കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയില്‍ കണ്ടെയ്നർ ലോറി കടയിലേക്ക് ഇടിച്ചുകയറി പത്രവിതരണക്കാരന് ദാരുണാന്ത്യം. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരം. പുലര്‍ച്ചെ 5.10നായിരുന്നു നാടിനെ നടുക്കിയ അപകടം. കണ്ടെയ്നർ ലോറിയുടെ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്ന് പ്രാഥമികനിഗമനം.
പത്രവിതരണക്കാരനായ തൊടിയൂര്‍ സ്വദേശി യൂസഫ് ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ബാദുഷ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. കരുനാഗപ്പള്ളിയിലെ പത്രവിതരണക്കാര്‍ അതിരാവിലെ നാലിന് പത്രക്കെട്ടുകള്‍ പരിശോധിച്ച് തരംതിരിക്കാന്‍ ഒത്തുകൂടുന്നത് പടനായര്‍കുളങ്ങര മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള ദേവസ്വം ബില്‍ഡിംഗിലാണ്. ഇവിടേക്കാണ് കണ്ടെയ്നർ ലോറി ഇടിച്ചു കയറിയത്. ലോറി ഡിവൈഡര്‍ തകര്‍ത്ത് പാഞ്ഞുവരുന്നത് കണ്ട് അവിടെയുണ്ടായിരുന്ന ഭൂരിഭാഗം പത്രവിതരണക്കാരും ഓടിമാറി. എന്നാല്‍ യൂസഫിന് രക്ഷപ്പെടാന്‍ സാധിച്ചില്ല. ലോറിയുടെ അടിയില്‍പെട്ടുപോവുകയായിരുന്നു.
നാട്ടുകാരും അപകടവിവരമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും വണ്ടിവെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അപ്രതീക്ഷിതമായാണ് അപകടം ഉണ്ടായതെന്ന് മറ്റ് പത്രവിതരണ ഏജന്റുമാര്‍ പറഞ്ഞു. ഇവര്‍ അതത് സ്ഥലങ്ങളില്‍ വിതരണം ചെയ്യാനുള്ള പത്രം എണ്ണിയെടുക്കുകയായിരുന്നു. അപ്പോഴാണ് കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ മരണം കണ്ടെയ്നർ ലോറിയുടെ രൂപത്തില്‍ പാഞ്ഞെത്തിയത്.
വണ്ടി ദേശീയപാതയ്‌ക്ക് കുറുകെയായാണ് കിടന്നത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ക്രെയിന്‍ ഉപയോഗിച്ച് വണ്ടി മാറ്റിയശേഷമാണ് ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കാനായത്. എറണാകുളത്തു നിന്ന് തിരുവനന്തപുരത്തേക്കു പോകുകയായിരുന്നു ലോറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: