കേരളം മുമ്പെങ്ങും കണ്ടിട്ടില്ലാത്ത ഭരണ വൈകൃതമാണല്ലോ ഇന്ന്. എല്ലാം ശരിയാക്കാന്‍ ഒരുങ്ങി പുറപ്പെട്ട് ഒന്നും നടക്കാതായി പിന്നെ ഒരുങ്ങിയത് ജനങ്ങളെ ശരിയാക്കാന്‍. അതിനായി കച്ചമുറുക്കി. കച്ചയ്ക്ക് പകരം അരയില്‍ മുറുക്കിയത് ഉറുമിയായിപ്പോയി. പ്രയോഗിക്കാന്‍ പിടിപാടില്ലാത്തവന് ഉറുമിയുമായി ഇറങ്ങിയാല്‍ സ്വന്തം കഴുത്തിലാകും അത് മുറുകുക. അതാണിപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് സംഭവിച്ചത്. മാധ്യമമാരണനിയമം ഉറുമിപോലെയായി. അതില്‍ നിന്ന് തലരക്ഷിക്കാന് നന്നായി വിയര്‍ക്കേണ്ടിയും വന്നു. ചത്തകുഞ്ഞിന്റെ ജാതകം നോക്കണോ എന്ന് സംശയം വരാം എന്നാലും പറയണമല്ലോ.
ഇന്ദിരാഗാന്ധി നയിച്ച കേന്ദ്രഭരണത്തിലെ അഴിമതിക്കെതിരെ ശക്തമായ ജനമുന്നേറ്റം. ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയ കോടതിവിധി. ഉറക്കപ്പൊറുതി മുട്ടിയപ്പോഴാണ് ഇന്ദിരാഗാന്ധിയിലെ സ്വേച്ഛാധിപതി ഉണര്‍ന്നത്. തുടര്‍ന്നാണ് 1975 ജൂണ്‍ 25 ന് അടിയന്തിരാവസ്ഥാ പ്രഖ്യാപനം. തുടര്‍ന്നുള്ള നടപടികള്‍ രാജ്യം കണ്ടതാണ്. ആയിരക്കണക്കിന് ദേശീയ നേതാക്കളെ തടവിലിട്ടു. പ്രതിഷേധ സ്വരമുയര്‍ത്തിയ യുവതുര്‍ക്കികളായ കോണ്‍ഗ്രസ് നേതാക്കളെയും തുറുങ്കിലിട്ടു. ഇതൊന്നും പുറം ലോകം അറിയാതിരിക്കാന്‍ പത്രമാധ്യമങ്ങളുടെ വായമൂടിക്കെട്ടി. ‘അന്തംവിട്ട പ്രതി എന്തും ചെയ്യും.’ എന്നുപറയാറുണ്ടല്ലോ. അത് തന്നെയാണ് ഇന്ന് കേരളത്തിന്റെയും അവസ്ഥ. ആസൂത്രിതമായ അഴിമതിയും നിഗൂഡമായ ഒരു സമഗ്രാധിപത്യ ഭരണവും കേരളത്തില്‍ നിലനില്ക്കുന്നു. ചൊല്‍പ്പടിക്ക് നില്ക്കുന്ന ഉദ്യോഗസ്ഥ വൃന്ദത്തിന്റെ താന്തോന്നിത്തങ്ങളാല് കേരളം ഗുരുതരമായ പ്രതിസന്ധിയെ നേരിടുന്നു. ഇന്നലെ ഭരിച്ചവരുടെയും ഇന്ന് ഭരിക്കുന്നവരുടെയും ജനദ്രോഹ ചെയ്തികള്‍ക്ക് സമാനതകളേറെ. യുഡിഎഫ് ഭരണകാലത്ത് നടന്ന ബാര്‍കോഴ നാലേമുക്കാല്‍ വര്‍ഷം തികയാന്‍ പോകുമ്പോഴാണ് എല്‍ഡിഎഫ് പുറത്തെടുക്കുന്നത്. രണ്ടും ഒരേ കള്ളനാണയത്തിന്റെ ഇരുപുറങ്ങളെന്ന് ജനങ്ങളും മാധ്യമങ്ങളും തിരിച്ചറിയുകയും പുറംലോകത്തോട് വിളിച്ചുപറയുകയും ചെയ്യുമ്പോഴാണ് സ്വതന്ത്രമായി അഭിപ്രായം പറയുന്ന വ്യക്തികളെയും പത്രമാധ്യമങ്ങളെയും പൂട്ടാന്‍ പിണറായി വിജയന് സര്‍ക്കാര്‍ പോലീസ് ആക്ടില്‍ ഭേദഗതി വരുത്താന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്.
ഓര്‍ഡിനന്‍സ് പെട്ടെന്ന് പൊട്ടിമുളച്ചതൊന്നുമല്ല. മുഖ്യമന്ത്രിയുടെയും പാര്‍ട്ടി നേതാക്കളുടെയും സ്വരവും സമീപനങ്ങളും അപകടസൂചന നേരത്തെ നല്‍കിയതാണ്. ആദ്യം സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാന്‍ തീരുമാനമെടുത്തു. പിന്നീട് പോലീസ് ആക്ടിലെ ഭേദഗതിയും. ഓര്‍ഡിനന്‍സിലൂടെ വന്ന നിയമപ്രകാരം കേസെടുക്കരുതെന്ന് ഇപ്പോള്‍ ഡിജിപി സര്‍ക്കുലര്‍ ഇറക്കി. തല്ക്കാലം നടപ്പാക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതായും പറയുന്നു. ഈ പതുങ്ങല് നല്കുന്ന സൂചന വ്യക്തമാണ്. തഞ്ചം കിട്ടിയാല്‍ കുതിക്കും. മാധ്യമങ്ങളെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും അടിച്ചമര്‍ത്തും. അത് പിണറായി വിജയന് എന്ന വ്യക്തിയുടെ മാത്രം കുറ്റമായി കാണാനെങ്ങനെ കഴിയും? മരത്തിന് വളവുണ്ടാകാം. അതിനേക്കാള്‍ ഭയങ്കരമാണ് പണിക്കാരന്റെ ഇരുത്തം.
ഹിറ്റ്ലര്‍, മാവോ, സ്റ്റാലിന് എന്നിവരാണ് കമ്യൂണിസ്റ്റുകാരുടെ മാതൃക. സാമൂഹിക ജീവിതത്തിന്റെ സകലമേഖലകളും അവരുടെ നീരാളിപ്പിടുത്തത്തില്‍ ഒതുക്കുവാനാണ് ശ്രമം. ചരിത്രബോധവും സാമൂഹികമായ ഉള്‍ക്കാഴ്ചയുമുള്ള ഏതൊരാള്‍ക്കും മാര്‍ക്സിസ്റ്റുപാര്‍ട്ടിയും അവരുടെ മുന്നണികളും ഇപ്പോള്‍ ചെയ്യുന്നത് തുടങ്ങിയത് ചൈനയിലാണല്ലോ. മാവോയുടെ സാംസ്ക്കാരിക വിപ്ലവമാണ് കേരളത്തില്‍ തുടങ്ങാന്‍ ലക്ഷ്യമിട്ടത്.
”വിപ്ലവം ഒരു അത്താഴവിരുന്നല്ല, അത് ഒരു ഉപന്യാസമെഴുത്തോ ചിത്രരചനയോ അല്ല. പട്ടുതൂവാലയില്‍ ചിത്രതുന്നലുകള്‍ നടത്തുന്നതുപോലെയല്ല വിപ്ലവം.മഹാമനസ്കമായ ഒരു പ്രവൃത്തിയല്ല അത്, മര്യാദയോ, ദയയോ പ്രതീക്ഷിക്കാവുന്ന ഒന്നുമല്ല വിപ്ലവം. വിപ്ലവം എന്നത് ഒരു വര്‍ഗ്ഗം മറ്റൊരു വര്‍ഗ്ഗത്തെ അക്രമത്തിന്റെ മാര്‍ഗ്ഗത്തിലൂടെ കീഴ്പെടുത്തുന്ന ഒരു പ്രക്രിയയാണ്.” എന്നാണ് മാവോ പറഞ്ഞത്. മാവോ വിപ്ലവം കേരളത്തില്‍ നടപ്പാക്കാന്‍ പിണറായി കരുതിയ ഉറുമി ഒടുവില്‍ ഉപേക്ഷിക്കേണ്ടിവന്നു. പുതുക്കിയ പോലീസ് നിയമത്തിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപക പ്രതിഷേധം സമൂഹത്തിന്റെ നാനാ ഭാഗത്തു നിന്നും ഉയര്‍ന്നു.
സാമൂഹിക സാംസ്കാരിക മേഖലയില്‍ നിന്നും ഇടത് സഹയാത്രികര്‍ക്കിടയില്‍ നിന്ന് പോലും കടുത്ത വിമര്‍ശനം ഉയര്‍ന്നു. ഇതോടെ സര്‍ക്കാര്‍ വെട്ടിലായി. സാധാരണ അവൈലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിനെത്താത്ത മുഖ്യമന്ത്രി പിണറായി വിജയന് എകെജി സെന്ററിലെത്തി വിവാദം സംബന്ധിച്ച് വിശദീകരണം നല്കി.
സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും എതിരെ ഉള്പ്പടെയുണ്ടാകുന്ന അപകീര്‍ത്തിപരവും അശ്ലീലം കലര്‍ന്നതുമായ പ്രചാരണങ്ങള്‍ക്കെതിരെ നിയമത്തിന്റെ വഴി സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നിയമഭേദഗതി കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി അവയ്ലബിള് സെക്രട്ടേറിയറ്റില്‍ ന്യായീകരിച്ചു. പക്ഷേ ഫലമുണ്ടായില്ല.
ആരും അറിയാതെ മുഖ്യമന്ത്രിക്ക് മാത്രമായി ഇത്തരം ഒരു ഓര്‍ഡിനന്‍സ് ഇറക്കാന്‍ കഴിയില്ല. എതിര്‍പ്പുയര്‍ന്നപ്പോള്‍ ചിലര്‍ തള്ളിപ്പറയുന്നു. കൈമലര്‍ത്തുന്നു. ഏതായാലും ചൈനയിലെ ഏകാധിപത്യനയം കേരളത്തില്‍ നടപ്പാക്കാന്‍ പിണറായിയില്‍ നിന്നെത്തിയ മാവോ ആകാനാണ് വിജയന്റെ ശ്രമം. പക്ഷേ, ഇത് ഇന്ത്യയാണ്. കേരളമാണ്. ഇത് കേരളമാണ് ഇങ്ങോട്ടാരും വരേണ്ടെന്ന മുട്ടാപ്പോക്കുകൊണ്ടൊന്നും പിടിച്ചുനില്‍ക്കാനാവില്ല.
മാധ്യമ സിന്‍ഡിക്കേറ്റെന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ കുറ്റപ്പെടുത്തിയ പിണറായി വിജയന് മുഖ്യമന്ത്രിയായപ്പോള്‍ ഭാവം മാറ്റി. മാധ്യമപ്രവര്‍ത്തകരോട് ‘കടക്ക് പുറത്ത്’ എന്ന് ആജ്ഞാപിച്ചത് പിണറായിയിലെ വീട്ടില്‍ വച്ചല്ല. സര്‍ക്കാര്‍ അതിഥിമന്ദിരത്തില്‍ നിന്നാണ്. അതേതെങ്കിലും ഒരാളുടെ സ്വകാര്യസ്ഥലമല്ല. പൊതുസ്വത്താണ്. ഇന്ദിരാഗാന്ധി മുട്ടുമടക്കാന്‍ പറഞ്ഞപ്പോള്‍ മുട്ടില്‍ ഇഴഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ അന്നുണ്ടായിരുന്നു. അതുപോലും ഇല്ലാത്ത കാലമാണിതെന്ന് ഓര്‍ക്കണമായിരുന്നു. പിന്‍വലിക്കല്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടതോടെ 118 എ ശവപ്പെട്ടിയിലായി.
സോളാറും സരിതയും അരങ്ങുവാണ കാലമുണ്ടായിരുന്നല്ലൊ. മുഖ്യമന്ത്രി രാജിവയ്ക്കും വരെ സെക്രട്ടേറിയറ്റ് വളയാന്‍ ഒരുങ്ങി. പാതിവഴിക്ക് ഉപേക്ഷിക്കുകയും ചെയ്തു. ഈ സര്‍ക്കാര്‍ അധികാരത്തിലേറി ഒരുവര്‍ഷം തികഞ്ഞപ്പോള്‍ ഒരു കുറ്റപത്രം തയ്യാറാക്കി.
2017 ഒക്ടോബര്‍ 11 ന്. യുഡിഎഫിന് സൂര്യാഘാതം എന്നാണന്നത്തെ പത്രത്തിന്റെ തലക്കെട്ട്. അന്ന് വി.എസ്. അച്യുതാനന്ദന് പറഞ്ഞു. ”നാണമുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന നേതാക്കളും പൊതുപ്രവര്‍ത്തനം മതിയാക്കണം. ജനങ്ങളോട് മാപ്പ് പറയണം.” അന്ന് സരിതയാണെങ്കില്‍ ഇന്ന് സ്വപ്ന. സോളാറിന് പകരം സ്വര്‍ണം. ഭരണമാകെ കെട്ടുനാറി. മുഖ്യമന്ത്രിക്ക് പിടിവള്ളിപോലും പുലിവാലായി. വി.എസ്. ഇന്ന് പറയുമോ രാജിവച്ച് ജനങ്ങളോട് മുഖ്യമന്ത്രി മാപ്പുപറയണമെന്ന്? അതോ കാബിനറ്റ് പദവിയാണ് ഗുണകരമെന്ന് കരുതിയിരിക്കുമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: