മുംബൈ: നടി കങ്കണാ റണാവത്തിന്റെ കെട്ടിടം പൊളിച്ച സംഭവത്തില്‍ മുംബൈ കോര്‍പറേഷന്റെ നടപടി തെറ്റാണെന്ന് ബോംബെ ഹൈക്കോടതി. പ്രതികാര ബുദ്ധിയോടെയുള്ള നടപടിയാണെന്നതിന് സാഹചര്യത്തെളിവുകളുണ്ടെന്നും കോടതി വിലയിരുത്തി. നിയമസഹായം തേടാനുള്ള സാവകാശം കങ്കണയ്ക്ക് നിഷേധിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി. കെട്ടിടം പൊളിക്കാനുള്ള ഉത്തരവ് റദ്ദാക്കി. കെട്ടിടത്തിനുണ്ടായ നഷ്ടം തിട്ടപ്പെടുത്താന്‍ സര്‍വേയറെ നിയോഗിച്ച കോടതി മാര്‍ച്ചിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശിച്ചു.
സംഭവത്തില്‍ മുംബൈ മുന്‍സിപ്പല്‍ കോര്പറേഷന് കോടതി നോട്ടിസ് നല്കി. തനിക്ക് നഷ്ടപരിഹാരം വേണമെന്ന കങ്കണയുടെ ആവശ്യം പരിഗണിച്ചാണ് നഷ്ടം തിട്ടപ്പെടുത്താന്‍ സര്‍വേയറെ ചുമതലപ്പെടുത്തിയത്. മഹാരാഷ്ട്ര സര്‍ക്കാരിനും ശിവസേനയ്ക്കുമെതിരെ കങ്കണ നടത്തിയ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ സെപ്റ്റംബറിലായിരുന്നു മുംബൈ പാലിയിലെ കെട്ടിടത്തിന്റെ ഒരുഭാഗം മുംബൈ കോര്പറേഷന് പൊളിച്ചത്. അനധികൃതമായി പണിത കെട്ടിടഭാഗമാണ് പൊളിച്ചുനീക്കിയതെന്നാണ് കോര്‍പറേഷന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: