പൂവാര്‍: പൂവാര്‍ സ്വദേശിയായ പതിനാറുകാരനെ കാഞ്ഞിരംകുളം പോലീസ് മര്‍ദിച്ച് അവശനാക്കി. അടി കൊണ്ട് നിലത്ത് വീണെങ്കിലും വീണ്ടും താഴെയിട്ട് വീണ്ടും മര്‍ദിച്ചു. പൂവാര്‍ ചന്തവിളാകം വീട്ടില്‍ സെബസ്ത്യന്‍ എസ്. ലിജിനാണ് മര്‍ദനമേറ്റത്.
കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ ചപ്പാത്ത് പാലത്തിന് സമീപം കാഞ്ഞിരംകുളം പോലീസിന്റെ വാഹന പരിശോധന നടക്കുന്നതിനിടയിലാണ് സെബസ്ത്യന്‍ എസ്. ലിജിന്റെ സഹോദരീ ഭര്‍ത്താവായ പ്രബീഷിനെയും പ്രബീഷിന്റെ ബൈക്കിന് പിന്നിലിരുന്നെത്തിയ സെബസ്ത്യന്‍ എസ്. ലിജിനെയും പോലീസ് തടഞ്ഞുവെച്ചത്.
ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലായെന്ന പേരില്‍ രണ്ടു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച ഇവരെ രണ്ടു മണിക്കൂറോളം സ്റ്റേഷനില്‍ പിടിച്ചിരുത്തി. രണ്ട് ജാമ്യക്കാരെ കൊണ്ടുവരാനും പറഞ്ഞു. ജാമ്യക്കാര്‍ ഉടനെത്തിയ വിവരം ഇവര്‍ പോലീസിനെ അറിയിച്ചു. മത്സ്യതൊഴിലാളികളായ തങ്ങള്‍ക്ക് 4 മണിക്ക് കടലില്‍ മത്സ്യബന്ധനത്തിന് പോകാനുള്ളതിനാല്‍ നടപടികള്‍ കഴിവതും വേഗം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടതിനിടയില്‍ ”നീയൊക്കെ ഞങ്ങളെ നിയമം പഠിപ്പിക്കണ്ട” എന്നാക്രോശിച്ച് കൊണ്ട് ലിജിനെയും പ്രബീഷിനേയും പോലീസ് ലാത്തികൊണ്ട് മുതുകത്ത് അടിക്കുകയായിരുന്നു.
അടി കൊണ്ട് നിലത്തു വീണ ലിജിനെ പോലീസുകാര്‍ ഷൂസിട്ട് ചവിട്ടി. ഇതിനിടയിലേക്ക് വന്ന പ്രബീഷിനേയും പോലീസ് മര്‍ദിക്കുകയായിരുന്നു. ഇതിനിടെ ജാമ്യത്തിലിറക്കാന്‍ വന്ന രണ്ടു പേരെയും വിരട്ടിയോടിച്ചു. ലിജിന്‍ അവശനിലയിലായതിനെ തുടര്‍ന്ന് വൈകിട്ട് 5.30 ഓടെ ഇവരുടെ പക്കല്‍ നിന്ന് 1000 രുപ വാങ്ങിയ ശേഷം 5000 രൂപ കോടതിയില്‍ അടയ്ക്കണമെന്ന് നിര്‍ദേശിച്ച ശേഷം ജാമ്യക്കാരോടൊപ്പം വിട്ടയയ്ക്കുകയായിരുന്നു. ലിജിന്റെ മൊബൈല്‍ ഫോണ്‍, പ്രബീഷിന്റെ ബൈക്ക് എന്നിവ സ്റ്റേഷനില്‍ വാങ്ങി വച്ചു. അവശനിലയിലായ ലിജിന്‍ പൂവാര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടി.
പതിനാറു വയസായ ലിജിനെ പോലീസ് അകാരണമായി മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ബന്ധുക്കള്‍ ഡിജിപിക്കും ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിനു കേസ് എടുത്തിട്ടുണ്ടെന്നും അല്ലാതെ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ലിജിനെതിരെ കേസെടുത്തിട്ടിെല്ലന്നും മര്‍ദനം കെട്ടുകഥയാണന്നുമാണ് കാഞ്ഞിരംകുളം പോലീസിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: