് തോമസ് മുള്ളറെന്ന ജര്‍മ്മന്‍ ചെറു ബാല്യക്കാരന്‍ ഒഴുകി വന്ന് വിരല്‍ചൂണ്ടി നിന്നത് മറഡോണയുടെ മുഖത്തേക്കായിരുന്നു, ഒരു കാലത്തിന്റെ മുഖത്തേക്ക്. (തലേ രാത്രിയിലെ പ്രസ്മീറ്റില്‍ തനിക്കൊപ്പം മുള്ളറെ കണ്ട മറഡോണ ക്ഷുഭിതനായിരുന്നു. തന്റെ തോളൊപ്പമെങ്കിലും നിര്‍ത്താവുന്ന ഒരുത്തനെ അയയ്ക്കാതെ ജര്‍മ്മനി തന്നെ അപമാനിച്ചുവെന്നായിരുന്നു ഡീഗോയുടെ ന്യായം.)
മൈതാനത്ത് വിയര്‍ത്ത് വിളറിനില്‍പ്പുണ്ടായിരുന്നു പുതിയ കാലം റിയല്‍ മിസിഹ എന്ന് വാഴ്ത്തിപ്പാടിയ ലയണല്‍ മെസി. ദക്ഷിണാഫ്രിക്കയില്‍ മെസിയും കൂട്ടരും തോറ്റമ്പിപ്പോയ ആ ലോകകപ്പില്‍ ഡീഗോ പരിശീലകനായിരുന്നു. ജര്‍മ്മന്‍ ഇടി മുഴക്കങ്ങള്‍ നിറഞ്ഞ ആ രാത്രിയില്‍ ഡീഗോയുടെ നിറഞ്ഞ കണ്ണുകള്‍ ചോദിച്ചത്, തനിക്ക് പകരം ആര് എന്നത് തന്നെയായിരുന്നു.
90ല്‍ ഇറ്റലിയില്‍ വിമാനമിറങ്ങുമ്പോള്‍ ഡീഗോ രാജാവായിരുന്നു. നാട്ടുരാജാവ്. എല്ലാം ദൈവത്തിന്റെ കരങ്ങളില്‍ സമര്പ്പിച്ചവന്. ഒരിക്കല്‍ ഇംഗ്ലണ്ടിനെതിരെ കൈ കൊണ്ടു ഗോളടിച്ച ഡീഗോ ഇറ്റലിയില്‍ റഷ്യന്‍ ഗോള്‍ കൈ കൊണ്ട് തടുക്കുകയും ചെയ്തു.
റോജര്‍ മില്ലയുടെ കാമറൂണ്‍ കറുത്ത കുതിരകളായ ആ ലോകകപ്പ് മത്സരങ്ങള്‍ പരുക്കന്‍ അടവുകള്‍ക്ക് കുപ്രസിദ്ധമായി. മറഡോണയ്ക്ക് വേണ്ടി മാത്രം എതിരാളികള്‍ മാരകമായ മുറകള്‍ പുറത്തെടുത്തു. ഡിഫന്‍ഡര്‍മാര്‍ പലരും കശാപ്പുശാലകളില്‍ നിന്ന് നേരെ മൈതാനത്തേക്ക് എത്തിയതു പോലെ കാണപ്പെട്ടു. എന്തിന്, പ്രഗത്ഭനായ ജര്‍മ്മന്‍ സ്ട്രൈക്കര്‍ റൂഡി വോളര്‍ പോലും ഡീഗോയെ മൈതാനത്ത് ചവിട്ടിയരച്ചു.
ബ്രസീല്‍ പക്ഷേ കരുണ കാട്ടി, പന്ത് ഡീഗോയിലെത്താതിരുന്നാല്‍ മാത്രം മതി, അയാള്‍ മൈതാനത്തൊരു കുഞ്ഞാടായിരിക്കും എന്നതായിരുന്നു കാനറികളുടെ ധാരണ. കരേക്ക മുതല്‍ കഫു വരെയുള്ളവര്‍ നിറഞ്ഞാടിയ മത്സരത്തിലെ കൂട്ടപ്പൊരിച്ചിലിനിടയില്‍ ഒരിക്കല്‍, ഒരിക്കല്‍ മാത്രം… പാകത്തിന് കിട്ടിയ പന്തില്‍ ഡീഗോയുടെ കാല് ചുംബിക്കുന്നതേ ലോകം കണ്ടുള്ളൂ. സ്വന്തം ഹാഫില്‍ നിന്ന് മഴവില്ലു പോലെ അത് ഉയര്‍ന്നു പൊന്തി…. അവിടെ അത്ര നേരം ബ്രസീലിയന്‍ ഗോളി ടഫറേലിന് മുന്നില്‍, ഡീഗോയുടെ പാദങ്ങളില്‍ ഹൃദയം കൊരുത്ത് കാത്തു നിന്ന കനീജിയയുടെ കാല്ച്ചുവട്ടിലേക്ക് ലോകത്തിന്റെ ആരവങ്ങള്‍ക്കൊപ്പം ആ മഴവില്ല് പൊട്ടിവീണു. പിന്നെ ചരിത്രം, കരേക്കയും സംഘവും നാട്ടിലേക്ക് വണ്ടി കയറി.
ഫുട്ബോള്‍ ജീവിതമാണ്. ഓരോ ഒന്നരമണിക്കൂറിലും പിറന്ന് കൊഴിയുന്ന ജീവിതം. ഓരോ ലോകകപ്പും ആ ജീവിതത്തിന്റെ വിളവെടുപ്പുകാലവും. വര്‍ഷങ്ങള്‍ നീണ്ട പ്രയത്നത്തിന്റെ, വിയര്‍പ്പിന്റെ, രക്തത്തിന്റെ ഫലം കൊയ്യുന്ന നിമിഷങ്ങള്‍. ഒന്നുമാകാതെ വന്നുമടങ്ങുന്നവര്‍, എന്തെല്ലാമോ ആയി വന്ന് വെറുംകൈയോടെ തല കുമ്പിട്ട് തിരികെ പോകുന്നവര്‍, ഒരു രാത്രികൊണ്ട് രാജാക്കന്മാരാകുന്നവര്‍, മൈതാനങ്ങളില്‍ കണ്ണുനീര് പെയ്ത, ആഹ്ലാദത്തിന്റെ തേന്‍കണം ചിതറിയ രാത്രികളുണ്ട്. ഒരു കൂട്ടരുടെ ആനന്ദം മറ്റ് ചിലര്‍ക്ക് നൊമ്പരമാകുന്ന അനിവാര്യമായ കാഴ്ചകളുണ്ട്. ചതിയിലും വിജയം പതിയിരിക്കുന്നുവെന്ന തിരിച്ചറിവുണ്ട്. സൗഹൃദത്തിന്റെ സ്വേദകണങ്ങള്‍ വീണാണ് ഈ കളിക്ക് കലയുടെ നനവുണ്ടായത്. പങ്കുവയ്ക്കലാണ് പ്രപഞ്ച ജീവിതത്തിന്റെ ആധാരം. ”പരസ്പരം ഭാവയന്തഃ ശ്രേയഃ പരമ വാപ്സ്യഥ” എന്നാണല്ലോ ഗീതാവാക്യവും.
ഒരു കാലില്‍ നിന്ന് മറ്റൊരു കാലിലേക്ക് പന്തിനെ പകര്‍ന്ന് ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റം. ‘പാസ്സിംഗ്’ എന്ന കൊടുക്കല്‍ വാങ്ങലിലൂടെ ഒരു ജീവിതവിജയം. അവിടെ ഇടര്ച്ചയുണ്ടായാല്, സ്വാര്‍ത്ഥം തലപൊക്കിയാല്‍ കളിയുടെ താളം പോകും.
ഈ കളിമൈതാനങ്ങളില്‍ പക്ഷേ മറഡോണ ഒറ്റയാനായിരുന്നു. ആരെക്കാളും ഉയരെ കുതിക്കാന്‍ ശേഷിയുള്ളവര്‍, ഏത് ചങ്ങലപ്പൂട്ടിനെയും ഭേദിക്കാന്‍ കരുത്തുള്ളവന്. അവന്റെ വേഗത്തിനൊപ്പമെത്തുമായിരുന്നില്ല കാറ്റും പ്രകാശവും. ചരിഞ്ഞും ചാഞ്ഞും പുളഞ്ഞും പറന്നും മറഡോണ വരച്ചിട്ട ഡ്രിബ്ലിങ് ഡ്രായിങ്ങുകള്‍ക്ക് പകരം വയ്ക്കാന്‍ ഒന്നുമുണ്ടായിരുന്നില്ല. ഭൂഗോളം ആ പാദങ്ങളിലൊട്ടിയ പന്തുപോലെ എത്രയോ കാലം മറഡോണയ്ക്കൊപ്പം ചലിച്ചു. ലോകം അയാളുടെ പദചലനങ്ങള്‍ക്കൊപ്പം കാറ്റിലാടുന്ന മരച്ചില്ലകള്‍ പോലെ നൃത്തം വച്ചു. മറഡോണ മാന്ത്രികനായി, അത്ഭുതങ്ങള്‍ കാട്ടിയ മിശിഹയായി… ജയമായിരുന്നു ലക്ഷ്യം. മാര്‍ഗം മറഡോണയ്ക്ക് പ്രശ്നമായിരുന്നില്ല. ആകാശത്തേക്ക് നോക്കി എല്ലാം അവന് സമര്‍പ്പിച്ച് മറഡോണ ഓരോ കളിക്കു ശേഷവും ദൈവവചനം പ്രഘോഷണം ചെയ്തു. കളിക്കൊപ്പം ലഹരിയും അയാള്‍ക്ക് കൂട്ടായി. വിവാദങ്ങള്‍ക്കൊപ്പം സഞ്ചരിച്ചു. അപമാനിതനായപ്പോഴും തല ഉയര്‍ത്തിനിന്നു. പിഴച്ചവന്റെ സുവിശേഷമെന്ന് പണ്ഡിതര്‍ പരിഹസിച്ചപ്പോഴും ലോകം അയാളെ വാരിപ്പുണര്‍ന്നു. ആദ്യം കണ്ടപ്പോഴെന്ന പോലെ അവസാനവും അവര്‍ മറഡോണയെ ചുംബിക്കാന്‍ ആര്‍ത്തിരമ്പി…
ഡീഗോ മടങ്ങുകയാണ്… ആ പാദങ്ങള്‍ക്ക് മേല്‍ എത്ര മുഖങ്ങള്‍ നമ്മള് പതിച്ചു നോക്കി. ഒരിക്കല്‍ അത് ഏരിയല്‍ ഒര്‍ട്ടേഗ ആയിരുന്നു. ഒടുവില്‍ ലയണല്‍ മെസ്സിയും. ആര്‍ക്കും ഡീഗോയാകാന്‍ കഴിയില്ലെന്ന് കാലം കാട്ടിത്തന്നു. ചരിത്രമാണ് ആ മനുഷ്യന്. വില്ലനായപ്പോഴും നായകനായവന്. റിയല്‍ ഹീറോ… മടങ്ങിവരവിന്റെ ബാല്യം കൊതിച്ച മാന്ത്രികന്റെ കഥകളുമായി ഇനിയുമെത്രയോ ഫുട്ബോള്‍ രാവുകള്‍. കാല്പനികരും സര്‍ഗധനരുമായ കാല്‍പ്പന്തുകളിക്കാരുടെയും ആസ്വാദകരുടെയും സ്വപ്നസഞ്ചാരങ്ങള്‍ക്ക് കൂട്ടായി അയാളുണ്ട്. ഒരു കൊടുങ്കാറ്റിനെ ഉള്ളിലൊതുക്കിയ ആ ചെറിയ വലിയ മനുഷ്യന്റെ സാന്നിധ്യമുണ്ട്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: