ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രസാക്ഷാത്കാരത്തിനായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ഏഴാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവം നവംബർ 28 ശനിയാഴ്ച്ച അരങ്ങേറും. കഴിഞ്ഞ വർഷം യുകെയിലെമ്പാടുമുള്ള ഇരുന്നൂറോളം സംഗീതോപാസകർ ലണ്ടൻ ചെമ്പൈ സംഗീതോത്സവത്തിൽ സംഗീതാർച്ചന നടത്തിയിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ ഇത്തവണ ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ഫേസ്ബുക് പേജ് വഴിയാണ് സംഗീതോത്സവം നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നത്. നവംബർ 28 ന് യുകെ സമയം ഉച്ചക്ക് 2 മണിക്ക് (ഇന്ത്യൻ സമയം വൈകിട്ട് 7:30) സംഗീതോത്സവം സംപ്രേക്ഷണം ആരംഭിക്കും.
ചെമ്പൈ സ്വാമികളുടെ പരമ്പരയിൽ പെട്ട ആദിത്യൻ ശിവകുമാറിന്റെ തത്സമയ അഷ്ടപദി സംഗീതാർച്ചനയോടെ സംഗീതോത്സവം ആരംഭിക്കും. പ്ലസ് വൺ വിദ്യാർഥിയായ ആദിത്യൻ ഗുരുവായൂർ ദേവസ്വത്തിലെ കൃഷ്ണനാട്ടം കലാകാരൻ ഡോ.പി ആർ ശിവകുമാറിന്റെ മകനാണ്. ക്ളാസിക്കൽ കർണാടക സംഗീതത്തിലും അഷ്ടപദിയിലും പ്രാവീണ്യം തെളിയിച്ച ആദിത്യൻ 2019 കേരള സംസ്ഥാന കലോത്സവത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.
പിന്നണി ഗായകനും, കർണാടിക് സംഗീതജ്ഞനുമായ മുരളി രാമനാഥനും മകൾ ആദിത്യ മുരളിയും ചേർന്ന് അവതരിപ്പിക്കുന്ന സംഗീതാർച്ചന പിന്നീട് സംപ്രേക്ഷണം ചെയ്യും. ഏഴാം വയസ്സ് മുതൽ സംഗീതം അഭ്യസിക്കുന്ന മുരളി രാമനാഥൻ ഇപ്പോൾ പ്രശസ്ത സംഗീതജ്ഞൻ പെരുമ്പാവൂർ ജി രവീന്ദ്രനാഥിന്റെ ശിഷ്യനാണ്. വിവിധ തെന്നിന്ത്യൻ സിനിമകളിലും ആൽബങ്ങളിലും പാടിയിട്ടുള്ള മുരളി രാമനാഥൻ 2007 ലെ ഐഡിയ സ്റ്റാർ സിങ്ങർ മത്സരാർഥിയുമായിരുന്നു.
തന്റെ അഞ്ചാം വയസ്സിൽ അച്ഛൻ മുരളി രാമനാഥന്റെ ശിക്ഷണത്തിൽ സംഗീതാഭ്യാസം ആരംഭിച്ച ആദിത്യ മുരളി പിന്നീട് ശ്രീമതി ശ്രീകല രവീന്ദ്രൻ, വന്ദന കൃഷ്ണമൂർത്തി എന്നീവരുടെ ശിക്ഷണത്തിലും സുബ്രഹ്മണ്യം അക്കാദമി ഓഫ് പെർഫോമിംഗ് ആർട്ട്സിലും സംഗീതം അഭ്യസിച്ചു. NIE Times ഗീത് സംഗീത് , ഗ്യാന സമാജ സഭ Annual Competitions മുതലായ മത്സരങ്ങളിൽ വിജയിയായ ആദിത്യ Young Artiste 2020 for Carnatic Music ൽ രാജ്യാന്തര തലത്തിൽ ആദ്യ 25 ഗായകരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഈ വർഷം ഗുരുവായൂർ ഏകാദശിയോട് അനുബന്ധിച്ചു നടത്തിയ ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം 2020 ലെ പഞ്ചരത്നകീർത്തനാലാപനം സംപ്രേക്ഷണം ചെയ്ത് ലണ്ടൻ ചെമ്പൈ സംഗീതോത്സവത്തിന് പരിസമാപ്തി കുറിക്കും. ഗുരുവായൂർ ഏകാദശി സംഗീതോത്സവത്തിനെ അനുസ്മരിച്ചു നടത്തുന്ന ലണ്ടൻ ചെമ്പൈ സംഗീതോത്സവത്തിൽ ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിലെ ത്യാഗരാജ സ്വാമി വിരചിതമായ പഞ്ചരത്ന കീർത്തനം സംപ്രേക്ഷണം ചെയ്യുവാൻ സാധിക്കുന്നതിൽ അതീവ സന്തോഷമുണ്ടെന്ന് സംഘാടകർ അറിയിച്ചു. സംപ്രേക്ഷണത്തിനു വേണ്ട സഹായങ്ങൾ നൽകിയ രഞ്ജിത്ത് ഗുരുവായൂരിനും ബാല ഗുരുവായൂരിനും ഭാരവാഹികൾ പ്രത്യേക നന്ദി അറിയിച്ചു. എല്ലാവര്ഷത്തെയും പോലെ രാജേഷ് രാമന്റെ നേതൃത്വത്തിലാണ് ലണ്ടൻ ചെമ്പൈ സംഗീതോത്സവം അരങ്ങേറുന്നത്.
ലോകൈശ്വര്യത്തിനും രോഗമുക്തിക്കും ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നതിനോടൊപ്പം എല്ലാ സഹൃദയരെയും ഏഴാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവത്തിലേക്ക് ഭഗവത് നാമത്തിൽ സ്വാഗതം ചെയ്യുന്നതായി ലണ്ടൻ ഹിന്ദു ഐക്യവേദിയെ പ്രതിനിധീകരിച്ച് തെക്കുമുറി ഹരിദാസും തേമ്പലത്ത് രാമചന്ദ്രനും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: