പി.വിപിന്‍
നമ്പര്‍ പത്ത് നിശ്ചലമായിരിക്കുന്നു. ഡിയഗോ അര്‍മാന്‍ഡോ മറഡോണ ലോകത്തിലെ ആരാധകരുടെ സ്വന്തം ദൈവം തന്റെ പ്രാണവായു ഫുട്ബോളിലേക്ക് പകര്‍ന്ന് വിട പറഞ്ഞിരിക്കുന്നു. അര്‍ജന്റീനക്കാരുടെ മാത്രമല്ല ലോകജനതയുടെ സിരകളിലേക്ക് ഫുട്ബോളിന്റെ ആവേശം നിറച്ച മഹാപ്രതിഭയാണ് മറഡോണ. ഫുട്ബോളിനെ കുറിച്ച് കേട്ടു തുടങ്ങിയ കാലം മുതല്‍ കേട്ട പേരാണ് ഫുട്ബോള്‍ ദൈവത്തിന്റേത്. ആറ് കളിക്കാരെ മറികടന്ന് ഗോള്‍നേടിയ സൂപ്പര്‍മാന്‍ ലോകം മുഴുവനുമുള്ള ഫുട്ബോള്‍ ആരാധകരെ തന്നിലേക്ക് അടുപ്പിക്കുകയായിരുന്നു. ഫുട്ബോള്‍ മൈതാനങ്ങളില്‍ ഏറ്റവുമധികം ഉയര്‍ന്നു കേട്ട പേരും അതായിരിക്കും.
അര്‍ജന്റീനയിലെ ഒരു ചേരിയില്‍ ജനിച്ച മറഡോണയുടെ ബാല്യകാലം ദുരിതപൂര്‍ണമായിരുന്നു. കുട്ടിക്കാലത്ത് സ്‌കൂളിലേക്ക് നടന്നു പോകുമ്പോള്‍ തെരുവിലും റെയില്‍പ്പാളങ്ങളിലും പന്ത് തട്ടി കളിച്ചത് അദ്ദേഹം തന്റെ ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. കുതിരയുടെ മേച്ചില്‍ പുല്‍മൈതാനങ്ങളായിരുന്നു അദ്ദേഹത്തിന്റെ ആദ്യമൈതാനം.
ഒമ്പതാമത്തെ വയസ്സില്‍ അര്‍ജന്റീനയുടെ ജൂനിയര്‍ ടീമിലേക്കുള്ള ട്രയല്‍സില്‍ പങ്കെടുക്കുമ്പോഴാണ് ലിറ്റില്‍ ഒനിയന്‍സ് എന്ന ക്ലബിന് വേണ്ടി മറഡോണയെ തെരഞ്ഞെടുക്കുന്നത്. ക്ലബിനുവേണ്ടി 136 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു. 12-ാമത്തെ വയസ്സില്‍ ഒരു പ്രൊഫഷണല്‍ ബോള്‍ ബോയി ആയ മറഡോണ മത്സരത്തിന്റെ ഇടവേളയില്‍ തന്റെ കഴിവുകള്‍ പുറത്തെടുത്ത് കാണികളുടെ ഹരമായി മാറി. ഈ പ്രകടനം കണ്ട ഒരു ടെലിവിഷന്‍ ചാനല്‍ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ ക്ഷണിക്കുകയും ചെയ്തു. ഇതോടെ അര്‍ജന്റീനക്കാരുടെ മനസ്സില്‍ കുഞ്ഞു പ്രസിദ്ധി നേടുകയും ചെയ്തു.
1977ല്‍ 16-ാം വയസ്സില്‍ മറഡോണ അര്‍ജന്റീനയുടെ ദേശീയ ടീമിന്റെ ഭാഗമായി. 1978ലെ വേള്‍ഡ് കപ്പ് മത്സരത്തിനുള്ള ടീമിലേക്ക് കോച്ച് മേനോട്ടി അദ്ദേഹത്തിന് അവസരം നിഷേധിച്ചു. ആ വര്‍ഷം അര്‍ജന്റീന വേള്‍ഡ് കപ്പ് നേടി. കൊച്ചു മറഡോണയുടെ ഹൃദയം തകര്‍ന്ന സംഭവമായിരുന്നു അത്.
അര്‍ജന്റീനയിലെ പ്രശസ്തമായ ബൊക്ക ജുനിയേഴ്സില്‍ നിന്നാണ് യൂറോപ്പിലെ പ്രശസ്തമായ ബാര്‍സലോണയില്‍ അദ്ദേഹം ചേരുന്നത്. അവിടെ രണ്ടു വര്‍ഷം കളിക്കുകയും ചെയ്തു. പിന്നീട് ആണ് നേപ്പിള്‍സ് എന്ന തെക്കന്‍ ഇറ്റലിയിലെ പാവപ്പെട്ടവരുടെ നഗരത്തിലെ ഏറ്റവും വിലകൂടിയ താരമായി അദ്ദേഹം മാറുന്നത്. നോര്‍ത്ത് ഇറ്റലി എന്ന അതിസമ്പന്നരുടെ നിഴലില്‍ അപമാനിതരായി നില്‍ക്കുന്ന സൗത്ത് ഇറ്റലിയിലെ പാവപ്പെട്ടവരുടെ ഫുട്ബോള്‍ ദൈവം ആയിരുന്നു മറഡോണ. അവരുടെ സ്നേഹത്തിന് അവരുടെ അഭിമാനം വാനോളം ഉയര്‍ത്തി അന്നുവരെ തെക്കന്‍ ഇറ്റലിക്കാര്‍ക്ക് അപ്രാപ്യം ആയ കിരീടം രണ്ടു വട്ടം നപ്പോളി എന്ന ക്ലബിലൂടെ ആ ജനതയ്‌ക്ക് തിരിച്ചുനല്‍കി.
മറഡോണയും നേപ്പിള്‍സുമായുള്ള ബന്ധത്തിന് ഒരുപാട് ഉദാഹരണങ്ങള്‍ ഉണ്ട്. 1990ല്‍ ഇറ്റലി ആദിത്യം വഹിച്ച ലോകകപ്പില്‍ അര്‍ജന്റീനയുടെ ദേശീയ ഗാനത്തിന് കാണികള്‍ നല്‍കിയ നിര്‍ത്താതെയുള്ള ഹര്‍ഷാരവം ഇതിന് തെളിവാണ്. തന്നെ സംബന്ധിച്ചിടത്തോളം അതു തന്നെ ഒരു ജയമായിരുന്നു, ഞാന്‍ സ്തബ്ദനായിരുന്നു, അവര്‍ എല്ലാവരും എന്റെ ജനതയാണ്.
ഒരു ജനതയുടെ പ്രതികാരദാഹവുമായി 1986ല്‍ വേള്‍ഡ് കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന നേരിടുന്നത് തങ്ങളെ നാലുവര്‍ഷം മുമ്പ് ഫാല്‍ക്ക്ലാന്റ് യുദ്ധത്തില്‍ തോല്‍പ്പിച്ച ഇംഗ്ലണ്ടിനെയായിരുന്നു. മറഡോണ എന്ന ഒറ്റയാന്‍ പോരാളി ഇംഗ്ലണ്ടിന്റെ നെഞ്ചകം തകര്‍ത്ത മനോഹരമായ ചരിത്രം ആഘോഷിച്ചത് നൂറ്റാണ്ടിലെ അതിമനോഹരമായ ഗോളും ദൈവത്തിന്റെ ഗോളും കൊണ്ടാണ്.
ഒരു കുട്ടിയുടെ നിഷ്‌കളങ്കമായ ചിരിയോടെ പന്തുമായി ജീവിതനൃത്തം ആടുന്ന ആ മഹാനുഭാവന്റെ ജീവിത പാളിച്ചകളെ അദ്ദേഹം ഇങ്ങനെ ഒരിക്കല്‍ പങ്കുവെക്കുകയുണ്ടായി ” പന്തിന് ഒരിക്കലും കറപിടിക്കില്ല. കാലിലെ താളം ലോകഹൃദയതാളമാക്കിയ മറഡോണയ്‌ക്ക് പ്രണാമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: